കിയ മോട്ടോഴ്സ് നിർമാണശാല: മുന്നിൽ ആന്ധ്ര തന്നെ

Kia Soul

ഇന്ത്യയിൽ പുതിയ വാഹന നിർമാണശാല സ്ഥാപിക്കാനായി ഹ്യുണ്ടേയ് മോട്ടോറിന്റെ സഹസ്ഥാപനമായ കിയ മോട്ടോഴ്സ് കോർപറേഷൻ ആന്ധ്ര പ്രദേശിലേക്കു ചേക്കേറുന്നു. മാതൃസ്ഥാപനമായ ഹ്യുണ്ടേയിയുടെ നിർമാണശാല സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിൽ നിന്നും വാഹന നിർമാതാക്കളെ കൂട്ടത്തോടെ ആകർഷിക്കുന്ന ഗുജറാത്തിൽ നിന്നുമൊക്കെയുള്ള കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ആന്ധ്ര പ്രദേശ് കിയയുടെ നിർമാണശാല സ്വന്തമാക്കുന്നത്. ചെന്നൈയ്ക്കടുത്ത് ശ്രീപെരുംപുദൂരിലെ ഹ്യുണ്ടേയ് ശാലയുടെ 80 — 90 കിലോമീറ്റർ ചുറ്റളവിൽ തന്നെ പ്ലാന്റിന് അനുയോജ്യമായ വിവിധ സ്ഥലങ്ങൾ അവതരിപ്പിച്ചതാണ് ആന്ധ്ര പ്രദേശ് മുന്നിലെത്തിയത്. വികസനഘട്ടത്തിലുള്ള ചെന്നൈ — വിശാഖപട്ടണം വ്യാവസായിക ഇടനാഴിയോടും കൃഷ്ണപട്ടണം തുറമുഖത്തോടുമുള്ള സാമീപ്യവും ആന്ധ്രയിലെ സ്ഥലങ്ങൾക്ക് അനുകൂലഘടകങ്ങളായി.

ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നു കിയ മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ശാല സ്ഥാപിക്കാൻ കൃത്യമായ സമയക്രമമൊന്നും നിശ്ചയിച്ചിട്ടില്ല. ഇന്ത്യയിലെ നിർമാണശാലയ്ക്കായി കിയ മോട്ടോഴ്സ് 5,000 കോടിയോളം രൂപ നിക്ഷേപിക്കുമെന്നാണു പ്രതീക്ഷ. മൂന്നു ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദനശേഷിയുള്ള ആദ്യഘട്ടത്തിനു തന്നെ 3,000 കോടിയോളം രൂപ ചെലവു വരുമെന്നാണു കണക്ക്. കിയ ശാലയ്ക്കായി നെല്ലൂർ, ചിറ്റൂർ, അനന്തപൂർ എന്നിവിടങ്ങളിൽ സ്ഥലങ്ങൾ തിരഞ്ഞെടുത്തിരുന്നതായി ആന്ധ്ര പ്രദേശ് സർക്കാർ വക്താവ് അറിയിച്ചു. എന്നാൽ ശ്രീപെരുംപുദൂരിൽ ഹ്യുണ്ടേയിക്കുള്ള ശാലയോടുള്ള സാമീപ്യവും കൃഷ്ണപട്ടണത്തെ തുറമുഖ സൗകര്യവും പരിഗണിച്ച് തമിഴ്നാട് അതിർത്തിയിലുള്ള സ്ഥലങ്ങളോടായിരുന്നു കിയ മോട്ടോഴ്സിന് ആഭിമുഖ്യം.

ജാപ്പനീസ് നിർമാതാക്കളായ ഇസൂസു നിർമാണശാല സ്ഥാപിച്ച ശ്രീസിറ്റി ഇക്കണോമിക് സോണിലും ആന്ധ്ര പ്രദേശ് സർക്കാർ കിയ മോട്ടോഴ്സിനു ഭൂമി വാഗ്ദാനം ചെയ്തിരുന്നു. വാഹന നിർമാതാക്കളെ ആകർഷിക്കാൻ ആന്ധ്ര പ്രദേശ് സർക്കാർ മുമ്പും ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ തുടക്കത്തിൽ ആന്ധ്രയെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് മഹാരാഷ്ട്രയിലേക്കു ചേക്കേറി. ടാറ്റ മോട്ടോഴ്സിന്റെ ‘നാനോ’ നിർമാണശാല സ്വന്തമാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ആന്ധ്ര, മലേഷ്യൻ നിർമാതാക്കളായ പ്രോട്ടോണെ വിശാഖപട്ടണത്തെത്തിക്കാൻ നടത്തിയ ഉദ്യമവും വിജയിച്ചില്ല.