Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിൽ 4.7 ലക്ഷം ‘സൊനാറ്റ’യുടെ എൻജിൻ മാറ്റാൻ ഹ്യുണ്ടായ്

2012 Hyundai Sonata

നിർമാണ തകരാറിന്റെ പേരിൽ യു എസിൽ വിറ്റ അഞ്ചു ലക്ഷത്തോളം ‘സൊനാറ്റ’ സെഡാനുകളുടെ എൻജിൻ മാറ്റിനൽകാൻ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായ് തീരുമാനിച്ചു. തകരാറിന്റെ ഫലമായി ഇടത്തരം സെഡാനായ ‘സൊനാറ്റ’യുടെ എൻജിന്റെ പ്രവർത്തനം തന്നെ നിലയ്ക്കാൻ സാധ്യതയുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണു ഹ്യുണ്ടായിയുടെ ഈ നടപടി.

രണ്ടു ലീറ്റർ, 2.4 ലീറ്റർ ഗ്യാസൊലിൻ(പെട്രോൾ) എൻജിനുകൾക്കാണു നിർമാണ പിഴവുകളുണ്ടെന്നു കണ്ടെത്തിയത്. ഇതോടെ 2011, 2012 മോഡലിൽപെട്ട 4.70 ലക്ഷം ‘സൊനാറ്റ’കളുടെ എൻജിൻ തന്നെ മാറ്റി നൽകാനാണു ഹ്യുണ്ടായിയുടെ നീക്കം. യു എസിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലായിരുന്ന വേളയിൽ പുറത്തെത്തിയ ‘സൊനാറ്റ’കളിലാണു നിർമാണ പിഴവുള്ള എൻജിനുകൾ ഘടിപ്പിച്ചിരുന്നതെന്ന വൈരുധ്യവുമുണ്ട്.

ഇതിനു പുറമെ ബ്രേക്ക് ലൈറ്റ് പ്രവർത്തനരഹിതമാവാനുള്ള സാധ്യത പരിഗണിച്ച് ഒരു ലക്ഷത്തോളം ‘അക്സന്റ്’ കാറുകളും ഹ്യുണ്ടായ് തിരിച്ചുവിളിക്കുന്നുണ്ട്. അലബാമയിലെ എൻജിൻ പ്ലാന്റിൽ നിന്നുള്ള എൻജിനുകളിലാണു നിർമാണ തകരാർ സംശയിക്കുന്നതെന്നു ഹ്യുണ്ടായ് യു എസിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷ(എൻ എച്ച് ടി എസ് എ)നെ അറിയിച്ചിട്ടുണ്ട്. നിർമാണഘട്ടത്തിൽ എൻജിന്റെ ക്രാങ്ക്ഷാഫ്റ്റ് ഭാഗത്ത് അടിഞ്ഞ ലോഹ മാലിന്യങ്ങൾ പൂർണമായും നീക്കിയിട്ടില്ലെന്നാണു കമ്പനിയുടെ സംശയം. ഇതിന്റെ ഫലമായി കണക്ടിങ് റോഡ് ബെയറിങ്ങിലക്കുള്ള ഓയിൽ പ്രവാഹം തടസ്സപ്പെടാൻ സാധ്യതയുണ്ടത്രെ. ബെയറിങ്ങുകളെ ശീതികരിക്കുന്നത് ഓയിലാണെന്നതിനാൽ പ്രവാഹം മുടങ്ങുന്നത് ഇവയുടെ പ്രവർത്തനം തടസ്സപ്പെടുത്താം. അങ്ങനെ സംഭവിച്ചാൽ ഓട്ടത്തിനിടെ എൻജിന്റെ പ്രവർത്തനം നിലയ്ക്കാനും വാഹനം അപകടത്തിൽപെടാനുമിടയുണ്ടെന്നു ഹ്യുണ്ടായ് കരുതുന്നു.

അതേസമയം ഈ പ്രശ്നം മൂലം ഇതുവരെ അപകടമൊന്നും സംഭവിച്ചതായി അറിയില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. കണക്ടിങ് റോഡിനു തേയ്മാനം സംഭവിച്ചാൽ ഇടവിട്ടിടവിട്ടുള്ള നോക്കിങ് ശബ്ദം കേൾക്കുമെന്നും ഓയിൽ മർദത്തെപ്പറ്റി മുന്നറിപ്പ് നൽകുന്ന ലൈറ്റ് തെളിയുമെന്നും ഹ്യുണ്ടായ് വിശദീകരിക്കുന്നു. മുന്നറിയിപ്പ് അവഗണിച്ചും കാർ ഓടിച്ചാൽ ബെയറിങ് തകരാറിലായി എൻജിൻ നിന്നു പോയേക്കാം. ക്രാങ്ക്ഷാഫ്റ്റിലെ മാലിന്യം മെക്കാനിക്കൽ രീതിയിൽ നീക്കിയിരുന്ന അലബാമ പ്ലാന്റിൽ നിന്നുള്ള എൻജിനുകൾ ആദ്യമായി ഉപയോഗിച്ചത് 2011 മോഡൽ ‘സൊനാറ്റ’യിലാണ്. 2012 ഏപ്രിൽ മുതൽ മാലിന്യ നീക്കത്തിൽ മർദമേറിയ വെറ്റ് ബ്ലാസ്റ്റിൽ സംവിധാനമാണു പ്ലാന്റിൽ ഉപയോഗിക്കുന്നത്.

എൻജിനിൽ നിന്നു ശബ്ദം ഉയരുന്നെന്ന് ഉടമകൾ പരാതിപ്പെട്ടതിനെ തുടർന്നു ഹ്യുണ്ടായ് നടത്തിയ അന്വേഷണത്തിലാണു ക്രാങ്ക്ഷാഫ്റ്റിലെ മാലിന്യ പ്രശ്നം തിരിച്ചറിഞ്ഞത്. തകരാർ സംശയിക്കുന്ന കാറുകൾ ഡീലർമാർ പരിശോധിച്ച് എൻജിനുകൾ സൗജന്യമായി മാറ്റി നൽകുമെന്നാണു കമ്പനിയുടെ വാഗ്ദാനം. കൂടാതെ എൻജിനുള്ള വാറന്റി 10 വർഷമോ 1.20 ലക്ഷം മൈലോ ആയും ഹ്യുണ്ടായ് വർധിപ്പിച്ചിട്ടുണ്ട്. എൻജിൻ ലഭ്യത സംബന്ധിച്ച് നവംബർ രണ്ടിനകം ഉടമസ്ഥരെ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. ബ്രേക്ക് പെഡൽ അമർത്തുമ്പോൾ ബ്രേക്ക് ലൈറ്റ് തെളിയാതെ പോകാനുള്ള സാധ്യത മുൻനിർത്തി 2013ൽനടത്തിയ പരിശോധനയുടെ തുടർച്ചയായാണു ഹ്യുണ്ടായ് വീണ്ടും ‘അക്സന്റ്’ തിരിച്ചുവിളിക്കുന്നത്; 2009 — 2011 മോഡൽ കാറുകൾക്കാണ് ഈ പരിശോധന ബാധകമാവുക. ബ്രേക്ക് അമർത്തിയാൽ ക്രൂസ് കൺട്രോൾ ഡീആക്ടിവേറ്റ് ആവാതിരിക്കാനും ഗീയർ ഷിഫ്റ്റർ ‘പാർക്കി’ൽ തന്നെ തുടരാനുമുള്ള സാധ്യതകളും ഹ്യുണ്ടായ് കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം തിരിച്ചറിഞ്ഞാൽ നവംബർ രണ്ടു മുതൽ ബ്രേക്ക് സ്വിച് സൗജന്യമായി മാറ്റി നൽകാനാണു ഹ്യുണ്ടായിയുടെ തീരുമാനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.