ബോണ്ട് കാറിന്റെ വില 24 കോടി രൂപ

അടുത്തയിടെ പ്രദർശനത്തിനെത്തിയ ജയിംസ് ബോണ്ട് ചിത്രമായ ‘സ്പെക്ടറി’ൽ നായകന്റെ വാഹനമായിരുന്ന ആസ്റ്റൻ മാർട്ടിൻ ‘ഡി ബി 10’ കാർ ലേലത്തിൽ വിറ്റത് 35 ലക്ഷം ഡോളർ(ഏകദേശം 24.06 കോടി രൂപ) വിലയ്ക്ക്. ബ്ലൂറേ, ഡി വി ഡി, ഡിജിറ്റൽ എച്ച് ഡി സംവിധാനങ്ങളിൽ ‘സ്പെക്ടർ’ പ്രദർശനത്തിനെത്തുന്നതിനോടനുബന്ധിച്ചു ലണ്ടനിലെ ക്രിസ്റ്റീസ് ഓക്ഷൻ ഹൗസിലായിരുന്നു ബോണ്ട് കാറിന്റെ ലേലം. 10 ലക്ഷം പൗണ്ട്(ഏകദേശം 9.90 കോടി രൂപ) ആയിരുന്നു ലേലത്തിൽ കാറിനു നിശ്ചയിച്ചിരുന്ന അടിസ്ഥാനവില. ബോണ്ടിന്റെ കാർ സ്വന്തമാക്കാനുള്ള ലേലം അഞ്ചു മിനിറ്റ് പോലും നീണ്ടില്ലെന്നാണു ക്രിസ്റ്റീസിന്റെ വെളിപ്പെടുത്തൽ. 10 ലക്ഷം മുതൽ 15 ലക്ഷം പൗണ്ട് വരെയായിരുന്ന അടിസ്ഥാന വില നിമിഷങ്ങൾക്കുള്ളിൽ 24.34 ലക്ഷം പൗണ്ടിലേക്ക് കുതിക്കുകയും ‘സ്പെക്ടർ സിൽവർ’ എന്നു പേരിട്ട ‘ഡി ബി 10’ വിറ്റുപോകുകയുമായിരുന്നത്രെ. സിനിമയുടെ തുടക്ക സീനിൽ ഡാനിയൽ ക്രെയ്ഗ് ധരിച്ച ‘ഡേ ഓഫ് ദ് ഡെഡ്’ എന്ന കോസ്റ്റ്യൂമും കാറിനൊപ്പം ലേലത്തിനെത്തിയിരുന്നു; 98,500 പൗണ്ടി(ഏകദേശം 97.53 ലക്ഷം രൂപ)നാണ് ഈ വേഷം വിറ്റുപോയത്.

Aston Martin DB10

ബ്രിട്ടീഷ് സീക്രട്ട് സർവീസ് ഏജന്റായ ജയിംസ് ബോണ്ട് സീറോ സീറോ സെവനുമായി സുദീർഘ ബന്ധമാണ് ബ്രിട്ടനിൽ നിന്നു തന്നെയുള്ള ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടൻ ലഗോണ്ട ലിമിറ്റഡിനുള്ളത്. ആസ്റ്റൻ മാർട്ടിനിലെ ഡിസൈനർമാരും എൻജിനീയർമാരും ക്രാഫ്റ്റ്സ്മാൻമാരുമൊക്കെ അടങ്ങുന്ന സംഘം കൈ കൊണ്ടു നിർമിച്ചു എന്നതാണു ബോണ്ടിന്റെ പുത്തൻ കാറിനെ ഏറ്റവും സവിശേഷമാക്കുന്നത്. നാലാം തവണയും ഡാനിയൽ ക്രെയ്ഗ് ജയിംസ് ബോണ്ടായി വേഷമിട്ട ‘സ്പെക്ടറി’നായി 10 ‘ഡി ബി 10’ മാത്രമാണു കമ്പനി നിർമിച്ചത്. ഇതിൽ നിന്നു സ്വകാര്യ ഉടമസ്ഥതയിലേക്കു ഏക കാറാണ് ഇപ്പോൾ ലേലം ചെയ്തത്; ചിത്രത്തിനായി തയാറാക്കിയതിൽ പരിഷ്കാരമൊന്നും വരുത്താതെ തുടരുന്ന രണ്ടു ‘ഷോ’ കാറുകളിൽ ഒന്നുമാണിത്.

Aston Martin DB10

ഈ കാർ അടക്കം ‘സ്പെക്ടറു’മായി ബന്ധപ്പെട്ട വിവിധ സാധന സാമഗ്രികളുടെ ലേലത്തിൽ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണു വിനിയോഗിക്കുക. വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് (അതിരില്ലാത്ത ഡോക്ടർമാർ) എന്ന സംഘടനയ്ക്കാണ് ലേലത്തിൽ നിന്നു ലഭിക്കുന്ന തുക കൈമാറുക. കഴിഞ്ഞ 53 വർഷത്തിനിടെ തിയറ്ററുകളിലെത്തുന്ന 24—ാമതു ബോണ്ട് ചിത്രമായിരുന്നു ‘സ്പെക്ടർ’; ഒക്ടോബർ അവസാനവാരത്തിൽ ലോകവ്യാപകമായി പ്രദർശനത്തിനെത്തിയ ചിത്രം നേടിയ കലക്ഷൻ 87.90 കോടി ഡോളർ (ഏകദേശം 6041.27 കോടി രൂപ) ആണെന്നാണു കണക്ക്.

Aston Martin DB10

ആസ്റ്റൻ മാർട്ടിന്റെ ‘വി എയ്റ്റ് വാന്റേജ് എസി’ൽ നിന്നാണു ‘സ്പെക്ടറി’ലെ ‘ഡി ബി 10’ ഷാസിയും 4.7 ലീറ്റർ, 430 ബി എച്ച് പി, വി എയ്റ്റ് എൻജിനുമൊക്കെ കടമെടുത്തത്. ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള കാറിന് മണിക്കൂറിൽ പരമാവധി 306 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാവും. കാർബൺ ഫൈബർ ബോഡിയോടെ എത്തുന്ന ‘ഡി ബി ടെന്നി’ൽ ആഡംബര സമൃദ്ധമായ അകത്തളവും ലതർ സീറ്റുകളും അലുമിനിയം അക്സന്റുകളുമൊക്കെ ആസ്റ്റൻ മാർട്ടിൻ ഒരുക്കിയിട്ടുണ്ട്. സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും വിട്ടുവീഴ്ച ചെയ്തില്ലെങ്കിലും ബോണ്ടിന്റെ കാറുമായി നിരത്തിലിറങ്ങാമെന്ന പ്രതീക്ഷ വേണ്ട. കാരണം കലക്ടേഴ്സ് ഐറ്റം എന്ന നിലയിൽ മാത്രമാണ് ഈ ‘ഡി ബി 10’ കാറിന്റെ ലേലം; അല്ലാതെ പൊതുനിരത്തിൽ കാറുമായി ഇറങ്ങാൻ അനുമതിയുണ്ടാവില്ല.