ജീപ്പ് റെനഗേഡിന് വെറും 10 ലക്ഷം

Jeep Renegade

റെനഗേഡ് എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ അത്ര നല്ല അർത്ഥമല്ല. പാളയം വിട്ടു മറുപാളയത്തിൽ ചേർന്നവൻ എന്നൊരു മോശം അർത്ഥം. ജീപ്പ് റെനഗേഡ് ഇന്ത്യയിലെത്താൻ തയാറെടുക്കുമ്പോൾ ഈ അർത്ഥം അറിഞ്ഞിരിക്കുന്നതു നല്ലതാണ്. കാരണം ജീപ്പ് എന്നാൽ തനി അമേരിക്കൻ ജനറൽ പർപസ് വാഹനങ്ങളാണെങ്കിൽ ഈ പടയിലെ പുതുതലമുറപ്പോരാളിയായ റെനഗേഡിന് അമേരിക്കൻ പാരമ്പര്യത്തെക്കാൾ ഇറ്റാലിയൻ മികവുകളാണുള്ളത്. കാരണം ക്രൈസ്ലർ ഫിയറ്റ് കൂട്ടുകെട്ടിൽ ഫിയറ്റിൻറെ രൂപകൽപനാ കേന്ദ്രത്തിൽ എല്ലാവിധ ഇറ്റാലിയൻ രൂപകൽപനാ ചാരുതയോടും കൂടിയാണ് ജനനം. അങ്ങനെ നോക്കിയാൽ അമേരിക്കൻ പാളയത്തിൽ നിന്നു ഇറ്റാലിയൻ ചേരിയിലേക്ക് വഴിമാറിയോടുകയല്ലേ റെനഗേഡ് ?

Jeep Renegade

ഇപ്പോഴത്തെ വലിയ വാർത്ത ഈ ചേരിതിരിവോ വിരുദ്ധപാളയങ്ങളോ അല്ല. കൊതിപ്പിക്കുന്ന ജീപ്പ് റെനഗേഡ് വെറും 10 ലക്ഷം രൂപയ്ക്ക് ഇന്ത്യയിലെത്തും. പൂർണമായി ഇന്ത്യയിൽ നിർമിക്കുന്ന ജീപ്പ് വാഹനങ്ങളിൽ രണ്ടാമത്തേതാണ് റെനഗേഡ്. ആദ്യത്തേത് സി എസ് യു വി. 19 ലക്ഷം വരെ വില വരുന്ന ഈ വാഹനം 2017 മധ്യത്തോടെയും റെനഗേഡ് അതേ കൊല്ലം അവസാനവും വരുമെന്നാണ് വാർത്ത. അതിനു മുമ്പ് കുറെക്കൂടി വിലപ്പിടിപ്പുള്ള റാംഗ്ളറും ഗ്രാൻഡ് ചെറോക്കിയും ഇക്കൊല്ലം തന്നെ എത്തുന്നു.

Jeep Renegade

ജീപ്പിന് ഇന്ത്യയിൽ വലിയ പദ്ധതികളാണുള്ളത്. യഥാർത്ഥ ജീപ്പ് പടിയിറങ്ങിപ്പോയിട്ടു നാളു കുറയായിട്ടും ജീപ്പുകൾക്ക് വലിയ പ്രാധാന്യമുള്ള വിപണിയാണ് ഇന്ത്യ. അര നൂറ്റാണ്ടിലധികം പഴക്കമുള്ള ജീപ്പ് മോഡലുകൾ ഇന്നും നല്ല വിലയക്ക് ചൂടപ്പം പോലെ വിറ്റഴിക്കുന്ന രാജ്യം. മഹീന്ദ്ര ഥാറിന് 10 ലക്ഷത്തിനടുത്ത് വില വരുമ്പോൾ ഏതാണ്ട് സമാന വിലയ്ക്ക് ആധുനികവും മൗലീകവുമായ അമേരിക്കൻ ജീപ്പ് വന്നാൽ വിൽപന പൊടിപൊടിക്കുമെന്നത് സാമാന്യ ബുദ്ധി. രണ്ടു വീൽ ഡ്രൈവ് മോഡൽ 10 ലക്ഷത്തിനും ഏറ്റവും കൂടിയ നാലു വീൽ ഡ്രൈവ് മോഡൽ പരമാവധി 15 ലക്ഷം രൂപയ്ക്കും ലഭ്യമാക്കുമെന്നാണ് വാർത്ത. ഇറക്കുമതി ഇല്ലാത്തതിനാൽ ചുങ്കവും മറ്റു തീരുവകളും കുറയുന്നതാണ് വിലക്കുറവിനു കാരണം.

Jeep Renegade

മിനി എസ് യു വി എന്ന വിഭാഗത്തിൽ ജനീവ മോട്ടോർ ഷോയിൽ 2014 ലാണ് ആദ്യമായി റെനഗേഡ് പ്രദർശിപ്പിക്കപ്പെട്ടത്. ഫിയറ്റ് 500 എക്സുമായി ഘടകങ്ങളും പ്ലാറ്റ്ഫോമും പങ്കിടുന്ന വാഹനം തൊട്ടടുത്ത കൊല്ലം ഇറ്റലിയിലെ മെൽഫിയിൽ നിന്ന് ഉത്പാദനമാരംഭിച്ചു. ഏറ്റവും പുതിയ തലമുറ ജീപ്പ് എന്ന മികവ് പേറുന്ന റെനഗേഡിന് ഇറ്റാലിയൻ രൂപചാരുതയുമുണ്ട്.ടെറാനോയോടോ ഡസ്റ്ററിനോടോ പിടിച്ചു നിൽക്കാനൊത്ത വലുപ്പമുള്ള റെനഗേഡിന് നാലു മീറ്ററിലധികം നീളമുണ്ട്. നാൽപതുകളിലെ രൂപഗുണം തെല്ലും ചോരാതെ പരമ്പരാഗത ജീപ്പ് ആധുനികമായാൽ എങ്ങനെ വരുമോ അങ്ങനെയുണ്ട് കാഴ്ചയിൽ.

Jeep Renegade

മുഴുവൻ മാർക്കും ഇറ്റലിക്കാർക്കു കൊടുക്കണം. ഡിസൈൻ ഗുരുക്കന്മാരായ അവരുടെ കര വിരുതാണല്ലോ ഇതു മുഴുവൻ. ജീപ്പ് സ്വഭാവം ചോരാതെ നിർത്തുന്നത് മനോഹരമായ ഗ്രില്ലിലൂടെയാണ്. പാരമ്പര്യം പോകാതെ ആധുനികവൽക്കരിച്ച ഗ്രില്ലും ഉരുണ്ട ഹെഡ്ലാംപുകളും വന്നപ്പോൾ എല്ലാം തികഞ്ഞ ജീപ്പ് ആയി. ബാക്കിയുള്ളതെല്ലാം സത്യത്തിൽ ആധുനികമാണ്. വശങ്ങളും പിൻഭാഗവുമൊക്കെ ഏറ്റവും പുതിയ എസ് യു വി രൂപഗുണത്തിൽ.ഉൾവശവും ആധുനികമാണ്. നല്ലൊരു കാറിനൊത്ത ചേല്. ജീപ്പാണ് എന്ന തോന്നലുണ്ടാക്കുന്നത് കോ ഡ്രൈവറുടെ മുന്നിൽ ഡാഷ്ബോർഡിലുറപ്പിച്ചിട്ടുള്ള ഗ്രാബ് ഹാൻഡിലുകൾ. ടച് സ്ക്രീനടക്കമുള്ള മറ്റ് ആധുനികതകൾ. ധാരാളം ഇടവും വലുപ്പമുള്ള സീറ്റുകളുമാണ്. യഥാർത്ഥ ഓഫ് റോഡിങ് തേടുന്നവർക്കാണ് റെനഗേഡ്.

Jeep Renegade

ജീപ്പ് പാരമ്പര്യങ്ങൾക്കു യോജിച്ച സ്മോൾ വൈഡ് ഫോർ വീൽ ഡ്രൈവ് പ്ലാറ്റ്ഫോം. സാധാരണ മോഡിൽ ഫ്രണ്ട് വീൽ ഡ്രൈവാണെങ്കിൽ നാലു വീൽ ഡ്രൈവ് സിസ്റ്റമുള്ള മോഡലുകൾക്ക് ഏറ്റവും വിലപിടിപ്പുള്ള ജീപ്പുകളിൽ ഉപയോഗിക്കുന്നതിനു സമാനമായ ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുണ്ട്. എൻജിൻ സാധ്യത പലതുണ്ടെങ്കിലും ഫിയറ്റ് മൾട്ടി ജെറ്റ് 2000 സി സി ഡീസലിനാണ് മുൻഗണന. 140 ബി എച്ച് പി കരുത്തുള്ള ഈ എൻജിനു പുറമെ ഫിയറ്റ് 1.6 ഡീസലും കുറഞ്ഞ മോഡലുകളിൽ വന്നേക്കാം.