Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പലേറി വരുന്നു, ആഭ്യന്തര വിൽപനയ്ക്കുള്ള കാറും

car-shipping Representative Image

ദക്ഷിണേന്ത്യയിൽ നിർമാണശാലകളുള്ള നാലു കമ്പനികൾ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കു ചെന്നൈയിലെ എണ്ണോർ തുറമുഖം വഴി കാർ കയറ്റി വിടുന്നു. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്, റെനോ നിസ്സാൻ, ഫോഡ് മോട്ടോർ ഇന്ത്യ, ടൊയോട്ട കിർലോസ്കർ മോട്ടോർ എന്നീ നിർമാതാക്കൾ ചേർന്നു തീരത്തുള്ള സംസ്ഥാനങ്ങളിൽ വിൽക്കാനുള്ള കാറുകളാണു കപ്പൽ മാർഗം കൊണ്ടുപോകുക. തുടക്കമെന്ന നിലയിൽ 1,600 കാറുകളാണു കഴിഞ്ഞ ശനിയാഴ്ച എണ്ണോർ തുറമുഖത്തു നിന്നു കപ്പൽ കയറിയത്. കൊച്ചിയിലേക്കും ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തേക്കുമാണ് ഈ കാറുകൾ എത്തുക. 

ആദ്യമായി കടൽ മാർഗം അയച്ച കാറുകളിൽ ഭൂരിഭാഗവും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ നിർമിച്ചവയാണ്; ആയിരത്തിലേറെ കാറുകളാണു ഹ്യുണ്ടേയിയിൽ നിന്നുള്ളത്. റോഡ് മാർഗമുള്ള വാഹനക്കടത്തിന്റെ അപകടസാധ്യതകൾ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു വിവിധ നിർമാതാക്കൾ കാറുകൾ കപ്പലിൽ അയയ്ക്കാൻ തീരുമാനിച്ചതെന്നാണു സൂചന. നിലവിൽ രാജ്യത്തു നിർമിക്കുന്ന കാറുകളില് 96 ശതമാനത്തോളം റോഡ് മാർഗമാണു ലക്ഷ്യത്തിലെത്തുന്നതെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ സീനിയർ ജനറൽ മാനേജരും(സെയിൽസ് ലോജിസ്റ്റിക്സ്) ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി ലോജിസ്റ്റിക്സ് സെൽ കോ ചെയർമാനുമായ വി ആനന്ദ് അറിയിച്ചു. അവശേഷിക്കുന്നവ ലക്ഷ്യത്തിലെത്തുന്നതാവട്ടെ റയിൽ മാർഗവുമാണ്. ട്രെയിൻ വാഗണുകളുടെയും മറ്റും നിർമാണത്തിനുള്ള അധിക ചെലവ് പരിഗണിക്കുമ്പോൾ കടൽ മാർഗമുള്ള കാർ കടത്താണ് ആകർഷക ബദലെന്ന് അദ്ദേഹം വിശദീകരിച്ചു. തുറമുഖ നിരക്കുകളിൽ കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന 80% ഇളവു കൂടിയാവുന്നതോടെ കടൽ മാർഗമുള്ള കാർ നീക്കം ഏറെ ആദായകരമാവുമെന്നും ആനന്ദ് കരുതുന്നു.

ഇക്കൊല്ലം ഇതു രണ്ടാം തവണയാണു ഹ്യുണ്ടേയ് കടൽ മാർഗം കാറുകൾ വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കമ്പനി 800 കാറുകൾ പിപാവാവ് തുറമുഖത്തേക്ക് അയച്ചിരുന്നു. ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന സികാലുമായി സഹകരിക്കാൻ ഹ്യുണ്ടേയ് തീരുമാനിച്ചതോടെയാണു മറ്റു ദക്ഷിണേന്ത്യൻ നിർമാതാക്കൾക്കും കടൽ മാർഗം കാർ അയയ്ക്കാൻ അവസരമൊരുങ്ങിയത്. കൂടുതൽ കാറുകൾ കപ്പൽ മാർഗം അയയ്ക്കുന്നതോടെ ചെലവ് കുറയുമെന്നതാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്ന് ആനന്ദ് വിശദീകരിക്കുന്നു. ആദ്യം കൊച്ചിയിലെത്തി കാറുകൾ ഇറക്കിയ ശേഷമാവും കപ്പൽ കാണ്ട്ലയിലേക്കു പോകുക.