‘ജീപ്പി’നായി ഇന്ത്യയിൽ പ്രത്യേക വെബ്സൈറ്റ്

ഇറ്റാലിയൻ — യു എസ് വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ) ‘ജീപ്പ്’ അവതരണത്തിനു മുന്നോടിയായി ഇന്ത്യയിൽ പ്രത്യേക വെബ്സൈറ്റ് തുടങ്ങി. വൈകാതെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ‘ഗ്രാൻഡ് ചെറോക്കീ’യുടെയും ‘റാംഗ്ലർ അൺലിമിറ്റഡി’ന്റെയും ആദ്യ ദൃശ്യങ്ങളാണു വെബ്സൈറ്റിലുള്ളത്. ഫെബ്രുവരി അഞ്ചിനു നോയ്ഡയിൽ തുടങ്ങുന്ന ഓട്ടോ എക്സ്പോയിലും എഫ് സി എ ഈ രണ്ട് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ഇതിഹാസ മാനങ്ങളുള്ള ‘ജീപ്പ്’ ബ്രാൻഡിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനിക്ക് ഏറെ അഭിമാനമുണ്ടെന്ന് എഫ് സി എ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അഭിപ്രായപ്പെട്ടു. ‘ജീപ്പി’നായി പ്രത്യേക വെബ്സൈറ്റ് അവതരിപ്പിച്ചു പുതിയൊരു പര്യടനത്തിനാണു കമ്പനി തുടക്കമിടുന്നതെന്നും ഈ ബ്രാൻഡിനെ ഇന്ത്യയിൽ ശക്തമായ സാന്നിധ്യമാക്കാൻ കഴിയുമെന്നും ഫ്ളിൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

Jeep Grand Cherokee

ഓട്ടോ എക്സ്പോയിലെ ഔദ്യോഗിക അരങ്ങേറ്റത്തിനു പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രത്യേക ഡീലർഷിപ് സ്ഥാപിച്ചു ‘ജീപ്പ്’ വിൽപ്പന തുടങ്ങാനുമാണ് എഫ് സി എ ഇന്ത്യയുടെ പദ്ധതി. ‘ഗ്രാൻഡ് ചെറൊക്കീ’, ‘റാംഗ്ലർ’ ബ്രാൻഡുകളുടെ അരങ്ങേറ്റം ഒരുമിച്ചാവുമെന്നും വിദേശ നിർമിത വാഹനങ്ങൾ ഇറക്കുമതി വഴിയാവും വിൽപ്പനയ്ക്കെത്തുകയെന്നും എഫ് സി എ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് 2017ൽ ‘ജീപ്പ്’ ശ്രേണിയിൽ പെട്ട ‘സി — എസ് യു വി’ നിർമാണം മഹാരാഷ്ട്രയിലെ രഞ്ജൻഗാവിലുള്ള ശാലയിൽ ആരംഭിക്കാനാണു നീക്കം. അപ്പോഴേക്കു ‘ജീപ്പീ’നായി രാജ്യത്ത് 20 — 25 ഡീലർഷിപ്പുകൾ പ്രവർത്തനസജ്ജമാക്കാനാവുമെന്നും കമ്പനി കരുതുന്നു.

ടാറ്റ മോട്ടോഴ്സുമായി സഹകരിച്ചു ‘ജീപ്പി’ന്റെ നിർമാണത്തിനായി ഇന്ത്യയിൽ 28 കോടി ഡോളർ(ഏകദേശം 1857 കോടി രൂപ) നിക്ഷേപിക്കാൻ എഫ് സി എ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായാൽ യു എസിനു പുറത്ത് ‘ജീപ്പ്’ നിർമിക്കുന്ന നാലാമത്തെ ശാലയായാണു രഞ്ജൻഗാവ് മാറുക. പ്രതിവർഷം 1.35 ലക്ഷം യൂണിറ്റാണ് ഈ ശാലയുടെ സ്ഥാപിത ഉൽപ്പാദനശേഷി. അതേസമയം ‘ഗ്രാൻഡ് ചെറൊക്കീ’, ‘റാംഗ്ലർ’ ബ്രാൻഡുകൾ പ്രാദേശികമായി നിർമിക്കുന്നതു സംബന്ധിച്ചു കമ്പനി ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക