എയർബാഗ് തകരാർ: 10 ലക്ഷം കാർ കൂടി പരിശോധിക്കാൻ ഹോണ്ട

യു എസ് സുരക്ഷാ പരിശോധകരുടെ നിർദേശപ്രകാരം തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗ് ഘടിപ്പിച്ച 10 ലക്ഷത്തിലേറെ കാറുകൾ കൂടി തിരിച്ചുവിളിക്കാൻ ഹോണ്ട തീരുമാനിച്ചു. ഈർപ്പമേറിയ കാലാവസ്ഥയുള്ള യു എസ് സംസ്ഥാനങ്ങളിൽ വിറ്റ കാറുകളെല്ലാം തിരിച്ചു വിളിച്ചു പരിശോധിക്കാനാണു ജാപ്പനീസ് നിർമാതാക്കളുടെ തീരുമാനം; ഇതോടെ 2001 — 2005 കാലത്തു വിറ്റ ‘സിവിക്’ കാറുകളും 2003 — 2007 കാലത്തു വിറ്റ ‘അക്കോഡും’ തിരിച്ചുവിളിക്കേണ്ടി വരും.

ഹോണ്ട കാറുകളുടെ ഇക്കൊല്ലത്തെ വിൽപ്പന കണക്കിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് സെഡാനുകളായ ‘സിവിക്കും’ ‘അക്കോഡും’. ഈർപ്പമേറിയ മേഖലകളിൽ വിറ്റ മൂന്നര ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു രണ്ടാഴ്ച മുമ്പ് ഹോണ്ട പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പരിശോധന രാജ്യവ്യാപകമാക്കണമെന്നായിരുന്നു നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷ(എൻ എച്ച് ടി എസ് എ)ന്റെ നിലപാട്. ഡ്രൈവറുടെ ഭാഗത്തെ എയർബാഗിന്റെ നിർമാണ പിഴവിനുള്ള സാധ്യത മുൻനിർത്തി ഹോണ്ട രാജ്യവ്യാപകമായി തന്നെ പരിശോധന പ്രഖ്യാപിച്ചിരുന്നു.

എയർബാഗ് ഇൻഫ്ളേറ്ററിൽ തകാത്ത കോർപറേഷൻ ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിർമിത ചെറു പേടകം പൊട്ടിത്തെറിച്ച് മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താനുള്ള സാധ്യതയാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ എയർബാഗ് പൊട്ടിത്തെറിച്ച് ആഗോളതലത്തിൽ ഏഴു പേർ മരിക്കുകയും നൂറോളം പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണു കണക്ക്.

കഴിഞ്ഞ ആഴ്ച ലൂസിയാനയിൽ കൈലാൻ ലാങ്ലിനൈസ്(22) മരിച്ചത് എയർബാഗ് തകരാർ മൂലമാണെന്നു ഹോണ്ട സ്ഥിരീകരിച്ചിരുന്നു. താൻ ഓടിച്ചിരുന്ന 2005 മോഡൽ ‘അക്കോഡ്’ പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലു ദിവസത്തെ ചികിത്സയ്ക്കു ശേഷം ഏപ്രിൽ ഒൻപതിനായിരുന്നു യുവതിയുടെ മരണം.

യു എസ് സർക്കാരിന്റെ സമ്മർദഫലമായി കമ്പനിയുടെ എയർബാഗുകൾക്കു നിർമാണതകരാറുണ്ടെന്നു തകാത്ത കഴിഞ്ഞ മാസം സമ്മതിച്ചിരുന്നു. തുടർന്ന് വിവിധ നിർമാതാക്കളുടെ വാഹനങ്ങളിൽ ഘടിപ്പിച്ച 3.38 കോടിയോളം എയർബാഗുകൾ പരിശോധിക്കാനും തകാത്ത നടപടി തുടങ്ങി. ഇതോടെ യു എസ് ചരിത്രത്തിൽ തന്നെ വാഹനം തിരിച്ചുവിളിച്ചുള്ള ഏറ്റവും വലിയ പരിശോധനയ്ക്കാണു സാഹചര്യമൊരുങ്ങിയത്. ചില കാറുകളിലാവട്ടെ ഡ്രൈവറുടെയും യാത്രക്കാരുടെയും ഭാഗത്തെ എയർബാഗുകൾ തകാത്ത നിർമിച്ചു നൽകിയവയാണ്.

മൊത്തം 11 നിർമാതാക്കൾ വിറ്റ കാറുകളും ട്രക്കുകളുമാണ് എയർബാഗ് തകരാറിന്റെ പേരിൽ പരിശോധിക്കപ്പെടുന്നത്. ഇൻഫ്ളേറ്റർ പ്രവർത്തനം പിഴയ്ക്കാനുള്ള കാരണം കണ്ടെത്താൻ തകാത്തയും വിവിധ വാഹന നിർമാതാക്കളും എൻ എച്ച് ടി എസ് എയും നടത്തിയ പരിശോധനകൾ ഫലം കണ്ടിട്ടുമില്ല.

നിർമാണ തകരാറുള്ള എയർബാഗിന്റെ പേരിൽ ഹോണ്ട ഇതുവരെ 2.1 കോടി വാഹനം തിരിച്ചുവിളിച്ചു പരിശോധിച്ചിട്ടുണ്ട്. തകാത്ത കോർപറേഷന്റെ ഏറ്റവും വലിയ ഉപയോക്താക്കളായതാണ് ഹോണ്ടയ്ക്കു കനത്ത തിരിച്ചടി സൃഷ്ടിച്ചത്.