സ്പെക്ട്രയിലെ ആറു കോടിയുടെ വില്ലൻ കാര്‍

ജയിംസ് ബോണ്ട് ചിത്രത്തിലെ അവിഭാജ്യ ഘടകമാണ് ബോണ്ട് കാറുകള്‍. നിരവധി കാർ ചെയ്സുകളും കാർ ഉപയോഗിച്ചുള്ള സ്റ്റണ്ടുകളുമുള്ള പുതിയ ചിത്രം സ്പെക്ട്രയിൽ ആസ്റ്റിൺ മാർട്ടിൻ ഡിബി10 ആണ് ബോണ്ട് കാർ എന്ന് നേരത്തെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു.

ബോണ്ടിന്റെ ഇഷ്ടാനുസരണത്തിന് ഇണങ്ങി പറക്കുന്ന സൂപ്പർകാർ നായകൻ ഉപയോഗിക്കുമ്പോൾ. ചിത്രത്തിലെ വില്ലന് ആസ്റ്റൺ മാർട്ടിൻ ഡിബി 10 നോട് അടുത്തു നിൽക്കുന്ന വാഹനം തന്നെ വേണം. ജാഗ്വറിന്റെ സി-എക്സ്75 എന്ന പ്ലഗ് ഇൻ ഹൈബ്രിഡ് ഇലക്ട്രിക് കാറാണ് സ്പെക്ട്രയിലെ വില്ലന്മാരിൽ ഒരാളായി എത്തുന്ന ഡേവ് ബാറ്റിസ്റ്റ ഉപയോഗിക്കുന്നത്. റോമിലെ വീഥികളിലൂടെ ഡാനിയൽ ക്രേഗും ബാറ്റിസ്റ്റയും നടത്തുന്ന കിടിലൻ ചെയിസാണ് ചിത്രത്തിലെ പ്രധാന ആകർഷണം.

2010 ൽ നടന്ന പാരീസ് ഓട്ടോഷോയിൽ ജാഗ്വർ പ്രദർശിപ്പിച്ച വാഹനത്തിന് ഏകദേശം 850 ബിഎച്ച്പി കരുത്തുണ്ട്. 1.6 ലിറ്റർ എഞ്ചിനും നാല് ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിൽ എത്താൻ 3.4 സെക്കന്റ് മാത്രം മതി. 2017 ൽ ജാഗ്വർ പുറത്തിറക്കാനുദ്ദേശിക്കുന്ന കാർ വില്യം ഗ്രാന്റ് പ്രിക്സ് എഞ്ചിനിയറിങുമായി സഹകരിച്ചാണ് കമ്പനി വികസിപ്പിച്ചത്. ഏകദേശം 7 ലക്ഷം യൂറോ മുതൽ 9 ലക്ഷം യൂറോ വരെയായിരിക്കും സി-എക്സ് 75നെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാനിയൽ ക്രേഗ് ജയിംസ് ബോണ്ടായി എത്തുന്ന നാലാമത്തെ ചിത്രമാണ് സ്പെക്ട്ര. ഓസ്‌കാർ ജേതാവ് സാം മെൻഡസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നീൽ പർവ്വിസ്, റോബർട്ട് വെയ്ഡ്, ജോൺ ലോഗൻ എന്നിവർ ചേർന്നാണ്. ക്രേഗിനെ കൂടാതെ ക്രിസ്‌റ്റോഫ് വാട്ട്‌സ്, മോണിക്ക ബലൂച്ചി, ആൻഡ്രൂ സ്‌കോട്ട്, ഡേവ് ബൗട്ടിസ്റ്റ, നയോമി ഹാരിസ്, ബെൻ വിഷാവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇയോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ മൈക്കിൾ ജി വിൽസൺ, ബാർബറ ബ്രോച്ചോലി തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2015 നവംബറിൽ തീയേറ്ററിലെത്തും.