കെ യു വി 100ന് മികച്ച പ്രതികരണം

KUV 100

അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ മിനി എസ് യു വിയായ ‘കെ യു വി 100’ വിപണിയിൽ മികച്ച സ്വീകരണം നേടിയെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ‘കെ യു വി 100’ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിൽ യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ വിപണി വിഹിതം 40 ശതമാനത്തിനു മുകളിലെത്തിക്കാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ‘കെ യു വി 100’, ‘ടി യു വി 300’ എന്നിവയിലൂടെ നില മെച്ചപ്പെടുത്താമെന്നാണു മഹീന്ദ്രയുടെ പ്രതീക്ഷ. നിരത്തിലെത്തി ഒരു മാസം പിന്നിടുമ്പോൾ 21,000 ബുക്കിങ്ങുകളാണ് ‘കെ യു വി 100’ സ്വന്തമാക്കിയത്. തുടക്കം മുതൽ മികച്ച സ്വീകാര്യതയാണു ‘കെ യു വി 100’ കൈവരിച്ചതെന്ന് എം ആൻഡ് എം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവു (ഓട്ടമോട്ടീവ്)മായ പ്രവീൺ ഷാ വെളിപ്പെടുത്തി.

KUV 100

ഒന്നേമുക്കാൽ ലക്ഷത്തോളം അന്വേഷണങ്ങളാണ് ഈ മിനി എസ് യു വിയെ തേടിയെത്തിയത്; ലഭിച്ച ബുക്കിങ്ങുകളാവട്ടെ 21,000 പിന്നിട്ടു. ‘കെ യു വി 100’യുടെ വിവിധ വകഭേദങ്ങൾ സ്വന്തമാക്കാൻ മൂന്നു മുതൽ നാലു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. ഈ നില തുടർന്നാൽ യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ കമ്പനിക്കു കൂടുതൽ വിഹിതം നേടനാവുമെന്നും ഷാ കരുതുന്നു. നേരത്തെ സാന്നിധ്യമില്ലാതിരുന്ന മിനി എസ് യു വി വിപണിയിലാണു മഹീന്ദ്ര ‘കെ യു വി 100’ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ‘കെ യു വി 100’ നേടുന്ന വിൽപ്പന യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ കമ്പനിക്കുള്ള വിഹിതം ഉയർത്തും. നിലവിൽ 40 ശതമാനത്തിനടുത്താണു യൂട്ടിലിറ്റി വാഹന വിപണിയിൽ കമ്പനിയുടെ വിഹിതമെന്നും ഷാ വെളിപ്പെടുത്തി.നേരത്തെ അവതരിപ്പിച്ച ‘ടി യു വി 300’ മോഡലും വിൽപ്പനയിൽ സ്ഥിരത കൈവരിച്ചെന്നാണു മഹീന്ദ്രയുടെ വിലയിരുത്തൽ. മാസം തോറും 3,500 — 4,000 യൂണിറ്റാണ് ‘ടി യു വി 300’ നേടുന്ന വിൽപ്പന.

TUV 300

കഴിഞ്ഞ ഏപ്രിൽ — ജനുവരി കാലത്ത് 1,74,276 യൂണിറ്റാണു മഹീന്ദ്ര നേടിയ മൊത്തം വിൽപ്പന; ഇക്കാലയളവിൽ യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ മൊത്തം വിൽപ്പനയാവട്ടെ 4,68,323 എണ്ണമായിരുന്നു. വിപണിയുടെ ആവശ്യത്തിനൊത്ത് ഉൽപ്പാദനം വർധിപ്പിക്കുമെന്നു ‘കെ യു വി 100’ അവതരണവേളയിൽ തന്നെ മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ‘എക്സ് യു വി 500’, ‘കെ യു വി 100’ എന്നിവ ചേർന്ന് പ്രതിമാസം 9,000 യൂണിറ്റാണു കമ്പനിയുടെ ഉൽപ്പാദനശേഷി. വരും മാസങ്ങളിൽ 3,000 യൂണിറ്റ് കൂടി ഉൽപ്പാദിപ്പിക്കാൻ സൗകര്യമൊരുക്കുമെന്നു ഷാ അറിയിച്ചു.