തകാത്തയ്ക്കുള്ള ധനസഹായം നിർത്തിയെന്നു ഹോണ്ട

എയർബാഗ് നിർമാതാക്കളായ തകാത്ത കോർപറേഷനുള്ള ധനസഹായം അവസാനിപ്പിച്ചെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനി. സ്വന്തം നിലയിലോ ജപ്പാനിലെ വിവിധ കാർ നിർമാതാക്കൾ ഉൾപ്പെട്ട സംഘത്തിന്റെ ഭാഗമായോ തകാത്തയ്ക്കു കൂടുതൽ സഹായം അനുവദിക്കില്ലെന്നും ഹോണ്ട വ്യക്തമാക്കി. ജപ്പാനിലെ വാഹന നിർമാതാക്കൾ തകാത്ത കോർപറേഷനു കൂടുതൽ ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നെന്ന വാർത്തകൾക്കിടയിലാണു ഹോണ്ട ഈ വിഷയത്തിൽ നയം വ്യക്തമാക്കിയത്. നിർമാണ പിഴവുള്ള എയർബാഗുകൾ നിർമിച്ചു നൽകിയാണു തകാത്ത കോർപറേഷൻ വാഹന നിർമാതാക്കളെ ആഗോളതലത്തിൽതന്നെ കടുത്ത പ്രതിസന്ധിയിലാക്കിയത്. എയർബാഗ് ഇൻഫ്ളേറ്റർ പൊട്ടിത്തെറിച്ചുള്ള മരണങ്ങളെ തുടർന്നു യു എസിൽ തകാത്ത കോർപറേഷന് ഏഴു കോടി ഡോളർ(465.11 കോടിയോളം രൂപ) പിഴശിക്ഷയും ലഭിച്ചു. കൂടാതെ ഇത്തരത്തിലുള്ള അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ തകാത്ത കോർപറേഷനെതിരെ നൽകിയ കേസുകളും വിചാരണാഘട്ടത്തിലാണ്.

അടിയന്തര സാഹചര്യത്തിൽ എയർബാഗ് വിന്യസിക്കാൻ സഹായിക്കുന്ന ഇൻഫ്ളേറ്ററിൽ ഉപയോഗിച്ച രാസവസ്തുവാണ് തകാത്ത കോർപറേഷനെ വിഷമവൃത്തത്തിലാക്കിയത്. അമിത മർദത്തോടെ ഇത്തരം എയർബാഗുകൾ വിന്യസിക്കപ്പെടുമ്പോൾ മൂർച്ചയേറിയ ലോഹഭാഗങ്ങളും മറ്റും ചിതറിത്തെറിച്ചാണു കാർ യാത്രികർക്ക് അപകടഭീഷണി നേരിടുന്നത്.പോരെങ്കിൽ എയർബാഗ് ഇൻഫ്ളേറ്ററിൽ സ്ഫോടനസാധ്യതയുള്ള അമോണിയം നൈട്രേറ്റ് ഉപയോഗിക്കുന്ന എക നിർമാതാവും തകാത്തയാണ്. തകാത്ത നിർമിച്ചു നൽകിയ എയർബാഗുകൾ പൊട്ടിത്തെറിച്ച് എട്ടു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണു കണക്ക്; ധാരാളം പേർക്കു പരുക്കുമേറ്റു. എയർബാഗുകൾ സുരക്ഷാ ഭീഷണിയായതോടെ ലോകവ്യാപകമായി അഞ്ചു കോടിയോളം വാഹനങ്ങളാണ് പതിനൊന്നോളം നിർമാതാക്കൾ ചേർന്നു തിരിച്ചുവിളിച്ചു പരിശോധിച്ചത്.

അതിനിടെ തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗ് പൊട്ടിത്തെറിച്ച് ഒൻപതാമത്തെ മരണവും ഹോണ്ട മോട്ടോർ കമ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈയിൽ ഹോണ്ട ‘അക്കോഡ്’ അപകടത്തിൽപെട്ടു യുവ ഡ്രൈവർ മരിക്കാനിടയായത് കാറിലെ എയർബാഗിന്റെ നിർമാണ പിഴവ് മൂലമാണെന്നാണു കമ്പനിയുടെ കണ്ടെത്തൽ. ഇതോടെ എയർബാഗ് ഇൻഫ്ളേറ്റർ പൊട്ടിത്തെറിച്ച് യു എസിൽ മാത്രം എട്ടു മരണമായി; ഒപ്പം കഴിഞ്ഞ ഏപ്രിൽ മുതൽ എയർബാഗ് തകരാറിന്റെ പേരിൽ ലക്ഷക്കണക്കിനു വാഹനം പരിശോധിച്ച ശേഷം സംഭവിക്കുന്ന ആദ്യ മരണവുമാണിത്.

അപകടത്തിൽപെട്ട കാർ വിശദമായി പരിശോധിച്ച ശേഷമാണ് സംഭവത്തിൽ എയർബാഗുകൾക്കുള്ള പങ്ക് ഹോണ്ട സ്ഥിരീകരിച്ചത്. ആഘാതത്തിൽ കാറിൽ ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് വിന്യസിക്കപ്പെട്ടതായും ഇൻഫ്ളേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണു യുവഡ്രൈവർ കൊല്ലപ്പെട്ടതെന്നുമാണു ഹോണ്ടയുടെ നിഗമനം. പിറ്റ്സ്ബർഗിൽ അപകടത്തിൽപെട്ട 2001 മോഡൽ ഹോണ്ട ‘അക്കോഡ്’ എയർബാഗ് പരിശോധനയ്ക്കായി തിരിച്ചുവിളിച്ചതാണെന്നു യു എസിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ(എൻ എച്ച് ടി എസ് എ) സ്ഥിരീകരിച്ചിരുന്നു.