ഒരു റോൾസ് റോയ്സിനും ഇൗ ഗതി വരുത്തരുതേ...

19 കോടിയുടെ തട്ടിപ്പു കേസിൽ പിടിയിലായ നടി ലീന മരിയ പോളിന്റെ ആഡംബര കാറുകൾ ചെന്നൈയിൽ ആർക്കും വേണ്ടാതെ കിടന്ന് നശിക്കുന്നു. റോൾസ് റോയ്സസ് ഫാന്റവും ആസ്റ്റൺ മാർട്ടിനും ഉൾപ്പടെയുള്ള കാറുകളാണ് ദയനീയാവസ്ഥയിൽ കിടന്ന് നശിക്കുന്നത്.

ഇൗ കാറുകൾ ലേലത്തിൽ വിറ്റു കിട്ടുന്ന തുക കൊണ്ട് പണം ഇൗടാക്കാനാണ് ബാങ്കിന്റെ പദ്ധതിയെങ്കിലും ഇൗ അവസ്ഥയിൽ കാറുകൾക്ക് അതിന്റെ പകുതി വില പോലും കിട്ടില്ലെന്നതിൽ സംശയമില്ല. ചില്ലുകൾ തകർന്ന് അകവും പുറവുമെല്ലാം പൊളിഞ്ഞാണ് ആഡംബരക്കാറുകളുടെ കിടപ്പ്.

ലീനയുടെ ഇൗ റോൾസ് റോയ്സ് ഉൾപ്പടെയുള്ള 4 കാറുകൾ ഒരു മ്യുസിക്ക് ആൽബത്തിൽ കാണിച്ചിരുന്നു. ആളുകൾ ഇൗ കാരുകളുടെ മുകളിൽ കയറി നിന്ന് നൃത്തം ചെയ്യുന്നതായിരുന്നു വിഡിയോയിൽ കാണിച്ചിരുന്നത്. നേരത്തെ ഇൗ റോൾസ് റോയ്സ് ഒരു സ്വകാര്യ കമ്പനി തങ്ങളുടെ ഉൽപന്നത്തിന്റെ പ്രചരണാർഥം ഇന്ത്യ മുഴുവൻ ഒാടിച്ചിരുന്നു. ‌

എന്തായാലും ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ റോൾസ് റോയ്സ് ഇതാണെന്നതിൽ സംശയമില്ല. ആരും കൊതിക്കുന്ന കാർ ആർക്കും വേണ്ടാതെ നശിക്കുന്നത് ദയനീയ കാഴ്ച തന്നെ.