ക്വി‍ഡ് ഓട്ടോമാറ്റിക്ക് എത്തുന്നു

വിപണിയിലെത്തി കുറച്ചു നാളുകൾകൊണ്ടു തന്നെ ഹിറ്റായി മാറിയ റെനോ ക്വിഡിന്റെ ഓട്ടോമാറ്റിക്ക് വകഭേദം ഉടനെത്തുന്നു. അടുത്ത വർഷം ആദ്യം നടക്കുന്ന ഡൽഹി ഓട്ടോഎക്സ്പോയിൽ ക്വി‍ഡിനെ പ്രദർശിപ്പിക്കും എന്നാണ് കരുതുന്നത്. ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന് 1 ലീറ്റർ എന്‍ജിനായിരിക്കും. നിരത്തിലെത്തി മൂന്നു മാസം പിന്നിടുമ്പോൾ എൺപതിനായിരത്തോളം ബുക്കിങ്ങാണ് ക്വിഡിന് ലഭിച്ചത്. എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന ‘ക്വിഡ്’ ലഭിക്കാൻ ആറു മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.

റെനോയിൽ നിന്നുള്ള പുതിയ 793 സി സി എൻജിനുമായാണു ‘ക്വിഡ്’ നിരത്തിലെത്തിയത്; പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ പെട്രോൾ എൻജിനു ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു കാറിന്റെ ട്രാൻസ്മിഷൻ. ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ‘ക്വിഡ്’ ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു റെനോ സാക്ഷാത്കരിച്ചത്; കാറിന്റെ 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി നിർമിച്ചതാണ്. ബൂട്ടിൽ 300 ലീറ്റർ സ്ഥലം, 4.1 ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി എതിരാളികളെ നിഷ്പ്രഭമാക്കുന്ന സൗകര്യങ്ങളുമായാണു ‘ക്വിഡി’ന്റെ വരവ്.

റെനോയും പങ്കാളിയായ നിസ്സാനും ചേർന്നു സാക്ഷാത്കരിച്ച പുത്തൻ പ്ലാറ്റ്ഫോമായ ‘സി എം എഫ് — എ’യാണു ‘ക്വിഡി’ന്റെ അടിത്തറ. നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ അടുത്ത വർഷം പുറത്തിറക്കുന്ന ചെറുകാറിന് അടിത്തറയാവുന്നതും ഇതേ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം തന്നെ. രണ്ട് മാസം കൊണ്ട് പതിനായിരത്തിൽ അധികം യൂണിറ്റ് വിൽപ്പനയുമായി എൻട്രി ലവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ മികച്ച പ്രകടനമാണ് ‘ക്വിഡ്’ നടത്തുന്നത്.