ഇന്ത്യയിൽ നിന്നു കാർ, യന്ത്രഘടക കയറ്റുമതി വളർത്താൻ ഹോണ്ട

യന്ത്രഘടകങ്ങളുടെയും വാഹനങ്ങളുടെയും കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയ്ക്കു പദ്ധതി. കഴിഞ്ഞ സാമ്പത്തിക വർഷം 722 കോടി രൂപയുടെ വാഹന നിർമാണ ഘടകങ്ങളാണ് ഹോണ്ട മോട്ടോർ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) കയറ്റുമതി ചെയ്തത്. ഇക്കൊല്ലം 1,100 കോടി രൂപയുടെ കയറ്റുമതിയാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലുള്ള വിപണികൾക്കു പുറമെ യു എസ്, ചൈന, കാനഡ എന്നീ രാജ്യങ്ങളിലേക്കും യന്ത്രഘടക കയറ്റുമതി വ്യാപിപ്പിക്കാനാണു ഹോണ്ട കാഴ്സിന്റെ തീരുമാനം.

വാഹന നിർമാണത്തിനുള്ള ധാരാളം ഘടകങ്ങൾ ഇപ്പോൾ തന്നെ ഇന്ത്യയിൽ നിന്നു സമാഹരിക്കുകയും കയറ്റുമതി നടത്തുകയും ചെയ്യുന്നുണ്ടെന്നു ഹോണ്ട കാഴ്സ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കട്സുഷി ഇനു അറിയിച്ചു. കയറ്റുമതി വർധിപ്പിക്കാനും ഇന്ത്യയിലെ ഈ മേഖലയിലെ പ്രധാന ഹബ്വായി വികസിപ്പിക്കാനുമാണു കമ്പനിയുടെ തീരുമാനമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യയിൽ നിന്നുള്ള യന്ത്രഘടക കയറ്റുമതിയിൽ ക്രമാനുഗത വളർച്ചയാണു ഹോണ്ട കൈവരിച്ചത്. 2013 — 14ൽ 420 കോടി രൂപയുടെ കയറ്റുമതി നടത്തിയതാണു കഴിഞ്ഞ സാമ്പത്തിക വർഷം 722 കോടി രൂപയിലേക്കു വളർന്നത്. രാജസ്ഥാനിലെ തപുകര ശാലയിൽ നിന്ന് എൻജിൻ ഘടകങ്ങൾ, ഫോർജിങ്, ട്രാൻസ്മിഷൻ തുടങ്ങിയവയാണു ഹോണ്ട കാഴ്സ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. നിലവിൽ ജപ്പാൻ, തായ്ലൻഡ്, മലേഷ്യ, ഇന്തൊനീഷ, ഫിലിപ്പൈൻസ്, തയ്വാൻ, വിയറ്റ്നാം, യു കെ, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്കാണ് ഹോണ്ടയുടെ യന്ത്രഘടക കയറ്റുമതി. വൈകാതെ യു എസിലേക്കും ചൈനയിലേക്കും കാനഡയിലേക്കുമുള്ള കയറ്റുമതിയും ആരംഭിക്കും.

ഇന്ത്യയെക്കുറിച്ച് ഹോണ്ടയ്ക്കു പ്രതീക്ഷയേറെയാണെന്ന് ഇനു വ്യക്തമാക്കി. വൻസാധ്യതയുള്ള വിപണിയാണ് ഇന്ത്യയെന്നാണു ഹോണ്ടയുടെ വിലയിരുത്തൽ. ഹോണ്ടയെ സംബന്ധിച്ചിടത്തോളം യു എസിനും ചൈനയ്ക്കും ജപ്പാനും പിന്നിൽ നാലാം സ്ഥാനത്തുള്ള വിപണിയാണ് ഇന്ത്യ. ഇവിടെ നിന്ന് റൈറ്റ് ഹാൻഡ് ഡ്രൈവ് രീതി പിന്തുടരുന്ന രാജ്യങ്ങളിലേക്കുള്ള കാർ കയറ്റുമതി വർധിപ്പിക്കാനും ഹോണ്ടയ്ക്കു പദ്ധതിയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ സാമ്പത്തിക വർഷം 8,403 കാറുകളാണ് ഹോണ്ട കാഴ്സ് ഇന്ത്യ കയറ്റുമതി ചെയ്തത്; 2013 — 14ൽ 5,798 യൂണിറ്റ് കയറ്റുമതി ചെയ്ത സ്ഥാനത്താണിത്. കഴിഞ്ഞ ഏപ്രിൽ — ജൂൺ ത്രൈമാസത്തിലാവട്ടെ 1,858 കാറുകൾ കയറ്റുമതി ചെയ്യാനും ഹോണ്ട കാഴ്സിനായി. പ്രധാനമായും ദക്ഷിണാഫ്രിക്കയിലേക്കും അയൽ രാജ്യങ്ങളായ നേപ്പാളിലേക്കും ബംഗ്ലദേശിലേക്കുമാണു ഹോണ്ടയുടെ കാർ കയറ്റുമതി.

കഴിഞ്ഞ ദിവസം വിപണിയിലെത്തിയ പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’ന്റെ ഇന്ത്യൻ അരങ്ങേറ്റത്തിനു മുമ്പു തന്നെ കയറ്റുമതി ആരംഭിച്ചിരുന്നു. ഇതിനു പുറമെ ഹാച്ച്ബാക്കായ ‘ബ്രിയൊ’, കോംപാക്ട് സെഡാനായ ‘അമെയ്സ്’, ഇടത്തരം സെഡാനായ ‘സിറ്റി’, വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’ എന്നിവയും ഹോണ്ട ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്നുണ്ട്. ‘അമെയ്സ്’, ‘ജാസ്’, ‘സിറ്റി’ എന്നിവ തപുകരയിലും ‘ബ്രിയൊ’യും ‘മൊബിലിയൊ’യും ഗ്രേറ്റർ നോയ്ഡയിലുമാണു ഹോണ്ട നിർമിക്കുന്നത്.