വമ്പൻ നഷ്ടത്തിന്റെ കണക്കുകളുമായി ഡി ടി സിയും

വരുമാനച്ചോർച്ചയുടെയും കനത്ത പ്രവർത്തന നഷ്ടത്തിന്റെയും കണക്കുകളുമായി രാജ്യതലസ്ഥാനമായ ഡൽഹിയിലെ പൊതുമേഖല ഗതാഗത സംവിധാനമായ ഡൽഹി ട്രാൻസ്പോർട് കോർപറേഷൻ(ഡി ടി സി) രംഗത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡി ടി സിയുടെ നഷ്ടത്തിൽ 590 കോടി രൂപയുടെ വർധന സംഭവിച്ചെന്നാണു ഡി ടി സി പ്രവർത്തനത്തെപ്പറ്റി സംസ്ഥാന നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. 2014 — 15ൽ 2,917.76 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ ഡി സി ടിക്ക് 2015 — 16ൽ നേരിട്ട നഷ്ടം 3,505.96 കോടി രൂപയുടേതാണത്രെ. പോരെങ്കിൽ 2011 — 12 മുതൽ കോർപറേഷന്റെ പ്രവർത്തന നഷ്ടം ക്രമമായി ഉയരുകയാണ്; അക്കൊല്ലം 2,431 കോടി രൂപ നഷ്ടം സംഭവിച്ചപ്പോൾ 2012 — 13ലെ നഷ്ടം 2,914.40 കോടി രൂപയായി ഉയർന്നു. ഇതിനിടെ 2013 — 14ൽ ഡി ടി സിയുടെ നഷ്ടം കുറഞ്ഞ് 1,363.74 കോടി രൂപയായിരുന്നു. എന്നാൽ ഡി ടി സിക്ക് സർക്കാർ 2,200 കോടി രൂപയുടെ ഗ്രാന്റ് ഇൻ എയ്ഡ് അനുവദിച്ചതിനാലാണ് അക്കൊല്ലം നഷ്ടം കുറഞ്ഞതെന്ന് അധികൃതർ വിശദീകരിക്കുന്നു.

പ്രവർത്തന നഷ്ടത്തിൽ പുതുമയില്ലെങ്കിലും വരുമാനത്തിൽ സംഭവിക്കുന്ന ഇടിവാണു ഡി ടി സി നേരിടുന്ന പുതിയ വെല്ലുവിളി. രണ്ടു വർഷം മുമ്പു വരെ ഡി ടി സിയുടെ വരുമാനത്തിൽ ക്രമമായ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഡി ടി സി ബസ്സുകളുടെ എണ്ണം കുറയുകയും ക്ലസ്റ്റർ ബസ്സുകളുടെ എണ്ണം കൂടുകയും ചെയ്തതോടെ കോർപറേഷന്റെ വരുമാനത്തിലും ഇടിവു നേരിട്ടു തുടങ്ങി. പ്രതിദിനം മൂന്നു കോടിയോളം രൂപ നഷ്ടം വരുത്തിയാണു ഡി ടി സി മുന്നേറുന്നത്; ഓരോ കിലോമീറ്റർ ഓടുമ്പോഴും ഡി ടി സിക്കു നേരിടുന്ന നഷ്ടമാവട്ടെ 43 രൂപയാണത്രെ. സാമ്പത്തികമായ തിരിച്ചടികൾക്കിടയിലും ഡി ടി സിയുടെ സേവനം മെച്ചപ്പെടുത്തുമെന്നാണു ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിന്റെ നിലപാട്. മാൾവ്യ നഗറിലേക്കു പുതിയ ഫീഡർ സർവീസ് ആരംഭിക്കുമെന്നു ഡി ടി സി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 323 ഡ്രൈവർമാരെയും 748 കണ്ടക്ടർമാരെയും ഡി ടി സി പുതുതായി നിയമിച്ചിട്ടുമുണ്ട്.

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാനും ഡി ടി സി പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. തലസ്ഥാനത്തെ 31 ഡിപ്പോകളെ മൾട്ടി ലവൽ പാർക്കിങ് ലോട്ടുകളായി പരിവർത്തനം ചെയ്യാനുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പാണു നടപ്പാക്കുക. ബസ്സുകളിലും ഡിപ്പോയുടെ ഭിത്തികളിലുമൊക്കെ പരസ്യം പതിക്കാൻ അനുമതി നൽകി വരുമാനമുണ്ടാക്കാനും ഡി ടി സി ഒരുങ്ങുന്നുണ്ട്. ഇത്തരം പുതിയ വരുമാനസ്രോതസ്സുകളിലൂടെ പ്രവർത്തന നഷ്ടം കുറച്ചു കൊണ്ടുവരാനാവുമെന്നാണു കോർപറേഷന്റെ പ്രതീക്ഷ.  ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ(ഇ ടി എം) ഏർപ്പെടുത്തിയും ഡൽഹി മെട്രോ യാത്രയ്ക്കുള്ള സ്മാർട് കാർഡ് ബസ്സുകളിലും സ്വീകരിച്ചുമൊക്കെ നേട്ടം കൊയ്യാനാവുമെന്നു ഡി ടി സി കരുതുന്നു. നിലവിൽ ഡി ടി സിയുടെ 70 ശതമാനത്തോളം ബസ്സുകളിൽ ഇ ടി എം നടപ്പാക്കിയിട്ടുണ്ട്. ഡൽഹി മെട്രോ സ്മാർട് കാർഡ് രണ്ടു മാസത്തിനകം ബസ് യാത്രയ്ക്കും ഉപയോഗിക്കാനാവുമെന്നാണു ഡി ടി സിയുടെ പ്രതീക്ഷ.