ഹ്യുണ്ടേയ് കാറുകളിൽ ഇനി മെച്ചപ്പെട്ട സുരക്ഷ

ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാൻ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് നടപടി തുടങ്ങി. ചെറുകാറായ ‘ഇയോൺ’, ഹാച്ച്ബാക്കായ ‘ഗ്രാൻഡ് ഐ 10’, എൻട്രി ലവൽ സെഡാനായ ‘എക്സന്റ്’ എന്നിവയുടെ സുരക്ഷ മെച്ചപ്പെടുത്താനാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ)ന്റെ തീരുമാനം. കൂടുതൽ സുരക്ഷയ്ക്കായി ‘എലീറ്റ് ഐ 20’, ‘ഐ 20 ആക്ടീവ്’, ‘വെർണ’ എന്നിവയിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ ‘ഇയോൺ’, ‘ഗ്രാൻഡ് ഐ 10’, ‘എക്സന്റ്’ എന്നിവയിലും ലഭ്യമാക്കാനാണു കമ്പനിയുടെ പദ്ധതി.

എൻട്രി ലവൽ വിഭാഗത്തിൽപെട്ട ‘ഇയോണി’ന്റെ അടിസ്ഥാന വകഭേദമായ ‘ഡിലൈറ്റ്’ ഒഴികെയുള്ള മോഡലുകളിലെല്ലാം ഡ്രൈവറുടെ ഭാഗത്ത് ഓപ്ഷനൽ വ്യവസ്ഥയിൽ എയർബാഗ് ലഭ്യമാക്കാനാണു ഹ്യുണ്ടേയ് തീരുമാനിച്ചിരിക്കുന്നത്. മുന്തിയ വകഭേദമായ ‘സ്പോർട്സി’ലാവട്ടെ ഇപ്പോഴത്തേതു പോലെ ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് സ്റ്റാൻഡേഡ് അക്സസറിയായി തുടരും.

‘ഗ്രാൻഡ് ഐ 10’ ശ്രേണിയിൽ ആസ്ത വകഭേദം തുടരേണ്ടതില്ലെന്നാണു കമ്പനിയുടെ തീരുമാനം; പകരം മുന്തിയ വകഭേദമായി ആസ്ത (ഒ) ആവും വിപണിയിലുണ്ടാവുക. ഇതോടെ നാലു വകഭേദങ്ങളിലാണു ‘ഗ്രാൻഡ് ഐ 10’ വിൽപ്പനയ്ക്കെത്തുക: ഇറ, മാഗ്ന, സ്പോർട്സ്, പിന്നെ ആസ്ത (ഒ). ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് എല്ലാ വകഭേദത്തിലുമുണ്ടാവും; സ്പോർട്സിലും ആസ്ത(ഒ)യിലും മുൻസീറ്റ് യാത്രികരുടെ ഭാഗത്തും എയർബാഗിന്റെ സുരക്ഷ ലഭ്യമാവും.

കോംപാക്ട് സെഡാനായ ‘എക്സന്റി’ന്റെ എല്ലാ വകഭേദത്തിലും ഡ്രൈവറുടെ ഭാഗത്ത് ഇനി മുതൽ എയർബാഗിന്റെ സുരക്ഷയുണ്ടാവും. മുന്തിയ വകഭേദങ്ങളായ എസ് എക്സ്, എസ് എക്സ് (ഒ) എന്നിവയിൽ മുൻസീറ്റ് യാത്രികരുടെ ഭാഗത്തും എയർബാഗ് ഇടംപിടിക്കും. ‘എക്സെന്റി’ന്റെ എല്ലാ വകഭേദത്തിലും ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനം ലഭ്യമാക്കാനും എച്ച് എം ഐ എൽ തീരുമാനിച്ചിട്ടുണ്ട്.

എൻട്രി ലവൽ വിഭാഗത്തിലെ ‘ഇയോൺ’ മുതൽ സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘സാന്റാ ഫെ’ വരെ നീളുന്നതാണ് എച്ച് എം ഐ എല്ലിന്റെ മോഡൽ ശ്രേണി. ഹാച്ച്ബാക്കായ ‘ഐ 10’, ‘ഗ്രാൻഡ് ഐ 10’, ‘എലീറ്റ് ഐ 20’, ‘ഐ 20 ആക്ടീവ്’, സെഡാനായ ‘എക്സന്റ്’, ‘വെർണ’, ‘എലാൻട്ര’ എന്നിവയ്ക്കൊപ്പം കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യും കമ്പനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്.