ക്വിഡിന് ലഭിച്ചത് 85000 ബുക്കിങ്

Renault Kwid

എന്‍ട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്‍‌മെന്റിലെ വ്യത്യസ്ത മുഖവുമായി എത്തി ജനപ്രീതി സമ്പാദിച്ച കാറാണ് ക്വിഡ്. സെഗ്‍‌മെന്റിലെ ലീഡറായ ഓൾട്ടോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ചെറു കാർ എന്ന പദവി കൈയടക്കിയ ക്വിഡിന് നാലുമാസം കൊണ്ട് ലഭിച്ചത് 85000 ബുക്കിങ്ങുകൾ.കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയ ക്വി‍ഡ് ഡിസംബറിലെ വിൽപ്പനയിലാണ് ഇയോണിനെ പിന്നിലാക്കിയിരുന്നു. മികച്ച പ്രതികരണം ലഭിച്ചതിനെത്തുടർന്ന് ചെന്നൈയിലെ പ്ലാന്റിലെ ഉത്പാദനം വർദ്ധിപ്പിച്ചെങ്കിലും മികച്ച ബുക്കിങ് കാരണം കാത്തിരിപ്പ് കാലാവധിയും നീളുകയാണെന്ന് കമ്പനി വ്യക്തമാക്കുന്നു.

Renault Kwid

റെനോയിൽ നിന്നുള്ള പുതിയ 793 സി സി എൻജിനുമായാണു ‘ക്വിഡ്’ നിരത്തിലെത്തിയത്; പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ പെട്രോൾ എൻജിനു ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സാണു കാറിന്റെ ട്രാൻസ്മിഷൻ. ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ക്വിഡ് ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു റെനോ നിർമിക്കുന്നത്.

Renault Kwid

300 ലീറ്റർ ബൂട്ട് സ്പെയ്സ്, 4.1 ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി എതിരാളികളെ നിഷ്പ്രഭമാക്കുന്ന സൗകര്യങ്ങളുമായാണ് ക്വിഡ് എത്തിയത്. റെനോയും പങ്കാളിയായ നിസ്സാനും ചേർന്നു സാക്ഷാത്കരിച്ച പുത്തൻ പ്ലാറ്റ്ഫോമായ ‘സി എം എഫ് — എ’യാണു ക്വിഡിന്റെ അടിത്തറ. നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ അടുത്ത വർഷം പുറത്തിറക്കുന്ന ചെറുകാറിന് അടിത്തറയാവുന്നതും ഇതേ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം തന്നെ.