ജഗ്വാർ ലാൻഡ് റോവർ നിർമാണശാല സ്​ലൊവാക്യയിലും

സ്​ലൊവാക്യയിൽ പുതിയ നിർമാണശാല സ്ഥാപിക്കുമെന്നു ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ). പശ്ചിമ സ്​ലൊവാക്യയിലെ നിത്ര പട്ടണത്തെയാണു പുതിയ ശാലയ്ക്കായി ജെ എൽ ആർ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രാദേശികതലത്തിലെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ തികച്ചും മത്സരക്ഷമമായ വിലകളിൽ വാഹനം വിൽപ്പനയ്ക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു ജെ എൽ ആർ നിർമാണ സൗകര്യങ്ങൾ വിപുലീകരിക്കുന്നത്.

ദീർഘകാലാടിസ്ഥാനത്തിലുള്ള, സുസ്ഥിര വളർച്ച കൈവരിക്കാൻ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കേണ്ടത് അനിവാര്യതയാണെന്നു ജെ എൽ ആർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റാൾഫ് സ്പെത്ത് അഭിപ്രായപ്പെട്ടു. പുതിയ വാഹനങ്ങളിലും സാങ്കേതികവിദ്യകളിലും കൂടുതൽ നിക്ഷേപിച്ചു യു കെ യിലെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനും ആഗോളതലത്തിൽ ഉൽപ്പാദനശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

പ്രീമിയം വാഹന വിഭാഗത്തിൽ ഇടം ഉറപ്പാക്കിയ സ്​ലൊവാക്യ ജെ എൽ ആറിനെ സംബന്ധിച്ചിടത്തോളം ആകർഷക വിപണിയാണെന്നും അദ്ദേഹം വിലയിരുത്തി. യു കെ, ചൈന, ഇന്ത്യ എന്നിവിടങ്ങിൽ പ്രവർത്തിക്കുന്ന നിർമാണശാലകൾക്കും ബ്രസീലിൽ നിർമാണം പുരോഗമിക്കുന്ന ശാലയ്ക്കും പൂരകമായിട്ടാവും സ്​ലൊവാക്യയിലെ ശാലയുടെ പ്രവർത്തനമെന്നും അദ്ദേഹം വിശദീകരിച്ചു.

സപ്ലൈ ചെയിൻ മേഖലയിലെ കരുത്തും ലോജിസ്റ്റിക്സ് വിഭാഗത്തിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ചാണു പുതിയ ശാലയ്ക്കായി സ്​ലൊവാക്യയെ തിരഞ്ഞെടുത്തതെന്നും ജെ എൽ ആർ വ്യക്തമാക്കുന്നു. അടുത്ത ദശാബ്ദത്തിനുള്ളിൽ പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയാണു സ്​ലൊവാക്യയിൽ ജെ എൽ ആർ പരിഗണിക്കുന്നത്. ശാല സ്ഥാപിക്കുന്നതു സംബന്ധിച്ചു ജെ എൽ ആറും സ്​ലൊവാക്യൻ സർക്കാരുമായുള്ള ചർച്ചകളും പുരോഗതിയിലാണ്. ഭാരം കുറഞ്ഞ വാഹനങ്ങളുടെ നിർമാണത്തിനായി സ്ഥാപിക്കുന്ന ശാലയിൽ നിന്നുള്ള ആദ്യ മോഡലുകൾ 2018ൽ നിരത്തിലെത്തുമെന്നാണു പ്രതീക്ഷ.