ഇസൂസു ശ്രീ സിറ്റി ശാല: ഉൽപ്പാദനം ഏപ്രിലോടെ

ജപ്പാനിൽ നിന്നുള്ള ഇസൂസു മോട്ടോഴ്സിന്റെ ആന്ധ്ര പ്രദേശിലെ വാഹന നിർമാണശാല ഏപ്രിലിൽ പ്രവർത്തനം തുടങ്ങും. 3,000 കോടിയോളം രൂപ ചെലവിൽ ശ്രീ സിറ്റി പ്രത്യേക സാമ്പത്തിക മേഖലയിൽ സ്ഥാപിക്കുന്ന ശാലയുടെ നിർമാണപ്രവർത്തനം അവസാന ഘട്ടത്തിലാണ്. ഇസൂസു മോട്ടോഴ്സിൽ നിന്നുള്ള സംഘം ചെന്നൈയിൽ നിന്ന് 110 കിലോമീറ്ററകലെ സ്ഥാപിതമാവുന്ന പുതിയ ശാലയുടെ നിർമാണ പുരോഗതി വിലയിരുത്തി.ശാലയുടെ നിർമാണ പ്രവർത്തനം അന്തിമഘട്ടത്തിലാണെന്നും 2016 ഏപ്രിലോടെ ശ്രീസിറ്റി പ്ലാന്റിൽ നിന്നു പിക് അപ് ട്രക്കുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണം ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷയെന്ന് ഇസൂസു ഇന്ത്യ അറിയിച്ചു. ജപ്പാനിൽ നിന്നുള്ള സംഘം ശാലയുടെ നിർമാണ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തിയെന്നും കമ്പനി വ്യക്തമാക്കി.

വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കുമ്പോൾ ഇരുനൂറോളം പ്രാദേശിക വെണ്ടർമാരിൽ നിന്നു യന്ത്രഘടകങ്ങൾ സമാഹരിക്കാനും ഇസുസൂ ലക്ഷ്യമിട്ടിട്ടുണ്ട്. ഇതോടെ പിക് അപ് ട്രക്ക് നിർമാണത്തിനുള്ള ഘടകങ്ങളിൽ 70 ശതമാനവും പ്രാദേശികമായി കണ്ടെത്താനാവുമെന്നാണ് ഇസൂസുവിന്റെ പ്രതീക്ഷ. പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനുള്ളിൽ വാഹനനിർമാണത്തിനുള്ള ഘടകങ്ങൾ പൂർണമായി തന്നെ പ്രാദേശികമായി കണ്ടെത്താനാവുമെന്നും കമ്പനി കരുതുന്നു. തുടക്കത്തിൽ അര ലക്ഷം യൂണിറ്റാവും ശ്രീ സിറ്റി ശാലയുടെ വാർഷിക ഉൽപ്പാദനശേഷി; ഘട്ടം ഘട്ടമായി ശാലയുടെ ശേഷി 1.20 ലക്ഷം യൂണിറ്റ് വരെയായി ഉയർത്തും.

വാഹന നിർമാതാക്കളായ കൊബെൾകൊ ഗ്രൂപ്, ഇസൂസു, ഹീറോ മോട്ടോ കോർപ് തുടങ്ങിയവരുടെ വരവോടെ എൻ എസ് ഇൻസ്ട്രമെന്റ്സ്, നിത്തൻ വാൽവ്, പയോലാക്സ് തുടങ്ങി ധാരാളം വാഹനഘടക നിർമാതാക്കളും ശ്രീസിറ്റിയിൽ എത്തിയിട്ടുണ്ടെന്ന് പ്രത്യേക സാമ്പത്തിക മേഖല മാനേജിങ് ഡയറക്ടർ രവീന്ദ്ര സന്ന റെഡ്ഡി അറിയിച്ചു. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി ശ്രീസിറ്റിയിലേക്കു കൂടുതൽ വാഹന നിർമാതാക്കളെ ആകർഷിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.