Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു കെയിലെ കാർ നിർമാണം: ജെ എൽ ആർ ഒന്നാമത്

jlr Jaguar Land Rover

യു കെയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) മാറി. സാമ്പത്തിക പ്രതിസന്ധി മൂലം ഏഴു വർഷം പ്രവർത്തനം പ്രതിസന്ധിയിലായതോടെ ടാറ്റ മോട്ടോഴ്സ് ഏറ്റെടുത്ത ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജെ എൽ ആർ അനാടകീയ തിരിച്ചുവരവാണു നടത്തിയത്. ദീർഘകാലമായി ബ്രിട്ടനിലെ കാർ നിർമാണ മേഖലയിൽ ഒന്നാം സ്ഥാനത്തു തുടരുന്ന, ജപ്പാനിൽ നിന്നുള്ള നിസ്സാനെയാണു ജെ എൽ ആർ പിന്തള്ളിയത്. 2015ൽ ജെ എൽ ആർ 4,89,923 കാറുകൾ നിർമിച്ചപ്പോൾ 4,76,589 കാറുകളായിരുന്നു നിസ്സാന്റെ ഉൽപ്പാദനം.

ബ്രിട്ടൻ എന്നാൽ കമ്പനിയുടെ ഹൃദയത്തുടിപ്പാണെന്നും അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ എന്ന സ്ഥാനത്തെത്താനായത് ഉജ്വല നേട്ടമാണെന്നും ജെ എൽ ആർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാനുഫാക്ചറിങ്) വുൾഫ്ഗാങ് സെറ്റാഡ്ലർ അഭിപ്രായപ്പെട്ടു. യു കെയിലെ നിർമാണ മേഖലയോടു കമ്പനിക്കുള്ള നിരന്തര പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു. സാമൂഹിക, സാമ്പത്തിക രംഗങ്ങളിലെ അസ്ഥിരത മൂലം കനത്ത വെല്ലുവിളികൾ നേരിട്ട വർഷമാണ് 2015. എന്നിട്ടും കരുത്തുറ്റ മോഡൽ ശ്രേണിയുടെയും ആത്മാർഥതയുള്ള ജീവനക്കാരുടെയും പിൻബലത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ കാറുകൾ നിർമിച്ചു വിൽക്കാൻ ജെ എൽ ആറിനായെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അതിനിടെ കാർ നിർമാണത്തിൽ കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച വർഷമായിരുന്നു 2015 എന്ന് യു കെയിലെ സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സും(എസ് എം എം ടി) സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തെ വാഹന നിർമാതാക്കൾ ചേർന്ന് മൊത്തം 15,87,677 കാറുകളാണു കഴിഞ്ഞ വർഷം നിർമിച്ചത്. ബ്രിട്ടനിലെ സോളിഹൾ, ബിർമിങ്ഹാം, ഹെയ്ൽവുഡ് എന്നിവിടങ്ങളിലെ മൂന്നു നിർമാണശാലകളിൽ നിന്നാണു ജെ എൽ ആറിന്റെ ആഡംബര കാറുകളും വാണിജ്യ വാഹനങ്ങളും പുറത്തെത്തുന്നത്. കഴിഞ്ഞ വർഷം ‘ജഗ്വാർ എക്സ് ഇ’, ‘എക്സ് എഫ്’, ലാൻഡ് റോവർ ‘ഡിസ്കവറി സ്പോർട്’ എന്നിവയടക്കം 11 പുത്തൻ മോഡലുകളാണു കമ്പനി പുറത്തിറക്കിയത്. ഇതോടൊപ്പം വുൾവർഹാംപ്റ്റണിൽ അത്യാധുനിക എൻജിൻ നിർമാണ ശാല സ്ഥാപിക്കാനായി 100 കോടി പൗണ്ടി(ഏകദേശം 9,640 കോടി രൂപ)ന്റെ നിക്ഷേപവും കമ്പനി പ്രഖ്യാപിച്ചിരുന്നു. അഞ്ചു വർഷത്തിനിടെ പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജെ എൽ ആറിനായി; നിലവിൽ യു കെയിൽ മാത്രം 35,000 പേരാണു കമ്പനിയിൽ ജോലി ചെയ്യുന്നത്.

പ്രതിസന്ധിയിലായിരുന്ന ജെ എൽ ആറിനെ 2008ലാണു ഫോഡിൽ നിന്ന് 230 കോടി ഡോളർ മുടക്കി ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കിയത്; വിലയേറിയ പിഴവെന്നായിരുന്നു ഈ ഇടപാടിനെ അന്നു നിരീക്ഷകർ വിശേഷിപ്പിച്ചത്. എന്നാൽ പരമ്പരാഗത വിപണികളായ യൂറോപ്പിലും നോർത്ത് അമേരിക്കയിലും ആഡംബര കാർ വിൽപ്പന ഇടിഞ്ഞതടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് ടാറ്റ മോട്ടോഴ്സിനു കീഴിൽ ജെ എൽ ആർ വിജയക്കൊടി പാറിച്ചത്. ടാറ്റയുടെ ഉടമസ്ഥതയിലെത്തി മൂന്നു വർഷത്തിനകം 2011ൽ വിൽപ്പനയിൽ 27% വളർച്ചയാണു ജെ എൽ ആർ കൈവരിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.