Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട ബിആർ-വിയും മക്ലാരൻ എം പി ഫോർ — 30യും ഡൽഹി എക്സ്പോയിൽ

honda-br-v-4 Honda BR-V

അടുത്ത മാസം നടക്കുന്ന ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) പുറത്തുവിട്ടു. നിർമാണത്തിലുള്ളവയ്ക്കു പുറമെ ചില ആശയങ്ങളും ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്നു കമ്പനി വ്യക്തമാക്കി. ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ‘മക്ലാരൻ ഹോണ്ട എം പി ഫോർ — 30’, വൈകാതെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തേണ്ട കോംപാക്ട് എസ് യു വിയായ ‘ബി ആർ — വി’ എന്നിവയാകും പ്രധാന ആകർഷകണങ്ങളെന്നാണു കമ്പനിയുടെ വിലയിരുത്തൽ. ഇന്ത്യൻ സാഹചര്യത്തിൽ സ്ഥാനം കോംപാക്ട് എസ് യു വി വിഭാഗത്തിലാണെങ്കിലും ‘ബി ആർ — വി’യെ ക്രോസോവർ യൂട്ടിലിറ്റി വെഹിക്കിൾ(സി യു വി) എന്നു വിളിക്കാനാണു ഹോണ്ടയ്ക്കു താൽപര്യം. ഏഷ്യയിലെ വിവിധ വാഹന പ്രദർശനങ്ങളിൽ ‘ബി ആർ — വി’ മുമ്പു പങ്കെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഔദ്യോഗിക അവതരണം ഇതാദ്യമാണ്. ഇക്കൊല്ലം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്താനുള്ള തയാറെടുപ്പിനു മുന്നോടിയായാണ് ഹോണ്ടയുടെ ‘ബി ആർ — വി’ നോയ്ഡയിലെ ഓട്ടോ എക്സ്പോയിൽ എത്തുന്നത്.

mclaren-honda-mp4-30 Mclaren Honda MP4/30

രൂപകൽപ്പനയിൽ ഹോണ്ടയുടെ പുതിയ ശൈലി പിന്തുടരുന്ന ‘ബി ആർ — വി’യിൽ പ്രൊജക്ടർ യൂണിറ്റും എൽ ഇ ഡി പൊസിഷൻ ലൈറ്റുമുള്ള സ്പോർട്ടി ആംഗുലർ ഹെഡ്ലാംപ്, ആക്രമണോത്സുക മുൻ ബംപർ ഹൗസിങ്, ക്രോം ബെസെൽ സഹിതം വൃത്താകൃതിയിലുള്ള ഫോഗ് ലാംപ്, യു ആകൃതിയിലുള്ള ക്രോം സ്ലാറ്റ് സഹിതം ഹോണ്ട ബാഡ്ജ് പതിച്ച മുൻ ഗ്രിൽ എന്നിവയെല്ലാമുണ്ട്. 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കെത്തുന്ന ‘ബി ആർ — വി’യുടെ ഇന്ത്യയിലെ പോരാട്ടം ഹ്യുണ്ടേയ് ‘ക്രേറ്റ’യോടും റെനോ ‘ഡസ്റ്ററി’നോടും മാരുതി സുസുക്കി ‘എസ് ക്രോസി’നോടുമൊക്കെയാണ്. പുതുമുഖമായ ‘ബി ആർ — വി’യുടെ സാന്നിധ്യത്തിലും ഓട്ടോ എക്സ്പോയിൽ ഹോണ്ട പവിലിയനിലെ താരമാവുക റേസ് ട്രാക്കിൽ നിന്നു വിരുന്നെത്തുന്ന ‘മക്ലാരൻ ഹോണ്ട എം പി ഫോർ — 30’ ഫോർമുല വൺ കാർ തന്നെയാവും. 1992ലെ ‘എം പി ഫോർ/സെവൻ എയ്ക്കു ശേഷം ഹോണ്ടയുടെ കരുത്തോടെ മക്ലാരൻ ട്രാക്കിലിറക്കുന്ന ആദ്യ കാറാണിത്. ഹോണ്ടയുടെ ‘ആർ എ 615 എച്ച് ഹൈബ്രിഡ്’ എൻജിനാണു കാറിനു കരുത്തേകുന്നത്.

ഇതിനു പുറമെ സങ്കര ഇന്ധന എൻജിനുമായി ഇന്ത്യയിലേക്കു മടങ്ങാനൊരുങ്ങുന്ന പുതുതലമുറ ‘അക്കോഡും’ ഹോണ്ട കാഴ്സ് ഇന്ത്യ പ്രദർശിപ്പിക്കുന്നുണ്ട്. ഓൺ ബോർഡ് ലിതിയം അയോൺ ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന വൈദ്യുത മോട്ടോറിന്റെ പിൻബലമുള്ള രണ്ടു ലീറ്റർ, 16 വാൽവ്, ഐ വി ടെക് പെട്രോൾ എൻജിനാണു കാറിനു കരുത്തേകുക; 141 ബി എച്ച് പി കരുത്തുള്ള എൻജിനും മോട്ടോറും ചേരുന്നതോടെ മൊത്തം 196 ബി എച്ച് പി കരുത്താണ് ‘അക്കോഡി’നു ലഭിക്കുക. 306 എൻ എം ടോർക്ക് വരെ സൃഷ്ടിക്കുന്ന എൻജിനു കൂട്ട് ഇലക്ട്രോണിക് സി വി ടി ട്രാൻസ്മിഷനാണ്. ഇവയ്ക്കു പുറമെ പത്തോളം കാറുകൾ പവിലിയനിലുണ്ടാവുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. ആശയമെന്ന നിലയിൽ ‘ആർ സി 213 വി’ എൻജിൻ കരുത്തേകുന്ന ‘പ്രോജക്ട് ടു’, ‘പ്രോജക്ട് ഫോർ’, ‘ജാസ് റേസിങ് കൺസപ്റ്റ്’, പ്രദർശനത്തിനായി ‘അസിമൊ’, ‘ഗോൾഡ് വിങ്’ എന്നിവയും നിലവിൽ നിരത്തിലുള്ള ‘ബ്രിയൊ’, ‘ജാസ്’, ‘അമെയ്സ്’, ‘സിറ്റി’, ‘മൊബിലിയൊ’, ‘സി ആർ — വി’ എന്നിവയും ഓട്ടോ എക്സ്പോയിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.