ഇന്ത്യയിൽ നിന്നു യന്ത്രഘടക കയറ്റുമതിക്ക് ഇസൂസു

ഇന്ത്യയിൽ നിന്നു യന്ത്രഘടകങ്ങൾ സമാഹരിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് തീരുമാനിച്ചു. ഇന്ത്യയിലെ നിർമാണശാലയ്ക്കായി അനുബന്ധ ഘടകങ്ങൾ നിർമിക്കുന്നവരിൽ നിന്ന് ആഗോളതലത്തിൽ ആവശ്യമുള്ള ഭാഗങ്ങൾ സമാഹരിക്കാനാണ് ഇസൂസുവിന്റെ ആലോചന.

പ്രാദേശിക തലത്തിലുള്ള യന്ത്രഘടക സമാഹരണത്തിന് ഇന്ത്യയിൽ വൻസാധ്യതയാണുള്ളതെന്ന് ഇസൂസു ഇന്ത്യ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ഷിഗെരു വാകബയാഷി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ശാലയ്ക്കായി ഘടകങ്ങൾ നിർമിക്കുന്നവരിൽ നിന്നു തന്നെ ലോകമെങ്ങുമുള്ള ശാലകൾക്ക് ആവശ്യമുള്ള ഭാഗങ്ങൾ സമാഹരിക്കാനാവുമെന്നാണു പ്രതീക്ഷ.

ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയിൽ സ്ഥാപിക്കുന്ന ശാല അടുത്ത ഏപ്രിലിൽ പിക് അപ് ട്രക്കുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്നു വാകബയാഷി അറിയിച്ചു. ആദ്യഘട്ടം മുതൽതന്നെ ട്രക്കുകൾക്കുള്ള 70 ശതമാനത്തോളം ഘടകങ്ങൾ പ്രാദേശികമായി സമാഹരിച്ചവയാകും; എൻജിൻ അസംബ്ലി പോലും തദ്ദേശീയമായി നിർമിച്ചതാവുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ഉൽപ്പാദനം ആദായകരമാവില്ലെന്നതിനാൽ നട്ടും ബോൾട്ടുകളും മാത്രമാവും ഇറക്കുമതി ചെയ്യുക. മൊത്തം 3,000 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന ശാലയ്ക്ക് തുടക്കത്തിൽ പ്രതിവർഷം അരലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനാവും. പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ വാർഷിക ഉൽപ്പാദനം 1.20 ലക്ഷം യൂണിറ്റിലെത്തും. ആഭ്യന്തര വിൽപ്പനയ്ക്കു പുറമെ എമേർജിങ് വിപണികൾ ലക്ഷ്യമിട്ടുള്ള നിർമാണ കേന്ദ്രമാണ് ഇസൂസു ഇന്ത്യയിൽ സ്ഥാപിക്കുന്നതെന്നും വാകബയാഷി വെളിപ്പെടുത്തി. അതേസമയം ശ്രീ സിറ്റിയിലെ ശാല പ്രവർത്തനം തുടങ്ങിയാലും എസ് യു വി നിർമാണം ചെന്നൈയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ശാലയിൽ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ പ്രതിവർഷം രണ്ടു ലക്ഷം യൂണിറ്റാണ് ഇന്ത്യയിലെ പിക് അപ് ട്രക്ക് വിൽപ്പന. അതിവേഗ വളർച്ച കൈവരിച്ചു മുന്നേറുന്ന വിപണി 2023ൽ എട്ടു ലക്ഷം യൂണിറ്റിന്റെ വിൽപ്പന സ്വന്തമാക്കുമെന്നാണ് ഇസൂസുവിന്റെ കണക്ക്. നേരത്തെ ലഘു വാണിജ്യ വാഹന(എൽ സി വി) വിപണിയുടെ 30 ശതമാനത്തോളമായിരുന്നു പിക് അപ് ട്രക്ക് വിൽപ്പന; എന്നാൽ ഇപ്പോൾ പിക് അപ് ട്രക്കുകൾ ‘ടാറ്റ എയ്സി’നെ പിന്നിലാക്കിയെന്നു വാകബയാഷി വിശദീകരിച്ചു.

പുണെയിൽ പുതിയ ഡീലർഷിപ് തുറന്നതോടെ ഇസൂസുവിനു രാജ്യത്ത് 27 വിൽപ്പനശാലകളായി; മഹാരാഷ്ട്രയിലെ മൂന്നാമതു ഡീലറാണു വിരാജ് ഇസൂസു. വരുന്ന ഏപ്രിലിനകം ഡീലർഷിപ്പുകളുടെ എണ്ണം 60 ആയി ഉയർത്താനാണു കമ്പനിയുടെ ശ്രമം. 2018 ആകുമ്പോൾ ഡീലർഷിപ്പുകൾ 180 — 200 എണ്ണമാകുമെന്നും ഇസൂസു ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

പിക് അപ് ട്രക്കായ ‘ഡി മാക്സും’ പ്രീമിയം എസ് യു വിയായ ‘എം യു സെവനു’മാണു നിലവിൽ ഇസൂസു ഇന്ത്യയിൽ വിൽക്കുന്നത്. പിക് അപ് ട്രക്കിന് 6.09 — 7.74 ലക്ഷം രൂപയും എസ് യു വിക്ക് 21.27 — 23.77 ലക്ഷം രൂപയുമാണു മഹാരാഷ്ട്രയിലെ ഷോറൂം വില.