10 മോഡലുകളുമായി ഹോണ്ട ഓട്ടോ എക്സ്പോയ്ക്ക്

Honda RC213V-S

ഇന്ത്യൻ ഇരുചക്രവാഹന രംഗത്തെ അതികായന്മാരായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) 10 പുതിയ മോഡലുകളുമായാണ് ഓട്ടോഎക്സ്പോയിൽ എത്തുക. ഇതിൽ ആറെണ്ണം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നും നാലെണ്ണം ആശയമെന്ന നിലയിലാവും പ്രദർശിപ്പിക്കുകയെന്നും കമ്പനി വിശദീകരിച്ചു. ‘നവി’ എന്നു പേരുള്ള പുതിയ മോഡലിനെക്കുറിച്ചു കമ്പനി ഇന്ത്യയിൽ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്. വൈകാതെ വിൽപ്പനയ്ക്കെത്തുന്ന ‘നവി’ സ്കൂട്ടറാവുമെന്നാണു സൂചന.

ടോക്കിയോ മോട്ടോർ ഷോയ്ക്കു ശേഷം ഹോണ്ട കാഴ്ചവയ്ക്കുന്ന ചില രാജ്യാന്തര കൺസപ്റ്റ് മോഡലുകളുടെ അനാവരണത്തിനും നോയ്ഡയിലെ ഓട്ടോ എക്സ്പോ വേദിയാകുമെന്നാണു പ്രതീക്ഷ. കമ്പനിയുടെ പുതിയ ദിശാബോധത്തിന്റെ സൂചനയെന്ന നിലയിൽ വ്യക്തികളുടെ ഹ്രസ്വദൂര യാത്രയ്ക്കുള്ള പരിസ്ഥിത സൗഹൃദ വാഹനമായ ‘ഇവി — കബ് കൺസപ്റ്റ്’, സങ്കര ഇന്ധനത്തിന്റെ പിൻബലമുള്ള ത്രിചക്രവാഹനമായ ‘നിയോവിങ്’ എന്നിവ ഇന്ത്യയിലെത്തുമെന്ന് ഉറപ്പാണ്. ഇവയ്ക്കൊപ്പമുള്ള രണ്ട് കൺസപ്റ്റ് മോഡലുകളുടെ കാര്യത്തിൽ ഹോണ്ട നിഗൂഢത നിലനിർത്തുകയാണ്.

റേസിങ് പ്രേമികളെ ലക്ഷ്യമിട്ട് ‘ആർ സി 213 വി’യാണു ഹോണ്ട പ്രദർശിപ്പിക്കുക. സ്പെയിനിൽ നിന്നുള്ള റൈഡറും മോട്ടോ ജി പി മുൻ ലോക ചാംപ്യനുമായ മാർക് മാർക്വേസ് അലെന്റയുടെ ബൈക്കാണു ഹോണ്ട ഇന്ത്യയിലെത്തിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കു പുറമെ സുരക്ഷിത റൈഡിങ് പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും എച്ച് എം എസ് ഐയിൽ നിന്നു പ്രതീക്ഷിക്കാം. സിമുലേറ്ററുകളുടെ സഹായത്തോടെ റോഡ് സുരക്ഷാ നിർദേശങ്ങൾ നൽകി കുട്ടികളെയും സ്ത്രീകളെയും പവിലിയനിലേക്ക് ആകർഷിക്കാനാണു ഹോണ്ടയുടെ പദ്ധതി.