മഹാരാഷ്ട്രയിൽ ഭീമൻ റിഫൈനറി സ്ഥാപിക്കാൻ ഐ ഒ സി

പൊതുമേഖലയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്(ഐ ഒ സി എൽ) മഹാരാഷ്ട്രയിൽ പ്രതിവർഷം ആറു കോടി ടൺ ശേഷിയുള്ള പുതിയ എണ്ണ ശുദ്ധീകരണ ശാല സ്ഥാപിക്കുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തു സ്ഥാപിതമാവുന്ന ഈ ഭീമൻ എണ്ണ ശുദ്ധീകരണശാലയുടെ നിർമാണത്തിൽ പൊതുമേഖല സ്ഥാപനങ്ങളായ ഭാരത് പെട്രോളിയം കോർപറേഷനും(ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും(എച്ച് പി സി എൽ), എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡും(ഇ ഐ എൽ) പങ്കാളിയാവുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. പദ്ധതിക്കായി 1.5 ലക്ഷം കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്; ഇതോടെ രാജ്യത്തെ ഏറ്റവുമധികം മൂലധന നിക്ഷേപമുള്ള പദ്ധതിയായി ഇതു മാറുമെന്നും പ്രധാൻ അവകാശപ്പെട്ടു. രണ്ടു ഘട്ടമായിട്ടാവും ശാലയുടെ നിർമാണം. ആദ്യ ഘട്ടത്തിൽ നാലു കോടി ടണ്ണും തുടർന്നു രണ്ടു കോടി ണ്ണുമായിട്ടാവും ശാലയുടെ സ്ഥാപനം. ആദ്യ ഘട്ടത്തിനു തന്നെ ഒന്നര ലക്ഷം കോടി രൂപയിലേറെ ചെലവു വരുമെന്നാണു കണക്ക്.

കമ്പനിക്കു നിലവിലുള്ള എണ്ണ ശുദ്ധീകരണശാലകൾ ഉത്തരേന്ത്യയിൽ സ്ഥിതി ചെയ്യുന്നു എന്ന പരിമിതി കണക്കിലെടുത്താണ് ഐ ഒ സി രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തു നിലയുറപ്പിക്കുന്നത്. പുതിയ ശാലയിലൂടെ പടിഞ്ഞാറൻ, തെക്കൻ സംസ്ഥാനങ്ങളിലെ ഇന്ധനനീക്കം കാര്യക്ഷമമാക്കുകയാണു കമ്പനിയുടെ ലക്ഷ്യം. മുംബൈയിൽ നിലവിലുള്ള ശുദ്ധീകരണ ശാലകളുടെ ശേഷിയിലെ പരിമിതിയാണ് പുതിയ സംരഭവുമായി സഹകരിക്കാൻ ബി പി സി എല്ലിനെയും എച്ച് പി സിഎല്ലിനെയും പ്രേരിപ്പിക്കുന്നത്. പെട്രോൾ, ഡീസൽ, പാചകവാതകം(എൽ പി ജി), വിമാന ഇന്ധനം(എ ടി എഫ്) എന്നിവയ്ക്കൊപ്പം മഹാരാഷ്യ്രിലെ പ്ലാസ്റ്റിക്, രാസവസ്തു, വസ്ത്രവ്യവസായ മേഖലകൾക്കാവശ്യമായ പെട്രോകെമിക്കലുകൾ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റുകൾക്ക് ആവശ്യമുള്ള ഫീഡ്സ്റ്റോക്കും പുതിയ ശാലയിൽ നിർമിക്കും. പദ്ധതി സംബന്ധിച്ചു മന്ത്രി പ്രധാനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കഴിഞ്ഞ ദിവസം മുംബൈയിൽ ചർച്ചയും നടത്തിയിരുന്നു. ശാലയ്ക്കുള്ള സ്ഥലം കണ്ടെത്താൻ മഹാരാഷ്ട്ര സർക്കാരും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ ഒഡീഷയിലെ പാരദീപിൽ ഇന്ത്യൻ ഓയിൽ സ്ഥാപിച്ച എണ്ണ ശുദ്ധീകരണശാലയാണു രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി. അടുത്ത മാസം പ്രവർത്തനം തുടങ്ങുന്ന ശാലയുടെ ശേഷി പ്രതിവർഷം 1.5 കോടി ടൺ അസംസ്കൃത എണ്ണയാണ്. അതേസമയം ഇന്ത്യയിൽ ഏറ്റവും വലിയ റിഫൈനറി സമുച്ചയം സ്ഥാപിച്ച പെരുമ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിനാണ്. ഗുജറാത്തിലെ ജാംനഗറിൽ 2.7 കോടി ടൺ ശുദ്ധീകരണ ശേഷിയാണ് കമ്പനിക്കുണ്ടായിരുന്നത്; പിന്നീട് വാർഷിക ശേഷി 3.30 കോടി ടണ്ണായി ഉയർത്തുകയും ചെയ്തു. ഒപ്പം കയറ്റുമതിക്കു മാത്രമായി 2.9 കോടി ടൺ ശുദ്ധീകരണ ശേഷിയുള്ള ശാലയും ജാംനഗറിൽ റിലയൻസ് ഇൻഡസ്ട്രീസിനുണ്ട്.