Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിഫൻഡർ ഇനിയില്ല

land-rover-defender-6 Land Rover Defender Last edition

ഒരു വാഹനം തന്നെ നിർമ്മാതാവിന്റെ പേരായി മാറുന്ന നിയോഗം ചുരുക്കം ചില വാഹനങ്ങൾക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യമാണ്. അത്തരത്തിൽ ലോക വാഹന ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിയ ലാൻഡ് റോവർ ഡിഫൻഡർ വിട പറയുകയാണ്. നീണ്ട ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രതാപത്തിന്റെ പ്രതീകവും ബ്രിട്ടീഷ് ജനതയുടെ സാംസ്കാരിക പൈതൃകവുമായി ഏഴു പതിറ്റാണ്ട് നിലകൊണ്ട ശേഷമാണ് ഡിഫൻഡറിന്റെ ഉൽപാദനം ലാൻഡ് റോവർ നിർത്തുന്നത്. ക്രാഷ് ടെസ്റ്റിലും എമിഷൻ ടെസ്റ്റിലും പരാജയപ്പെട്ടതോടെയാണ് ഡിഫൻഡറിന്റെ നിർമാണം കമ്പനി അവസാനിപ്പിക്കുന്നത്.

land-rover-defender-1 Land Rover Prototype Build in 1947

1948 ൽ വിൽപനയാരംഭിച്ച ഡിഫൻഡറിന്റെ 308 മോഡലുകളിലായി 20 ലക്ഷത്തിലേറെ യൂണിറ്റുകൾ വിറ്റഴിഞ്ഞ ഡിഫൻഡർ സീരിസിലെ അവസാന വാഹനം യുകെയിലെ ലോഡ് ലെയ്നിലെ സോലിഹൾ പ്ലാന്റിൽ നിന്നും പുറത്തിറങ്ങും. ഇതോടെ ഡിഫൻഡറിന്റെ ഉൽപാദനം ഔദ്യോഗികമായി കമ്പനി അവസാനിക്കും. 1952 ൽ ബ്രിട്ടീഷ് രാഞ്ജി ഡിഫൻഡർ സ്വന്തമാക്കിയതു മുതൽ എഴുപതു വർഷത്തോളം ബ്രി‌ട്ടീഷ് രാജകുടുംബത്തിന്റെ വാഹനനിരയിൽ ഡിഫൻഡറുണ്ട്. ഇന്നും സ്കോട്ട്ലൻഡ് വസതിയിൽ അവധി ആഘോഷിക്കുമ്പോൾ രാഞ്ജി ഉപയോഗിക്കുന്നത് ഈ വാഹനമാണ്. ലാൻഡ് റോവർ കമ്പനിക്കു ജനപ്രീതിയും പ്രശസ്തിയും നേടിക്കൊടുത്ത വാഹനവും മറ്റൊന്നല്ല.

ഡിഫൻഡറിന്റെ ചരിത്രം

land-rover-defender-7 50th anniversary Defender

1948 ലാണ് റോവർ കമ്പനി ഡിഫൻഡർ പുറത്തിറക്കുന്നത്. ലാൻഡ് റോവർ എന്ന പേരില്‍ തന്നെയായിരുന്നു കമ്പനി ആദ്യം വാഹനത്തെ നിരത്തിലെത്തിച്ചത്. അക്കാലത്തെ ‌റോവറിന്റെ പ്രധാന എൻജിനിയർ മോറിസ് വിൽക്സ് ആണ് ഡിഫൻഡറിന്റെ രൂപകൽപന നിർവഹിക്കുന്നത്. ഒറിജിനൽ ഡിസൈൻ കടൽത്തീരത്തെ പൂഴിമണ്ണിലാണ് മോറിസ് തീർത്തത്. അന്നു റോവർ കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്ന സഹോദരൻ സ്പെൻസറിന്റെ നിർദേശപ്രകാരമായിരുന്നു പൂഴിമണ്ണിലുള്ള ഈ രൂപകൽപന. സൈനികരെയും കർഷകരെയും ഉദ്ദേശിച്ചു പുറത്തിറക്കിയ ഈ വാഹനം ജനപ്രീതിയിൽ മറ്റു റോവർ വാഹനങ്ങളെ കടത്തിവെട്ടി മുന്നേറിയതോടെ റോവർ മോട്ടേഴ്സ് കമ്പനിയുടെ പേരു തന്നെ ലാൻഡ് റോവർ എന്നാക്കി മാറ്റി.

land-rover-defender-4 Australian Army Land Rover

വില്ലീസ് ജീപ്പിന്റെ രൂപത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് വാഹനത്തിന്റെ രൂപകൽപ്പന. ജീപ്പിന്റെ ഒരു മോഡൽ ഡിസൈനർ മോറിസ് വിൽക്സ് തന്റെ വെയ്ൽസിലെ കൃഷിയിടത്തിലുപയോഗിച്ചിരുന്നു. എന്നാൽ യുദ്ധാനന്തരം ബ്രിട്ടനിൽ അത്തരമൊരു വാഹനം പുറത്തിറക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകൾ മറികടക്കേണ്ടിയിരുന്നു. ഉരുക്കിന്റെ അഭാവമായിരുന്നു ഇതിലേറ്റവും പ്രധാനം. ഇതുമൂലം ഭാരം കുറഞ്ഞ അലുമിനിയം ഉപയോഗിച്ചു ബോഡി നിർമിക്കാൻ നിർബന്ധിതമായി. ലോഹത്തിലെ ചളുക്കം ഒഴിവാക്കുന്നതിന് ഇതു കഴിയാതായി.

land-rover-defender Land Rover Defender Last edition

പിന്നീട് കൂടുതൽ കരുത്തുറ്റ എൻജിനും യാത്രാ സൗകര്യങ്ങളും ലാൻഡ് റോവറിലെത്തി. ഡിസ്കവറി, ഫ്രീലാൻഡർ മോഡലുകളുടെ നിർമാണം കമ്പനി തുടങ്ങിയതോടെയാണ് ഡിഫൻഡർ എന്ന പേരു നൽകിയത്. അവസാനം പുറത്തിറങ്ങിയ ലിമിറ്റഡ് എഡിഷൻ ഡിഫൻഡറുകളിൽ റെട്രോ സ്റ്റൈൽ വേർഷനും ഉൾപ്പെടുന്നു. ഹീറ്റഡ് സീറ്റ്സ്, എയർ കണ്ടീഷനിങ്, സി.ഡി. പ്ലെയർ എന്നിവയും ലിമിറ്റഡ് എഡിഷൻ മോഡലിലുണ്ട്.

land-rover-defender-3 Land Rover Defender Pickup

ബ്രിട്ടീഷുകാർക്ക് വിശ്വസ്തതയുടെയും ഈടിന്റെയും പ്രതീകമാണ് ലാൻഡ് റോവർ. മുന്‍കാലങ്ങളിൽ ബ്രിട്ടീഷ് പൊലീസ് ഉപയോഗിച്ചിരുന്ന വാഹനം പിന്നീട് തീരദേശ സുരക്ഷാസേനയും സൈന്യവും ഉപയോഗിക്കാൻ തുടങ്ങി. കാലക്രമേണ രാഷ്ട്രീയക്കാരുടെയും പ്രഭുക്കൻമാരുടെയും താരരാജാക്കൻമാരുടെയും വരെ പ്രിയ വാഹനമായി ലാൻഡ് റോവർ മാറി. ക്രാഷ് ടെസ്റ്റിലും പുകപരിശോധനയിലും പരാജയപ്പെട്ടു നിർമാണം നിർത്തുമ്പോഴും ഇന്നും ലാൻഡ് റോവർ അവരുടെ പ്രിയ വാഹനമായി നിലകൊള്ളുന്നു. ഡിഫൻഡറിനു പകരക്കാരനായി മറ്റൊരു വാഹനം ഉടനെയെത്താൻ സാധ്യതയില്ല. കമ്പനിയുടെ പ്രശസ്തി നിലനിർത്തിയ വാഹനം മാറ്റി പകരം മറ്റൊന്നു കണ്ടെത്തുകയെന്നത് അത്ര അനായാസമല്ലെന്നതാണ് ഇതിനു കാരണം. എന്തായാലും ബ്രിട്ടീഷുകാരുടെ പ്രതീകമായി നിലകൊണ്ട ഡിഫൻഡർ, പുതിയ രൂപവും ഭാവവുമായി പുതിയ പേരിൽ പുനർജനിക്കുമെന്നു തന്നെ ലാൻഡ് റോവർ ആരാധകർ പ്രതീക്ഷിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.