കെടിഎമ്മിന്റെ അ‍ഡ്വഞ്ചർ ബൈക്ക് എത്തുന്നു

Representative Image, KTM 1290 Super Duke Adventure s

കെടിഎം പുതിയ അഡ്വഞ്ചർ ബൈക്കുമായി എത്തുന്നു. റോയൽ എൻഫീൽഡ് ഹിമാലയനോട് എതിരിടാൻ കെടിഎം പുറത്തിറങ്ങുന്ന അഡ്വഞ്ചർ ബൈക്ക് ഈ വർഷം വിപണിയിലെത്തും എന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. കെടിഎമ്മും ബജാജും സംയുക്തമായി വികസിപ്പിക്കുന്ന ചെറു അഡ്വഞ്ചർ ബൈക്ക് പ്ലാറ്റ്ഫോമിലാണ് ബൈക്ക് പുറത്തിറങ്ങുക. ഡ്യുക്ക് 390 ൽ ഉപയോഗിക്കുന്ന 375 സിസി എൻജിൻ തന്നെയാകും ബൈക്കിൽ.

പുതിയ സൂപ്പർ ‍ഡ്യൂക്ക് അ‍ഡ്വഞ്ചർ 1290 യെ ആധാരമാക്കി വികസിപ്പിക്കുന്ന പ്ലാറ്റ്ഫോമിൽ രണ്ടു ബൈക്കുകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെടിഎം അഡ്വഞ്ചർ 200, കെടിഎം അഡ്വഞ്ചർ 390 എന്നീ പേരുകളിലായിരിക്കും ബൈക്ക് അറിയപ്പെടുക. നേരത്തെ അ‍ഡ്വഞ്ചർ ടൂറർ വികസിപ്പിക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നെങ്കിലും അവ കമ്പനി സ്ഥിരീകരിച്ചിരുന്നില്ല. എന്നാലിപ്പോൾ പുതിയ ബൈക്കിന്റെ പരീക്ഷയോട്ടം കമ്പനി ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഈ വർഷം അവസാനത്തിൽ മിലാനിൽ നടക്കുന്ന ടൂവിലർ ഓട്ടോഷോയിൽ കമ്പനി പുതിയ ബൈക്ക് പ്രദർശിപ്പിക്കും.

ഇന്ത്യൻ റോയൽ എൻഫീഡ് ഹിമാലയൻ തുടക്കം കുറിച്ച ചെറു അ‍‍ഡ്വഞ്ചർ ബൈക്ക് സെഗ്‌മെന്റിലേയ്ക്ക് നിരവധി ബൈക്കുകളാണ് എത്തുന്നത്. കഴിഞ്ഞ വർഷം മിലാനിൽ നടന്ന രാജ്യാന്തര വാഹന മേളയിൽ പ്രദർശിപ്പിച്ച ബിഎംഡബ്ല്യു ജി 310 ജിഎസ്, സുസുക്കി വി-സ്റ്റോം, കവസാക്കി വേർസിസ് എക്സ് 300 എന്നിവ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യൂക്ക് 390 ലെ 375 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്ക് ഇവരുമായി മത്സരിക്കുമ്പോൾ 200 സിസി എൻജിനും 1.5 ലക്ഷം രൂപ വിലയുമായി എത്തുന്ന അഡ്വഞ്ചർ 200 പുതിയ സെഗ്‌‌മെന്റിനായിരിക്കും തുടക്കം കുറിക്കുക.