ഇഗ്നിസിന് പൂർണ്ണ സുരക്ഷ

Suzuki Ignis Crash Test

മാരുതി സുസുക്കി ഉടൻ പുറത്തിറക്കുന്ന ചെറു എസ് യു വി ഇഗ്നിസിന് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ. യൂറോപ്യൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (യൂറോ എന്‍സിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിൽ ഇഗ്നിസിന്റെ സ്റ്റാന്റേർഡ് വേരിയന്റ് മൂന്നു സ്റ്റാറും ഓപ്ഷണൽ സെഫ്റ്റി പായ്ക്കോടു കൂടിയ വകഭേദത്തിന് അഞ്ച് സ്റ്റാറുമാണ് ലഭിച്ചത്. വാഹനത്തിന്റെ യൂറോപ്യൻ വേർഷനിലാണ് എൻസിഎപി ക്രാഷ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് നടത്തിയ രണ്ടു മോഡലുകൾക്കും രണ്ട് എയർബാഗുകളുണ്ടായിരുന്നു. ഇന്ത്യൻ വാഹന വിപണി ആകാംഷയോടെ കാത്തിരിക്കുന്ന ചെറു എസ് യു വിയാണ് മാരുതി ഇഗ്നിസ്.

അഞ്ചു ലക്ഷത്തിൽ താഴെ വിലയുള്ള ചെറു എസ് യു വി വിപണി പിടിക്കാനെത്തുന്ന ഇഗ്നിസിന് 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ഉണ്ടാകുക. 2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ ആദ്യമായാണ് ഇന്ത്യയിൽ പ്രദർശിപ്പിച്ചത് ഡൽഹി ഓട്ടോഎക്സ്പോയിൽ വെച്ചായിരുന്നു. മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിർമ്മിച്ചിരിക്കുന്ന ഇഗ്നിസ് ചെറു എസ് യു വിയാണെങ്കിലും മസ്കുലറായ രൂപത്തിനുടമയാണ്.

രാജ്യാന്തര വിപണിയിൽ 1.25 ലിറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ളുവെങ്കിലും ഇന്ത്യയിൽ പുറത്തിറങ്ങുമ്പോൾ 1.2 ലിറ്റർ കെ12 പെട്രോൾ എൻജിനും 1.2 ലിറ്റർ ഡീസൽ എൻജിനുമുണ്ടാകും. വലിപ്പമേറിയ ഗ്രില്ലും ഹെഡ് ലാമ്പുകളും, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ തുടങ്ങിയവ ഇഗ്നിസിന്റെ പ്രത്യേകതകളാണ്. ഇഗ്നിസ് നെക്സ വഴി വിൽക്കുന്ന മാരുതിയുടെ മൂന്നാമത്തെ വാഹനമായിരിക്കും.