ഐക്രിയേറ്റുമായി മാരുതി

ഉടമയുടെ ഇഷ്ടാനുസരണം വാഹന രൂപകൽപ്പന നിർവഹിക്കാൻ അവസരമൊരുക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഉടമസ്ഥർ ആഗ്രഹിക്കുന്ന സുഖസൗകര്യങ്ങളുള്ള കാറുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണു കമ്പനി ‘ഐക്രിയേറ്റ്’ അവതരിപ്പിച്ചിരിക്കുന്നത്.
കാറിനൊപ്പം അഞ്ഞൂറോളം അക്സസറികൾ ഇപ്പോൾ തന്നെ ലഭ്യമാണെന്നാണു മാരുതി സുസുക്കിയുടെ അവകാശവാദം. എന്നാൽ ‘ഐക്രിയേറ്റി’ന്റെ വരവോടെ കാറിനു വേറിട്ട വ്യക്തിത്വം തന്നെ കൈവരിക്കാൻ അവസരം ലഭിക്കുമെന്നു കമ്പനി കരുതുന്നു. വ്യത്യസ്ത രീതികളിൽ സമന്വയിപ്പിക്കാവുന്ന തൊണ്ണൂറോളം അക്സസറികൾ ‘ഐക്രിയേറ്റി’ൽ അധികമായി ലഭിക്കുമെന്നും മാരുതി സുസുക്കി അറിയിച്ചു. തുടക്കത്തിൽ കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യിലാവും ‘ഐക്രിയേറ്റി’ന്റെ സേവനം ലഭ്യമാവുക. പ്രതികരണം ക്രിയാത്മകമെങ്കിൽ മറ്റു മോഡലുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി.

അധിക സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കുമായി വാഹന ഉടമകൾ 10,500 രൂപ വരെ കൂടുതലായി മുടക്കാറുണ്ടെന്നാണു മാരുതി സുസുക്കിയുടെ കണ്ടെത്തൽ; ‘വിറ്റാര ബ്രേസ’ പോലുള്ള മോഡലുകൾ വാങ്ങുന്നവർ കൂടുതൽ സൗകര്യങ്ങൾക്കായി 24,000 രൂപ വരെ വീണ്ടും മുടക്കുന്നുണ്ടെന്നും കമ്പനി പറയുന്നു. അതേസമയം അക്സസറി വിൽപ്പനയ്ക്കുള്ള പ്ലാറ്റ്ഫോം മാത്രമല്ല ‘ഐക്രിയേറ്റ്’ എന്നാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർ എസ് കാൽസിയുടെ നിലപാട്. സ്വന്തം വ്യക്തിത്വം പ്രതിഫലിക്കുന്ന കാർ യാഥാർഥ്യമാക്കാനുള്ള അവസരമാണ് ‘ഐക്രിയേറ്റ്’ ലഭ്യമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. എൻട്രി ലവൽ ഹാച്ച്ബാക്ക് കാറുകളിൽ നിന്ന് വലിയ വാഹനത്തിലേക്ക് മുന്നേറുന്നവരുടെയും ആദ്യ വാഹനം വാങ്ങുന്ന യുവാക്കളുടെയുമൊക്കെ സ്വപ്നസാക്ഷാത്കാരമാണ് ‘ഐക്രിയേറ്റി’ലൂടെ മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.

സാഹസികതയും ഗ്ലാമറും ഇഷ്ടപ്പെടുന്ന, സ്പോർടി വിഭാഗമാണു ‘വിറ്റാര ബ്രേസ’ സ്വന്തമാക്കാനെത്തുന്നത്; ഇവരാവട്ടെ പരീക്ഷണ പ്രിയരുമാണെന്നു കാൽസി കരുതുന്നു. ഇതൊക്കെ പരിഗണിച്ചാണ് ‘ഐക്രിയേറ്റി’ന്റെ തുടക്കം ‘വിറ്റാര ബ്രേസ’യ്ക്കൊപ്പമാക്കിയത്. ഭാവിയിൽ മറ്റു മോഡലുകളെയും ‘ഐക്രിയേറ്റി’ന്റെ പരിധിയിൽപെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഡീസൽ എൻജിനോടെ മാത്രം വിപണിയിലുള്ള ‘വിറ്റാര ബ്രേസ’യുടെ ഇതുവരെയുള്ള വിൽപ്പന അരലക്ഷം യൂണിറ്റ് പിന്നിട്ടു; ഏഴു മാസത്തോളം മുമ്പാണു ‘വിറ്റാര ബ്രേസ’ വിപണിയിലെത്തിയത്. ഈ മോഡലിന്റെ ചില വകഭേദങ്ങൾ സ്വന്തമാക്കാൻ ആറു മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.