ഓൺലൈൻ ടാക്സികള്‍ക്ക് റയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക പാർക്കിങ്

Representative Image

ഓലയും യൂബറും പോലുള്ള മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സികൾക്ക് രാജ്യത്തെ 500 സ്റ്റേഷനുകളിൽ പ്രത്യേക പാർക്കിങ് അനുവദിക്കാൻ റയിൽവേ ഒരുങ്ങുന്നു. ഓൺലൈൻ ടാക്സി സേവനത്തോടു യാത്രക്കാർക്കുള്ള താൽപര്യം മുതലെടുത്ത് 300 കോടിയോളം രൂപയുടെ ലാഭമാണ് ഈ നടപടിയിലൂടെ റയിൽവേ ലക്ഷ്യമിടുന്നത്. മാത്രമല്ല ഓൺലൈൻ കാബ് അഗ്രിഗേറ്റർമാർ റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് യാത്രക്കാരെ കയറ്ററുതെന്നു വാശി പിടിച്ച കൊച്ചിയിലെയും തിരുവനന്തപുരത്തെയുമൊക്കെ സാധാരണ ടാക്സികൾക്ക് കനത്ത തിരിച്ചടിമാണ് ഈ നടപടി. ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സികൾക്ക് പ്രത്യേക ഇടം ലഭിക്കുന്നതോടെ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഇപ്പോഴുള്ള അംഗീകൃത ടാക്സികളുടെ ഭാവി എന്താവുമെന്ന അനിശ്ചിതത്വവുമുണ്ട്.

ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാർക്ക് പ്രധാന സ്റ്റേഷൻ പരിസരത്ത് പ്രത്യേക പാർക്കിങ്ങും ക്യോസ്ക് സൗകര്യവും ലഭ്യമാക്കുന്ന പുത്തൻ നയം കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭു അടുത്ത മാസം അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ. നിലവിൽ സ്റ്റേഷൻ പരിസരത്ത് ടാക്സി പാർക്കിങ്ങിന് അനുമതി നൽകുന്നതിലൂടെ 122 കോടി രൂപയാണു റയിൽവേയുടെ വാർഷിക വരുമാനം. ഓൺലൈൻ ടാക്സി അഗ്രിഗേറ്റരെ കൂടി പരിഗണിക്കുന്ന പുതിയ നയം നടപ്പാവുന്നതോടെ ടാക്സി പാർക്കിങ്ങിൽ നിന്നുള്ള ഈ വരുമാനത്തിൽ കുറഞ്ഞത് 200 കോടി രൂപയുടെ വർധനയാണു റയിൽവേ പ്രതീക്ഷിക്കുന്നത്.

മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇപ്പോൾ തന്നെ ട്രെയിൻ യാത്രക്കാർക്ക് ഓല കാബ്സിന്റെയും യൂബറിന്റെയുമൊക്കെ സേവനം പ്രയോജനപ്പെടുത്താനാവും. എന്നാൽ പ്രത്യേക പാർക്കിങ് സൗകര്യവും സ്വന്തം ക്യോസ്കുമൊക്കെയാവുന്നതോടെ റയിൽവേ സ്റ്റേഷൻ മേഖലയിൽ നിന്ന് ഇത്തരം കമ്പനികൾക്ക് കൂടുതൽ ബിസിനസ് ലഭിക്കുമെന്നതാണ് ആകർഷണം. പാർക്കിങ് നയം പരിഷ്കരിക്കുന്നതു സംബന്ധിച്ച് റയിൽവേ പ്രധാന ഓൺലൈൻ കാബ് അഗ്രിഗേറ്റർമാരുമായി ചർച്ച നടത്തിയിരുന്നു; പ്രധാന റയിൽവേ സ്റ്റേഷനുകളോട് അനുബന്ധിച്ച് പാർക്കിങ്, ക്യോസ്ക് സൗകര്യങ്ങൾ ഏറ്റെടുക്കുന്നതിൽ അവർ അതീവ തൽപരരാണെന്നാണു സൂചന. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മൊബൈൽ ആപ്ലിക്കേഷനെ ആശ്രയിക്കാതെ ക്യോസ്കിലെത്തി ടാക്സി അഗ്രിഗേറ്റർമാരുടെ സേവനം പ്രയോജനപ്പെടുത്താമെന്നതാണു ട്രെയിൻ യാത്രക്കാര്ക്കുള്ള നേട്ടം.

യാത്രക്കാരുടെ എണ്ണവും ചരക്കു നീക്കവും പ്രതീക്ഷിച്ച രീതിയിൽ വർധിക്കാത്ത സാഹചര്യത്തിൽ പുത്തൻ വരുമാന സ്രോതസുകൾ കണ്ടെത്തി വികസിപ്പിക്കാനുള്ള തീവ്രയത്നത്തിലാണു റയിൽവേ. ഈ ശ്രമങ്ങളുടെ ഭാഗമായാണ് സ്റ്റേഷൻ പരിസരത്തെ പാർക്കിങ് സ്ഥലങ്ങളിൽ നിന്ന് അധിക വരുമാനം കണ്ടെത്താനുള്ള നീക്കം.