ഇസൂസു ഡീലർഷിപ് കൊൽക്കത്തയിലും

അടുത്ത വർഷത്തോടെ ഇന്ത്യയിൽ 1.2 ലക്ഷം വാഹനങ്ങൾ ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ്. 3000 കോടി രൂപ ചെലവിൽ ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയിൽ സ്ഥാപിക്കുന്ന നിർമാണശാല അടുത്ത വർഷം പ്രവർത്തനക്ഷമമാവുമെന്നും കമ്പനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഷിഗെരു വകബയാഷി അറിയിച്ചു. നിലവിൽ ലഘു വാണിജ്യ വാഹന(എൽ സി വി) വിഭാഗത്തിൽ പിക് അപ് ട്രക്കുകളും സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളുമാണു കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്.

പുതിയ ശാല പ്രവർത്തനം ആരംഭിക്കുമ്പോൾ തന്നെ പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങളുടെ വിഹിതം 70 ശതമാനത്തിലെത്തിക്കാനാണ് ഇസൂസു ശ്രമിക്കുന്നത്. തുടർന്നുള്ള മൂന്നു വർഷം കൊണ്ട് പൂർണമായും ഇന്ത്യയിൽ നിർമിച്ച വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കാനാണു തീരുമാനം. 107 ഏക്കർ വിസ്തൃതിയിലുള്ള ശ്രീസിറ്റി ശാലയിൽ 2000 — 3000 തൊഴിലവസരങ്ങളും ഇസൂസു വാഗ്ദാനം ചെയ്യുന്നു.

കൊൽക്കത്തയിൽ പുതിയ ഡീലർഷിപ് തുറന്ന ഇസൂസു രാജ്യത്തിന്റെ കിഴക്കൻ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. അടുത്ത മാർച്ചോടെ 60 ഡീലർഷിപ്പുകൾ തുറക്കാനാണു കമ്പനിയുടെ നീക്കം. നിലവിൽ ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, ഉത്തർപ്രദേശ്, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 20 ഡീലർഷിപ്പുകളാണു കമ്പനിക്കുള്ളത്. ഡൽഹി, നോയ്ഡ, ജയ്പൂർ, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരബാദ്, കോയമ്പത്തൂർ, മധുര, വിശാഖപട്ടണം, തിരുപ്പതി, കൊച്ചി, കോഴിക്കോട്, അഹമ്മദബാദ്, രാജ്കോട്ട്, ലുധിയാന, ലക്നൗ, ഗുഡ്ഗാവ്, ഇൻഡോർ, വഡോദര തുടങ്ങിയ നഗരങ്ങളിൽ ഇസൂസു ഷോറൂമുകൾ തുറന്നിട്ടുണ്ട്.

നിലവിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഫിനാൻസ് കോർപറേഷനു(എച്ച് എം എഫ് സി എൽ)മായുള്ള കരാർ പ്രകാരമാണ് ഇസൂസു ഇന്ത്യയിൽ വാഹനങ്ങൾ അസംബ്ൾ ചെയ്തു വിൽക്കുന്നത്. സി കെ ബിർല ഗ്രൂപ്പിൽപെട്ട എച്ച് എം എഫ് സി എല്ലിനു ചെന്നൈയ്ക്കടുത്ത് തിരുവള്ളൂരിലുള്ള ശാലയിലാണ് ഇസൂസു, എസ് യു വികളും പിക് അപ് ട്രക്കുകളും നിർമിക്കുന്നത്. ഇസൂസുവിന്റെ സ്വന്തം ശാല അടുത്ത ഏപ്രിലിൽ പ്രവർത്തനക്ഷമമാവും വരെ ഈ സംവിധാനം തുടരാനാണു സാധ്യത. തുടക്കത്തിൽ അര ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദനശേഷിയുള്ള പുതിയ ശാല പ്രവർത്തനമാരംഭിച്ച ശേഷമാവും എച്ച് എം എഫ് സി എല്ലുമായുള്ള കരാറിന്റെ ഭാവി സംബന്ധിച്ച് ഇസൂസു തീരുമാനമെടുക്കുക. 2016 — 17ൽ ഇന്ത്യയിൽ 10,000 യൂണിറ്റിന്റെ വിൽപ്പനയും ഇസൂസു ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 1,300 യൂണിറ്റ് വിറ്റ കമ്പനി ഇക്കൊല്ലം ഇതിന്റെ ഇരട്ടി വാഹനങ്ങൾ വിൽക്കാനാവുമെന്ന പ്രതീക്ഷയിലാണ്.