ചെന്നൈ എച്ച് എം ശാലയിലെ വാഹന നിർമാണം ഇസൂസു നിർത്തി

സ്വന്തം നിർമാണശാല പ്രവർത്തനക്ഷമമാക്കുന്നതിനു മുന്നോടിയായി ജപ്പാനിൽ നിന്നുള്ള ഇസൂസു മോട്ടോർ ഇന്ത്യ ചെന്നൈയ്ക്കടുത്ത് തിരുവള്ളൂരിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ്(എച്ച് എം) പ്ലാന്റിൽ നിന്നുള്ള വാഹനോൽപ്പാദനം നിർത്തി. ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയിലുള്ള പുതിയ ശാല പ്രവർത്തനം തുടങ്ങുന്നതിന്റെ തയാറെടുപ്പുകളുടെ ഭാഗമായി ഡിസംബറിൽ കമ്പനി ചെന്നൈയിൽ ഒറ്റ വാഹനം പോലും ഉൽപ്പാദിപ്പിച്ചില്ല. ഇന്ത്യയിലെ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നതിനു മുന്നോടിയായാണു ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ശാലയിലെ വാഹന നിർമാണം നിർത്തിയതെന്ന് ഇസൂസു മോട്ടോർ ഇന്ത്യ സ്ഥിരീകരിക്കുന്നു. പുതിയ ശാലയിൽ നിന്നുള്ള ഉൽപ്പാദനം ആരംഭിക്കുംവരെ വിൽപ്പന തുടരാനുള്ള വാഹനങ്ങൾ സ്റ്റോക്കുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ഇതൊക്കെ പരിഗണിച്ചാണ് താൽക്കാലിക സംവിധാനമായിരുന്ന തിരുവള്ളൂർ ശാലയിൽ നിന്നുള്ള വാഹന നിർമാണം കമ്പനി നിർത്തിയത്.

Isuzu MU7

പുതിയ സാമ്പത്തിക വർഷത്തിൽ പ്രവർത്തനം തുടങ്ങാനിരിക്കുന്ന ശ്രീ സിറ്റി ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 50,000 യൂണിറ്റാണ്. ക്രമേണ ഉൽപ്പാദനം 1.20 ലക്ഷം യൂണിറ്റ് വരെ ഉയർത്താനാവുംവിധമാണ് 3,000 കോടി രൂപ ചെലവിൽ ഇസൂസു സ്ഥാപിച്ച ശാലയുടെ രൂപകൽപ്പന. പിക് അപ് ട്രക്കായ ‘ഡി മാക്സും’ സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘എം യു സെവനു’മാണ് ഇസൂസു ചെന്നൈയിലെ എച്ച് എം ശാലയിൽ കരാർ അടിസ്ഥാനത്തിൽ നിർമിച്ചിരുന്നത്. 2015 — 16ൽ ഇതുവരെ 291 ‘എം യു സെവൻ’ ആണു കമ്പനി വിറ്റത്; ‘ഡി മാക്സ്’ വിൽപ്പനയാവട്ടെ 975 യൂണിറ്റാണ്. മുൻവർഷം ഇതേകാലത്ത് ഈ മോഡലുകൾ കൈവരിച്ച വിൽപ്പനയെ അപേക്ഷിച്ച് 64 ശതമാനവും 72 ശതമാനവും അധികമാണിത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് ഇസൂസു ‘ഡി മാക്സ്’ ആദ്യമായി പ്രദർശിപ്പിച്ചത്; കൂട്ടിന് ‘എം യു സെവൻ’ എസ് യു വിയും ഉണ്ടായിരുന്നു.

Isuzu D-Max Pickup

ഇത്തവണത്തെ ഓട്ടോ എക്സ്പോയിലും ‘ഡി മാക്സ്’ ഉണ്ടാകുമെന്നു കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്; എന്നാൽ ‘എം യു സെവനി’നു പകരം മറ്റൊരു മോഡൽ ഇടംപിടിക്കുമെന്നാണു കമ്പനി നൽകുന്ന സൂചന. വാഹനം ആശയമാവില്ലെന്നും വിദേശ വിപണികളിൽ ഇപ്പോൾ വിൽപ്പനയ്ക്കുള്ള മോഡലാണു പ്രദർശിപ്പിക്കുക എന്നും പറയുന്ന ഇസൂസു ഇതേപ്പറ്റി കൂടുതലെന്തെങ്കിലും വെളിപ്പെടുത്താൻ തയാറല്ല. ഒപ്പം ഈ വാഹനത്തിന്റെ നിർമാണം ശ്രീസിറ്റിയിലെ പുതിയ പ്ലാന്റിൽ വൈകാതെ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.‘എം യു സെവൻ’ കഴിഞ്ഞാൽ യാത്രാവാഹന വിഭാഗത്തിൽ ഇസൂസുവിന്റെ ശ്രേണിയിലുള്ളത് ഏഴു സീറ്റുള്ള എസ് യു വിയായ ‘എം യു — എക്സ്’, വിവിധോദ്ദേശ്യ വാഹനമായ ‘പാന്തർ’ എന്നിവയാണ്. അതുകൊണ്ടുതന്നെ ഓട്ടോ എക്സ്പോയിൽ ‘ഡി മാക്സി’നു കൂട്ടായി ഇവയിൽ ഏതെങ്കിലുമൊന്ന് എത്താനാണു സാധ്യതയേറെ.