വിരമിച്ചാലും ടാറ്റയ്ക്ക് മെസ്സിയെ വേണം

രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കാനുള്ള അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയുടെ തീരുമാനം കമ്പനിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നു വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ടാറ്റ മോട്ടോഴ്സിന്റെ യാത്രാ വാഹന ശ്രേണിയുടെ ആഗോള ബ്രാൻഡ് അംബാസഡറാണു മെസി. അർജന്റീനയുടെ ദേശീയ ഫുട്ബോൾ ടീമിന്റെയും സ്പാനിഷ് ക്ലബ്വായ ബാഴ്ലോനയുടെയും മുന്നേറ്റനിരയിലെ കരുത്തനായ മെസ്സിയെ നായകനാക്കി ‘മെയ്ഡ് ഫോർ ഗ്രേറ്റ്’ എന്ന ഹാഷ് ടാഗിലാണു ടാറ്റ മോട്ടോഴ്സിന്റെ പരസ്യ പ്രചാരണം.

ന്യൂജഴ്സിയിൽ നടന്ന കോപ അമേരിക്ക ശതാബ്ദി ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ പെനൽറ്റി കിക്ക് പാഴാക്കുകയും ചിലെയോടു ഷൂട്ടൗട്ടിൽ തോൽവി ഏറ്റുവാങ്ങുകയും ചെയ്ത പിന്നാലെയായിരുന്നു രാജ്യാന്തര മത്സരങ്ങളിൽ വിട വാങ്ങുന്നതായി മെസി നാടകീയമായി പ്രഖ്യാപിച്ചത്. എന്നാൽ ദേശീയ ടീമിൽ മെസി തുടർന്നാലും ഇല്ലെങ്കിലും താരവുമായുള്ള ബന്ധത്തിൽ മാറ്റമില്ലെന്നാണു ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കിയത്.

കഴിഞ്ഞ നവംബറിലാണ് ഇതാദ്യമായി ആഗോളതലത്തിൽ സ്വീകാര്യതയുള്ള ബ്രാൻഡ് അംബാസഡറെ രംഗത്തിറക്കി ടാറ്റ മോട്ടോഴ്സ് പരസ്യ പ്രചാരണത്തിനു തുടക്കമിട്ടത്. ലോക ഫുട്ബോളർ പട്ടം അഞ്ചു തവണ സ്വന്തമാക്കിയ ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളവും ഏതെങ്കിലും ഇന്ത്യൻ കമ്പനിയുടെ പ്രചാരണ ചുമതല ഏറ്റെടുക്കുന്നതും ആദ്യമായിട്ടായിരുന്നു. തുടക്കത്തിൽ രണ്ടു വർഷത്തേക്കാണു മെസ്സിയും ടാറ്റ മോട്ടോഴ്സുമായുള്ള വിപണന കരാർ; ഇരുകൂട്ടർക്കും സ്വീകാര്യമെങ്കിൽ കരാർ ദീർഘിപ്പിക്കാമെന്നും വ്യവസ്ഥയുണ്ട്.