ബ്രെസയേയും ക്രേറ്റയേയും പിന്നിലാക്കി ഇന്നോവ ക്രിസ്റ്റ

Innova Crysta

പുറത്തിറങ്ങി ആദ്യമാസം തന്നെ വിൽപ്പനയിൽ മറ്റു യുട്ടിലിറ്റി വാഹനങ്ങളെ പിൻന്തള്ളി കുതിക്കുകയാണ് ഇന്നോവ.  മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ് യു വിയായ ബ്രെസയേയും ഹ്യുണ്ടേയ്‌യുടെ ക്രേറ്റയേയും പിന്തള്ളിയാണ് ക്രിസ്റ്റ മികച്ച വിൽപ്പന നേടിയത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 44 ശതമാനം അധിക വിൽപ്പനയാണ് മെയ്‌യിൽ ഇന്നോവയ്ക്ക് ലഭിച്ചത്. വിറ്റാര ബ്രെസയുടെ 7193 യൂണിറ്റുകളും ക്രേറ്റയുടെ 7057 യൂണിറ്റുകളും വിറ്റപ്പോള്‍‌ ഇന്നോവ ക്രിസ്റ്റയുടെ 7259 യൂണിറ്റുകളാണ് പുറത്തിറങ്ങിയത്.

Innova Crysta

നിരത്തിലെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം ബുക്കിങ്ങുകൾ ഇന്നോവ ക്രിസ്റ്റയ്ക്ക് ലഭിച്ചുവെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. ഏഴും എട്ടും സീറ്റുകളോടെ വിപണിയിലുള്ള ‘ഇന്നോവ ക്രിസ്റ്റ’ കഴിഞ്ഞ 14നാണു ടി കെ എം പുറത്തിറക്കിയത്; നിലവിൽ ഡീസൽ എൻജിനോടെ മാത്രം ലഭ്യമാവുന്ന എം പി വിയുടെ വിവിധ വകഭേദങ്ങൾക്ക് 13,83,677 രൂപ മുതൽ 20,77,930 രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില.

Innova Crysta

ഇതിനിടെ ഡൽഹിയിലും രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലും ഡീസൽ വാഹനങ്ങൾക്ക് നടപ്പായ വിലക്കിനെ മറികടക്കാൻ ‘ഇന്നോവ ക്രിസ്റ്റ’യ്ക്കായി പുതിയ പെട്രോൾ എൻജിനും ടൊയോട്ട വികസിപ്പിക്കുന്നുണ്ട്. 2.7 ലീറ്റർ പെട്രോൾ എൻജിനാണ് ‘ഇന്നോവ ക്രിസ്റ്റ’യ്ക്കായി അണിയറയിൽ ഒരുങ്ങുന്നത്. രണ്ട് ഡീസൽ എൻജിൻ സാധ്യതകളോടെയായിരുന്നു ടൊയോട്ട ‘ഇന്നോവ ക്രിസ്റ്റ’യുടെ ഇന്ത്യയിലെ അരങ്ങേറ്റം. പക്ഷേ രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുള്ള വാഹനങ്ങൾക്ക് സുപ്രീം കോടതി വിലക്ക് ഏർപ്പെടുത്തിയതോടെ ഡൽഹി — എൻ സി ആർ ഭാഗത്ത് ‘ഇന്നോവ ക്രിസ്റ്റ’ വിൽക്കാനാവാത്ത സ്ഥിതിയായി. ഇതോടൊപ്പം പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഫോർച്യൂണറി’ന്റെ വിൽപ്പനയ്ക്കും വിലക്ക് തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്.

Innova Crysta

ഈ സാഹചര്യത്തിലാണു ദീപാവലി ആഘോഷത്തിനു മുമ്പായി 2.7 ലീറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന ‘ഇന്നോവ ക്രിസ്റ്റ’ പുറത്തിറക്കാനാണു ജാപ്പനീസ് നിർമാതാക്കൾ ശ്രമിക്കുന്നത്.തായ്‌ലൻഡും ഇന്തൊനീഷയും പോലുള്ള വിപണികളിൽ രണ്ടു ലീറ്റർ പെട്രോൾ എൻജിനോടെ ഇപ്പോൾ തന്നെ ‘ഇന്നോവ ക്രിസ്റ്റ’ വിൽപ്പനയ്ക്കുണ്ട്. പക്ഷേ ഇന്ത്യൻ സാഹചര്യങ്ങൾ മുൻനിർത്തിയാണ് ടൊയോട്ട ‘ഇന്നോവ ക്രിസ്റ്റ’യ്ക്കു വേണ്ടി പ്രത്യേകമായി കരുത്തേറിയ 2,700 സി സി പെട്രോൾ എൻജിൻ വികസിപ്പിക്കുന്നത്.

സുപ്രീം കോടതി വിലക്ക് നിലവിൽവന്ന സാഹചര്യത്തിലാണ് ഈ എൻജിന്റെ വികസനനടപടി ത്വരിതപ്പെടുത്താനും ടൊയോട്ട തീരുമാനിച്ചത്. തുടക്കത്തിൽ ഇന്ത്യയിൽ ലഭ്യമാവുന്ന ഈ എൻജിൻ ക്രമേണ വിദേശ വിപണികളിലും വിൽപ്പനയ്ക്കെത്തിക്കാനാണു ടൊയോട്ടയുടെ പരിപാടി. നിലവിൽ 2.4 ലീറ്റർ ഡീസൽ എൻജിനാണ് ‘ഇന്നോവ ക്രിസ്റ്റ’യ്ക്കു കരുത്തേകുന്നത്; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. കരുത്തേറിയ വകഭേദത്തിലുള്ളതാവട്ടെ 2.8 ലീറ്റർ എൻജിനാണ്; സീക്വൻഷ്യൽ ഷിഫ്റ്റുള്ള ആറു സ്പീഡ് ഗീയർബോക്സാണ് ഈ ‘ക്രിസ്റ്റ’യുടെ ട്രാൻസ്മിഷൻ.