ഇസൂസു ആന്ധ്രയിലെ ശ്രീ സിറ്റി പ്ലാന്റ് തുറന്നു

ജാപ്പനീസ് വാണിജ്യ, യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ഇസൂസൂ മോട്ടോഴ്സ് ഇന്ത്യയിലെ നിർമാണശാല ഉദ്ഘാടനം ചെയ്തു. ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയിൽ 3,000 കോടിയോളം രൂപ ചെലവിലാണ് ഇസൂസു മോട്ടോഴ്സ് ഇന്ത്യ വാഹന നിർമാണശാല സ്ഥാപിച്ചത്. ശ്രീ സിറ്റിൽ സ്ഥാപിതമാവുന്ന ആദ്യ വാഹന നിർമാണശാലയാണ് ഇസൂസുവിന്റേത്. ഈ ശാലയിൽ നിർമിച്ച ആദ്യ വാഹനം ബുധനാഴ്ചയാണു പുറത്തെത്തിയത്. ആദ്യഘട്ടത്തിൽ അര ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദനശേഷിയുള്ള ശാലയിൽ രണ്ടായിരത്തോളം പേർക്കു തൊഴിൽ ലഭിക്കുമെന്നാണു പ്രതീക്ഷ. 107 ഏക്കർ സ്ഥലത്തു സ്ഥാപിതമായി ശാലയുടെ വാർഷിക ഉൽപ്പാദന ശേഷി ഘട്ടം ഘട്ടമായി 1.20 ലക്ഷം യൂണിറ്റ് വരെ ഉയർത്താനാവും.

ആഗോളതലത്തിൽ തന്നെ വലിയ വാഹന വിപണികൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഇസൂസു മോട്ടോഴ്സ് പ്രസിഡന്റ് മസനൊരി കട്ടയാമ അഭിപ്രായപ്പെട്ടു. ലോക സമ്പദ്വ്യവസ്ഥകളിൽ അതിവേഗ വളർച്ച കൈവരിക്കുന്ന രാജ്യവുമാണ് ഇന്ത്യ. ഇങ്ങനെ ത്വരിത വളർച്ച കൈവരിച്ചു മുന്നേറുന്ന ഇന്ത്യൻ വിപണിക്കു വേണ്ടിയാണു കമ്പനി പുതിയ ശാല സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഭാവിയിൽ ഈ ശാലയിൽ നിന്നുള്ള കയറ്റുമതി സാധ്യതയും കമ്പനി പരിശോധിക്കും. അഡ്വഞ്ചർ യൂട്ടിലിറ്റി വാഹന വിഭാഗത്തിൽപെട്ട ‘ഡി മാക്സ് വി ക്രോസ്’ ആണ് ഇസൂസു ഈ ശാലയിൽ ആദ്യം നിർമിക്കുക. തുടക്കത്തിൽ ശ്രീ സിറ്റി പ്ലാന്റിൽ നിർമിക്കുന്ന ‘ഡി മാക്സി’ന്റെ യന്ത്രഭാഗങ്ങളിൽ 70 ശതമാനത്തോളം പ്രാദേശികമായി സമാഹരിച്ചവയാകും. ഭാവിയിൽ ഇന്ത്യൻ നിർമിത ഘടകങ്ങളുടെ വിഹിതം ഉയർത്താനും ഇസൂസുവിനു പദ്ധതിയുണ്ട്. രാജ്യത്തെ ഇസൂസു ഡീലർഷിപ്പുകളിൽ ഈ മോഡലിനുള്ള ബുക്കിങ്ങിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്. ഇന്ത്യയിൽ വാഹന നിർമാണത്തിനായി 120 സപ്ലയർമാരുമായി ഇസൂസു കരാറിലെത്തിയിട്ടുണ്ട്. ഇതിൽ ടയർ വൺ, ടയർ ടു വിഭാഗങ്ങളിലെ യന്ത്രഘടക നിർമാതാക്കളാണ് ഏറെയെന്നും കമ്പനി വെളിപ്പെടുത്തി.