‘ഡി മാക്സി’നു പുതു വകഭേദങ്ങളുമായി ഇസൂസു

ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സിന്റെ പിക് അപ് ട്രക്കായ ‘ഡി മാക്സ്’ ഇനി രണ്ടു വകഭേദങ്ങളിൽ കൂടി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും. എയർ കണ്ടീഷനിങ് സഹിതവം കാബ് ഷാസി വകഭേദത്തിലുമാണ് ‘ഡി മാക്സ്’ ഇനി ലഭ്യമാവുക.

ഡ്രൈവർക്കും യാത്രക്കാർക്കും കൂടുതൽ യാത്രാസുഖം ഉറപ്പാക്കാൻ ‘ഡി മാക്സ്’ സിംഗിൾ കാബ് ഫ്ളാറ്റ് ഡെക്കിലാണു കമ്പനി ഫാക്ടറിയിൽ നിന്നു തന്നെ എയർകണ്ടീഷനർ ഘടിപ്പിച്ചു നൽകുന്നത്. വ്യത്യസ്ത ഉപയോഗങ്ങൾ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് കാബ് ഷാസി വകഭേദത്തിന്റെ വരവ്. ഫുഡ് — കേറ്ററിങ്, ഹാർഡ്വെയർ, എഫ് എം സി ജി മേഖലകളിലെ വേറിട്ട ഉപയോഗങ്ങൾക്കായാണ് ഇസൂസു ‘ഡി മാക്സ്’ സിംഗിൾ കാബ് മോഡലിന്റെ കാബ് ഷാസി വകഭേദം പുറത്തിറക്കുന്നത്.

വ്യത്യസ്ത ഉപയോഗങ്ങളും വിവിധ മേഖലകളുടെ ആവശ്യങ്ങളും മുൻനിർത്തിയാണ് ‘ഡി മാക്സി’ന്റെ പുത്തൻ വകഭേദങ്ങൾ അവതരിപ്പിക്കുന്നതെന്ന് ഇസൂസു മോട്ടോഴ്സ് ഇന്ത്യ മാനേജിങ് ഡയറക്ടർ നവോഹിരൊ യാമഗുചി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സവിശേഷ കാലാവസ്ഥ പരിഗണിക്കുമ്പോൾ ഡ്രൈവർമാരുടെ അധ്വാനഭാരം കുറയ്ക്കാനും സുഖകരമായ യാത്ര ഉറപ്പാക്കാനും എയർ കണ്ടീഷനിങ് അത്യാവശ്യമാണ്. ഈ സാഹചര്യം മുൻനിർത്തിയാണു ശീതീകരിച്ച ‘ഡി മാക്സി’ന്റെ വരവ്. വൈവിധ്യം ആഗ്രഹിക്കുന്ന ഉപയോക്താക്കളുടെ വേറിട്ട ആവശ്യം നിറവേറ്റാനാണു കമ്പനി കാബ് ഷാസി വകഭേദം പുറത്തിറക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.