ഹ്യുണ്ടേയിയുടെ എൻട്രി ലവൽ എസ് യു വി 2019ൽ

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ)ന്റെ എൻട്രി ലവൽ സ്പോർട് യൂട്ടിലിറ്റി വാഹനം(എസ് യു വി) 2019ന്റെ ആദ്യ പകുതിയിൽ പുറത്തിറങ്ങും. ഇന്ത്യൻ വാഹന വിപണിയിൽ മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്ന വിഭാഗമാണ് എൻട്രി ലവൽ എസ് യു വി. തിങ്കളാഴ്ച ‘ട്യുസോൺ’ കൂടി അവതരിപ്പിച്ചതോടെ നിലവിൽ മൂന്ന് എസ് യു വികളാണു ഹ്യുണ്ടേയ് ഇന്ത്യയിൽ വിൽക്കുന്നത്; ‘ക്രേറ്റ’യും ‘സാന്റാ ഫെ’യുമാണ് ഈ വിഭാഗത്തിൽ കമ്പനിയുടെ മറ്റു പ്രതിനിധികൾ. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 18.99 ലക്ഷം മുതൽ 24.99 ലക്ഷം രൂപ വരെയാണു ഡൽഹി ഷോറൂമിൽ ‘ട്യുസോണി’നു വില. പ്രീമിയം വിഭാഗത്തിൽ നില മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അവതരിപ്പിച്ച ‘ട്യുസോണി’നു ഹ്യുണ്ടോയ് പ്രതിമാസം 500 — 700 യൂണിറ്റിന്റെ വിൽപ്പനയാണു പ്രതീക്ഷിക്കുന്നത്.

‘ക്രേറ്റ’യ്ക്കു താഴെയുള്ള വിഭാഗം ഉന്നമിടുന്ന പുത്തൻ എൻട്രി ലവൽ എസ് യു വി 2019 ആദ്യ പകുതിയിൽ നിരത്തിലെത്തുമെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അറിയിച്ചു. ഇതോടെ എസ് യു വി ശ്രേണിയിൽ കമ്പനിക്കു നാലു മോഡലുകളാവും. ആഗോളതലത്തിൽ തന്നെ മികച്ച വളർച്ചയാണ് എസ് യു വി വിൽപ്പന കൈവരിക്കുന്നത്. ഇന്ത്യയിലെന്ന പോലെ ചൈനയിലും യൂറോപ്പിലുമൊക്കെ എസ് യു വികൾക്ക് ആവശ്യക്കാരേറെയുണ്ട്.
‘ക്രേറ്റ’യ്ക്കു താഴെയുള്ള സാധ്യത മുതലെടുക്കാനാണു ഹ്യുണ്ടേയ് ഇന്ത്യ നാലു മീറ്ററിൽ താഴെ നീളമുള്ള പുതിയ കോംപാക്ട് എസ് യു വി വികസിപ്പിക്കുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ കമ്പനി കോംപാക്ട് എസ് യു വി കൺസപ്റ്റായ ‘കാർലിനൊ’ പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യയ്ക്ക് അനുയോജ്യമായ ബദൽ ഇന്ധന വാഹന മോഡലുകൾ പരിശോധിക്കാൻ കമ്പനിയുടെ ഗ്ലോബൽ ഗവേഷണ, വികസന കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കൂ അറിയിച്ചു. ആഗോളതലത്തിൽ ഹ്യുണ്ടേയിക്ക് വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങളുടെ ശക്തമായ ശ്രേണിയുണ്ട്. 2018 ഓട്ടോ എക്സ്പോയിൽ ഇവ ഇന്ത്യയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ട്യുസോണി’ന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്. ആഗോളതലത്തിൽ ഇതുവരെ 45 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണു ‘ട്യുസോൺ’ നേടിയത്.