ഇക്കൊല്ലം വൈദ്യുത കാർ വിൽപ്പന 10 ലക്ഷത്തിലേക്ക്

ഡിജിറ്റൽ മേഖലയിലെ വൻ പുരോഗതിയുടെ ചുവട് പിടിച്ച് വിൽപ്പനയിൽ വൻ കുതിപ്പ് നേടാൻ വൈദ്യുത വാഹന(ഇ വി) നടപടി. ഇക്കൊല്ലം വൈദ്യുത കാറുകളുടെ ആഗോള വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിടുമെന്നാണ് കൺസൽറ്റൻസിയായ ഫ്രോസ്റ്റ് ആൻഡ് സള്ളിവന്റെ പ്രതീക്ഷ. ഇക്കൊല്ലം ഏഴു ലക്ഷം വൈദ്യുത കാറുകൾ വിറ്റു പോയ സ്ഥാനത്താണിതെന്നും ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ ഓട്ടമോട്ടീവ് വിഭാഗം ആഗോള മേധാവിയും സീനിയർ പാർട്ണറുമായ സർവന്ത് സിങ് വിശദീകരിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ബാറ്ററിയുടെ വില കൂടി കുറയുന്നതോടെ വൈദ്യുത കാർ വിൽപ്പന വീണ്ടും ഉയരുമെന്നാണു വിലയിരുത്തൽ.

വൈദ്യുത കാർ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 4.28% വളർച്ചയാണ് ഇക്കൊല്ലം പ്രതീക്ഷിക്കുന്നത്. കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളിൽ സമൂല മാറ്റം സംഭവിക്കുന്നതോടെ വരുംവർഷങ്ങളിൽ ബാറ്ററി വില ഗണ്യമായി കുറയുമെന്നാണു സൂചന. നിലവിൽ ബാറ്ററിയുടെ ഓരോ കിലോവാട്ട്/അവറിനും 250 ഡോളറോളമാണു വില; 2020 — 21 ആകുമ്പോഴേക്ക് ഈ വില 100 ഡോളറായി കുറയുമെന്നാണു പ്രതീക്ഷയെന്നു ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ കണക്കാക്കുന്നു. ഇതോടെ വിലയുടെ കാര്യത്തിലും പരമ്പരാഗത ഇന്ധനങ്ങളിൽ ഓടുന്ന കാറുകളുമായി മത്സരിക്കാൻ വൈദ്യുത വാഹനങ്ങൾക്കു സാധിക്കുമെന്നാണു പ്രതീക്ഷ.

വൈദ്യുത, സങ്കര ഇന്ധന വാഹന വിൽപ്പനയിലെ കുതിപ്പ് ഇന്ത്യയിലെ വാഹന ഘടക നിർമാതാക്കൾക്കും വിപുല അവസരം തുറന്നു നൽകും. ബാറ്ററി വില ഇടിയുന്നതോടെ ഇന്ത്യയിലും വൈദ്യുത വാഹന വിൽപ്പന കുതിച്ചുയരുമെന്നാണു പ്രവചനം. വൈദ്യുത വാഹനങ്ങൾക്കുള്ള ബാറ്ററി സാങ്കേതികവിദ്യയുടെ വികസനത്തിനായി വൻനിക്ഷേപമാണു പ്രമുഖ നിർമാതാക്കളായ ടെസ്ലയും നിസ്സാനും ടൊയോട്ടയും ബി എം ഡബ്ല്യുവും ഹ്യുണ്ടേയിയുമൊക്കെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലാവട്ടെ ‘ഇ ടു ഒ പ്ലസ്’, ‘വൈബ്’ എന്നിവയിലൂടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാത്രമാണു പൂർണതോതിലുള്ള വൈദ്യുത കാർ വിൽക്കുന്നത്. മാരുതി സുസുക്കിയും ടൊയോട്ടയും മൈൽഡ് ഹൈബ്രിഡുകളും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്.