കാർ നിർമാണം: കൊറിയയെ പിന്തള്ളി ഇന്ത്യ 5—ാമത്

കാർ നിർമാണത്തിൽ ദക്ഷിണ കൊറിയയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കു മുന്നേറി. കാർ നിർമാണത്തിൽ ആഗോളതലത്തിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്; യു എസ്, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങൾക്കാണ് രണ്ടു മുതൽ നാലു വരെയുള്ള സ്ഥാനങ്ങൾ.
കഴിഞ്ഞ ജനുവരി — ജൂലൈ കാലത്ത് ദക്ഷിണ കൊറിയ മൊത്തം 25,51,937 കാറുകൾ നിർമിച്ചെന്നാണു കൊറിയ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് അസോസിയേഷ(കെ എ എം എ)ന്റെ കണക്ക്. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യൻ നിർമാതാക്കൾ 25.70 ലക്ഷം കാറുകൾ ഉൽപ്പാദിപ്പിച്ചു. ഇതോടെ ചരിത്രത്തിൽ ആദ്യമായി കാർ നിർമാണത്തിൽ ഇന്ത്യ ദക്ഷിണ കൊറിയയെ പിന്നിലാക്കിയെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു. 

ജൂൺ വരെയുള്ള കണക്കനുസരിച്ച് അഞ്ചാം സ്ഥാനത്തുള്ള കൊറിയ മൊത്തം 21,95,843 കാറുകളും ആറാമതായിരുന്ന ഇന്ത്യ 21,86,655 കാറുകളുമാണ് നിർമിച്ചിരുന്നത്. എന്നാൽ ജൂലൈയിൽ ഇന്ത്യ ഉൽപ്പാദനം 3,88,656 കാറുകളാക്കി ഉയർത്തിയപ്പോൾ ദക്ഷിണ കൊറിയയുടെ ഉൽപ്പാദനം 3,56,094 യൂണിറ്റിലൊതുങ്ങി. ഇതോടെയാണു നേരിയ ഭൂരിപക്ഷത്തിന് ഇന്ത്യ ദക്ഷിണ കൊറിയയെ പിന്തള്ളിയതെന്നും അസോസിയേഷൻ വിശദീകരിക്കുന്നു.മാത്രമല്ല, സമ്പദ്വ്യവസ്ഥ അനുകൂലമായതിനാൽ ഇന്ത്യയിലെ ആഭ്യന്തര വിൽപ്പന ഉയർന്നതലത്തിൽത ടരുമെന്നും കെ എ എം എ കരുതുന്നു. അതുകൊണ്ടുതന്നെ കാർ ഉൽപ്പാദനത്തിൽ നഷ്ടമായ അഞ്ചാം സ്ഥാനം ഇന്ത്യയിൽ നിന്നു തിരിച്ചുപിടിക്കാൻ തൽക്കാലം ദക്ഷിണ കൊറിയയ്ക്കു കഴിയില്ലെന്നും അസോസിയേഷൻ കരുതുന്നു.

പോരെങ്കിൽ സമീപ ഭാവിയിൽ കാർ നിർമാണത്തിൽ മെക്സിക്കോയും ദക്ഷിണ കൊറിയയെ പിന്തള്ളാനുള്ള സാധ്യതയും അസോസിയേഷൻ പ്രവചിക്കുന്നുണ്ട്. ഭൂമി ശാസ്ത്രപരമായി വടക്ക് — ലാറ്റിൻ അമേരിക്കകൾക്കിടയിലെ സ്ഥാനം മെക്സിക്കോയ്ക്ക് ഏറെ ഗുണകരമാവുമെന്നാണ് കെ എ എം എയുടെ നിഗമനം. അതുകൊണ്ടുതന്നെ കാർ നിർമാണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മെക്സിക്കൻ സർക്കാർ വിവിധ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മെക്സിക്കോയിലെ വാർഷിക കാർ ഉൽപ്പാദനം 34 ലക്ഷം യൂണിറ്റിലെത്തിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. കൊറിയൻ കമ്പനിയായ കിയ മോട്ടോഴ്സ് പ്രതിവർഷം നാലു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള കാർ പ്ലാന്റ് ഈയിടെ മെക്സിക്കോയിൽ തുറന്നിരുന്നു. യു എസ് നിർമാതാക്കളായ ഫോഡും കമ്പനിയുടെ ചെറുകാർ നിർമാണം മെക്സിക്കോയിലേക്കു പറിച്ചു നടാനുള്ള ഒരുക്കത്തിലാണ്.

ഉയർന്ന കൂലി നിരക്കും ഇടയ്ക്കിടെയുള്ള തൊഴിൽ സമരങ്ങളും ദക്ഷിണ കൊറിയൻ വാഹന നിർമാണ വ്യവസായത്തിനു കൂടുതൽ തിരിച്ചടി സൃഷ്ടിക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോറിനെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ വിദേശത്തെ ഉൽപ്പാദനശേഷി ആഭ്യന്തര ശാലകളുടെ ശേഷിയെ മറികടന്നു കഴിഞ്ഞു. ഹ്യുണ്ടേയിയുടെ ഉപസ്ഥാപനമായ കിയ മോട്ടോഴ്സാവട്ടെ ഇന്ത്യയിൽ പുതിയ ശാല സ്ഥാപിക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്. ജി എം കൊറിയ, റെനോ സാംസങ് മോട്ടോഴ്സ് തുടങ്ങിയ കമ്പനികളാവട്ടെ യു എസിലും യൂറോപ്പിലും നിർമിച്ച കാറുകൾ കൊറിയയിലേക്ക് ഇറക്കുമതി ചെയ്തു വിൽക്കുന്നതും വർധിപ്പിച്ചിട്ടുണ്ടെന്ന് കെ എ എം എ ചൂണ്ടിക്കാട്ടുന്നു.