ഡീസൽ വിലക്ക്: എ ഐ പി ടാക്സി വ്യവസ്ഥ പരിഷ്കരിക്കുന്നു

ദേശീയ തലസ്ഥാന മേഖല(എൻ സി ആർ)യിൽ ഡീസൽ എൻജിനുള്ള വാഹനങ്ങൾ സുപ്രീം കോടതി വിലക്കിയ സാഹചര്യത്തിൽ ടാക്സികൾക്കുള്ള അഖിലേന്ത്യാ പെർമിറ്റ്(എ ഐ പി) വ്യവസ്ഥകൾ പുനഃനിർവചിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ദീർഘദൂര യാത്രകൾക്കു പുറമെ ദിവസവും 40 കിലോമീറ്റർ ഓടുകയും മണിക്കൂർ അടിസ്ഥാനത്തിലോ പ്രതിദിന അടിസ്ഥാനത്തിലോ വാടകയ്ക്കു ലഭിക്കുകയോ ചെയ്യുന്ന ടാക്സികളെ എ ഐ പി ആയി പരിഗണിക്കാനാണു തീരുമാനം. ഡീസൽ ടാക്സികൾക്കു വിലക്ക് വീണ പശ്ചാത്തലത്തിൽ എ ഐ പി ടാക്സികളുടെ പുതുക്കിയ നിർവചനം വൈകാതെ ഉന്നതാധികാര സമിതിയുടെ അംഗീകാരത്തിനു സമർപ്പിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചു.

കുറഞ്ഞത് 40 കിലോമീറ്റർ എങ്കിലും ദിവസവും ഓടുന്നതും ഓഫിസുകൾക്കും മറ്റും മണിക്കൂർ അടിസ്ഥാനമാക്കിയോ ദിവസം അടിസ്ഥാനമാക്കിയോ കരാർ വ്യവസ്ഥയിൽ ലഭ്യമാവുന്നതുമായ ടാക്സികളെയാവും മേലിൽ അഖിലേന്ത്യാ പെർമിറ്റുള്ളവയായി പരിഗണിക്കുക. എന്നാൽ ഈ ടാക്സികൾക്കു നയരൂപീകരണം ആവശ്യപ്പെട്ടു ടാക്സി, ട്രാൻസ്പോർട് ഓപ്പറേറ്റർമാർ നിവദേനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഢ്കരി നിയോഗിച്ച മൂന്നംഗ സമിതിയാവും ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നാണു സൂചന. റോഡ് ഗതാഗത, ഹൈവേ സെക്രട്ടറി സഞ്ജയ് മിത്ര അധ്യക്ഷനായ സമിതിയിൽ ഗതാഗത ജോയിന്റ് സെക്രട്ടറി അഭയ് ഡാംലെയും ഡൽഹി ട്രാൻസ്പോർട്ട് കമ്മിഷണറുമാണ് അംഗങ്ങൾ.

സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) ഇന്ധനമാക്കാനുള്ള സമയപരിധി രണ്ടു തവണ നീട്ടി നൽകിയ ശേഷമാണു കഴിഞ്ഞ മേയ് ഒന്നു മുതൽ രാജ്യതലസ്ഥാനത്തു ഡീസൽ ടാക്സികൾ വിലക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. അതേസമയം എൻ സി ആറിനു പുറത്തു കൂടി സർവീസ് നടത്തുന്നതിനാൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ടാക്സികൾക്ക് കോടതി ഇളവും അനുവദിച്ചിരുന്നു. ഡൽഹി ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് രാജ്യതലസ്ഥാന മേഖലയിൽ റജിസ്റ്റർ ചെയ്ത അറുപതിനായിരത്തോളം ടാക്സികളിൽ 27,000 എണ്ണം ഡീസലിലാണ് ഓടുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇവയിൽ രണ്ടായിരത്തോളം കാറുകൾ സി എൻ ജിയിലേക്കു മാറിയതായും കണക്കാക്കുന്നു.