വരുന്നു ഭാരത് ക്രാഷ് ടെസ്റ്റ്

ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന വാഹനങ്ങൾ ക്രാഷ് ടെസ്റ്റിൽ തകർന്നു തരിപ്പണമാകുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായ വാഹനങ്ങൾ നിർമാതാക്കൾ പുറത്തിറക്കണമെന്ന ആവശ്യം ശക്തിപ്പെട്ടുകൊണ്ടിരിക്കെ ഇന്ത്യൻ വാഹനങ്ങൾക്കും ക്രാഷ് ടെസ്റ്റ് ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുകയാണെന്നു സൂചന.

ഭാരത് ന്യൂവെഹിക്കിൾ സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പൊതുജനത്തെ അറിയിക്കും എന്നാണു ക്രേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിന്റെ ജോയിന്റ് െസക്രട്ടറി അഭയ് ഡാമ്‍ലെ അറിയിച്ചത്. ക്രാഷ് ടെസ്റ്റിലേയ്ക്കു മാത്രം ഒതുക്കാതെ വാഹനത്തിന്റെ സമഗ്ര സുരക്ഷ പരിശോധിക്കാൻ ഉതകുന്നതായിരിക്കും ഭാരത് എൻസിഎപി സുരക്ഷാ നിലവാരം എന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ ഇരുചക്രവാഹനങ്ങളും മുചക്രവാഹനങ്ങളും ഉപയോഗിക്കുന്നവർ ധാരാളമുള്ളതുകൊണ്ട് ഇവയെയും പ്രോഗ്രാമിന്റെ കീഴിൽ കൊണ്ടുവരും എന്നാണ് അറിയുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളിലെ എൻസിഎപികൾ ക്രാഷ് ടെസ്റ്റുകൾ നടത്തുന്നത് 64 കിലോമീറ്റർ വേഗതയിലാണെങ്കിൽ ഇന്ത്യയിലെ ക്രാഷ് ടെസ്റ്റ് 56 കിലോമീറ്റർ വേഗതയിലായിരിക്കും. കൂടാതെ ഇന്ത്യയിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതു പരിഗണനയിലാണെന്നും ഡാമ്‍ലെ അറിയിച്ചു.