ഇന്ത്യൻ ശാലയ്ക്കായി കിയ ആന്ധ്രയിലേക്ക്

Kia Soul

ഇന്ത്യയിലെ ആദ്യ നിർമാണശാല സ്ഥാപിക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ് കോർപറേഷൻ ആന്ധ്ര പ്രദേശിനെ തിരഞ്ഞെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. കഴിവതും വേഗം ഇന്ത്യയിൽ പവേശിക്കാനും വൻവിൽപ്പന സാധ്യതയുള്ള ഈ വിപണിയിൽ നേട്ടം കൊയ്യാനുമുള്ള ശ്രമത്തിലാണു കമ്പനി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ പരിഗണിച്ച ശേഷമാണു കിയ മോട്ടോഴ്സ് ആന്ധ്ര പ്രദേശിൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണു സൂചന. കിയയുടെ സഹസ്ഥാപനമായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ശാല സ്ഥിതി ചെയ്യുന്ന, തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരുമായുള്ള സാമീപ്യമാണത്രെ കാര്യങ്ങൾ ആന്ധ്ര പ്രദേശിന് അനുകൂലമാക്കുന്നത്. നേരത്തെ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളും കിയ മോട്ടോഴ്സ് ശാല സ്വന്തമാക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു.

അനന്തപൂർ ജില്ലയിലാണു കിയ മോട്ടോഴ്സ് പുതിയ ശാല സ്ഥാപിക്കാനുള്ള സ്ഥലം ഖണ്ടെത്തിയതെന്നു പറയപ്പെടുന്നു. പ്ലാന്റിനായി 600 ഏക്കർ സ്ഥലമാണു സംസ്ഥാന സർക്കാർ കിയയ്ക്കു വാഗ്ദാനം ചെയ്തിരിക്കുന്നത്. പുതിയ ശാലയിൽ നിന്ന് 2019 ജൂലൈയോടെ ഉൽപ്പാദനം ആരംഭിക്കാനാണു കിയ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്; ചെറു സെഡാനുകളും ചെറു സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുമാവും കമ്പനി ഇന്ത്യയിൽ നിർമിച്ചു വിൽക്കുക. അതേസമയം ഇന്ത്യയ്ക്കുള്ള മോഡൽ ശ്രേണി സംബന്ധിച്ചു കിയ മോട്ടോഴ്സ് അന്തിമ തീരുമാനമെടുത്തിട്ടില്ല.ഇന്ത്യൻ ശാല സംബന്ധിച്ചു വിശദാംശങ്ങൾ വെളിപ്പെടുത്താനും കിയ മോട്ടോഴ്സ് തയാറായിട്ടില്ല. പുതിയ ശാലയ്ക്കുള്ള തയാറെടുപ്പുകൾ മികച്ച രീതിയിൽ മുന്നേറുകയാണെന്ന് മാത്രമാണു കിയ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പാർക് ഹാൻ വൂവിന്റെ പ്രതികരണം. ഫാക്ടറി നിർമാണത്തിനുള്ള ഭൂമി പൂജ ഏതു സമയത്തും നടക്കാമെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

ആഗോള കാർ നിർമാതാക്കളിൽ അഞ്ചാം സ്ഥാനത്താണ് ഹ്യുണ്ടേയ് — കിയ മോട്ടോഴ്സ് സഖ്യം. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി വിൽപ്പന ലക്ഷ്യം കൈവരിക്കാനാവാതെ പോയതാണു കൊറിയൻ നിർമാതാക്കളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. പുതിയ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അധികാരമേറ്റതോടെ പ്രധാന വിപണിയായ യു എസിൽ തിരിച്ചടി നേരിടുമെന്ന ശക്തമായ ആശങ്കയും ഹ്യുണ്ടേയിക്കും കിയയ്ക്കുമുണ്ട്. ഹ്യുണ്ടേയിയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണി ഏറെ ആകർഷകമാണ്; വിൽപ്പന അടിസ്ഥാനമാക്കിയാൽ ഇന്ത്യയിൽ രണ്ടാം സ്ഥാനവും ഹ്യുണ്ടേയിക്കു സ്വന്തമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഹ്യുണ്ടേയ് കൈവരിച്ച മികച്ച സ്വീകാര്യതയും സൃഷ്ടിച്ച വിപുലമായ സപ്ലൈ ചെയിൻ ശൃംഖലയുമൊക്കെ പ്രയോജനപ്പെടുത്താനാണു കിയയുടെ ലക്ഷ്യം.