നാലു വർഷത്തിനിടെ ഇ വി വിൽപ്പനയിൽ വളർച്ച

Mahindra E2O

നാലു വർഷത്തിനിടയിൽ ഇതാദ്യമായി രാജ്യത്ത് വൈദ്യുത വാഹന(ഇ വി) വിൽപ്പനയിൽ വർധന. എങ്കിലും ദശാബ്ദം അവസാനിക്കുമ്പോഴേക്ക് 50 — 60 ലക്ഷം ഇ വികൾ നിരത്തിലെത്തിക്കാനുള്ള സർക്കാരിന്റെ സ്വപ്നം സഫലമാക്കുന്ന തലത്തിലേക്കു വിൽപ്പന വളർന്നിട്ടില്ലെന്നതാണു വസ്തുത. മുൻ സാമ്പത്തിക വർഷം 16,000 ഇ വികളാണ് ഇന്ത്യയിൽ വിറ്റത്; 2015 — 16ലെ വിൽപ്പന 37.5% വളർച്ചയോടെ 22,000 യൂണിറ്റിലെത്തിയെന്നു സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസി(എസ് എം ഇ വി എസ്)ന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തു വിറ്റതിൽ 20,000 ഇ വികളും ഇരുചക്രവാഹനങ്ങളാണ്; 2,000 എണ്ണം ബാറ്ററിയിൽ ഓടുന്ന നാലു ചക്രവാഹനങ്ങളും. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ എന്ന ‘ഫെയിം’ പദ്ധതിയിൽപെടുത്തി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകളും ആനുകൂല്യങ്ങളുമാണ് ഇ വി നിർമാതാക്കൾക്കു തുണയായത്. സർക്കാർ സഹായിച്ചിട്ടും നാലു വർഷം മുമ്പു കൈവരിച്ച ഒരു ലക്ഷം യൂണിറ്റിന്റെ വാർഷിക വിൽപ്പനയെ മറികടക്കാൻ ഇ വികൾക്കു കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

നാലു വർഷത്തെ ഇടവേളയ്ക്കൊടുവിൽ ഇ വി വിൽപ്പനയിൽ ഉണർവ് ദൃശ്യമാവുന്നതു ശുഭസൂചനയാണെന്നു നിർമാതാക്കൾ വിലയിരുത്തുന്നു. എങ്കിലും നാഷനൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ ലക്ഷ്യമിടുന്ന വിൽപ്പന കൈവരിക്കാവുന്ന സാഹചര്യം നിലവിലുള്ളതായി നിരീക്ഷകർ കരുതുന്നില്ല. നഗരങ്ങളിലെ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന വൈദ്യുത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ഇപ്പോഴുള്ള ഇളവുകളും ആനുകൂല്യങ്ങളും പര്യാപ്തമല്ലെന്ന വിലയിരുത്തലും ശക്തമാണ്. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള അവബോധം വർധിക്കുന്നുണ്ടെന്നതു വാസ്തവമാണെന്ന് എസ് എം ഇ വി എസ് ഡയറക്ടർ സൊഹീന്ദർ ഗിൽ കരുതുന്നു. ഒപ്പം ഇ വികൾ പണത്തിനൊത്ത മൂല്യം നൽകുന്നുണ്ടെന്ന് ഉപയോക്താക്കളും തിരിച്ചറിയുന്നുണ്ട്. പക്ഷേ 2020നകം 50 — 60 ലക്ഷം ഇ വികൾ നിരത്തിലെത്തിക്കണമെങ്കിൽ എല്ലാത്തലത്തിലുമുള്ള സർക്കാരിൽ നിന്നു കൂടുതൽ സഹായം അനിവാര്യമാണെന്ന് ഗിൽ അഭിപ്രായപ്പെടുന്നു.