കബാലി ബസ് ഡാ

സിനിമ ലോകത്ത് തരംഗങ്ങൾ സൃഷ്ടിച്ച കബാലി പുറത്തിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ത്യൻ സിനിമ ലോകം ഇന്നു വരെ കാണാത്തത്ര രീതിയിലാണ് ആരാധകർ കബാലിക്കായി കാത്തിരിക്കുന്നത്. ആരാധകരുടെ വാഹനങ്ങളും എന്തിന് വിമാനം വരെ കബാലിയുടെ മുഖംമൂടി അണിഞ്ഞ് നിൽക്കുമ്പോള്‍ കബാലി ബസ് നിരത്തിലെത്തിച്ചിരിക്കുന്നു ഫോക്സ് സ്റ്റാർ സ്റ്റുഡിയോ.

കബാലിയുടെ ഉത്തേരേന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയ ഫോക്സ്‌ സ്റ്റാർ സ്റ്റുഡിയോയാണ് ഡബിൾ ഡക്കർ കബാലി ബസ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി കബാലി ബസ് നഗരം ചുറ്റിയത്. വഡാല ബസ് ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ബസ് ഇൻഓർബിറ്റ് മാളിലാണ് സമാപിച്ചത്.

നേരത്തെ കബാലിക്കും സ്റ്റൈൽ മന്നനുമുള്ള ആദര സൂചകമായി തമിഴ്നാട്ടിലെ മാരുതി സുസുക്കി ഡീലർഷിപ്പ് സുസുക്കി സ്വിഫ്റ്റിന്റെ കബാലി എഡിഷൻ പുറത്തിറക്കിയിരുന്നു. രജനീകാന്തിന്റെ കബാലി ലുക്ക് ചിത്രങ്ങളാണ് സ്വിഫ്റ്റിലുള്ളത്. ബോണറ്റിലും, റൂഫിലും എന്നു വേണ്ട പുറകിലും, വശങ്ങളിലുെമല്ലാം സ്റ്റൈൽ മന്നന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങൾ പതിച്ചാണു കബാലി എഡിഷൻ സ്വിഫ്റ്റ് പുറത്തിറക്കിയത്.

കൂടാതെ സിനിമയുടെ ഔദ്യോഗിക എയർലൈൻ പാർട്നർ ആയ എയര്‍ ഏഷ്യ കബാലി സ്പെഷൽ വിമാനവും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് രജനിയുടെ ചിത്രം ആലേഖനം ചെയ്ത വെള്ളിനാണയങ്ങളും പുറത്തിറക്കിയിരുന്നു. രജനിയുടെ കിടിലൻ പോസ്റ്ററുകള്‍ കൊണ്ട് ഡിസൈൻ ചെയ്ത വിമാനത്തിൽ സഞ്ചരിക്കാൻ പ്രത്യേക ടിക്കറ്റ് നിരക്കും ഏർപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ റിലീസ് ദിവസം മുതലാണ് നാണയങ്ങളുടെ വിതരണം. മുത്തൂറ്റ് ഫിൻകോർപ്പിന്റെ 3800 ശാഖകളിലൂടെയാണു നാണയങ്ങൾ വിപണിയിലെത്തിക്കുക.