ഇന്ത്യൻ നിർമിത റെനോ ‘ക്വിഡ്’ മൊസംബിക്കിലേക്കും

ഇന്ത്യയിൽ നിർമിച്ച ചെറുഹാച്ച്ബാക്കായ റെനോ ‘ക്വിഡ്’ ആഫ്രിക്കൻ രാജ്യമായ മൊസംബിക്കിലും വിൽപ്പനയ്ക്കെത്തി. ഈ മാസം ആദ്യമാണു ഫ്രഞ്ച് നിർമാതാക്കളായ റെനോ മൊസംബിക്കിലേക്കുള്ള ‘ക്വിഡ്’ കയറ്റുമതി ആരംഭിച്ചത്. 11,750 മൊസാംബിക് മെറ്റിക്കൽ(ഏകദേശം 12,690 രൂപ) വീതമുള്ള പ്രതിമാസത്തവണ വ്യവസ്ഥയിലാണു മൊസംബിക്കിലെ ‘ക്വിഡ്’ വിൽപ്പന. കൂടാതെ മൂന്നു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയും ഈ വിപണിയിൽ ‘ക്വിഡി’നു റെനോ വാദ്ഗാനം ചെയ്യുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ രണ്ടു വർഷം അഥവാ അര ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയാണു റെനോ ‘ക്വിഡി’ന് നൽകുന്നത്.

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ നിന്നു പ്രചോദിതമായ ‘ക്വിഡി’ന്റെ രൂപകൽപ്പന ഇന്ത്യയ്ക്ക പുറമെ വിവിധ എമേർജിങ് വിപണികളിലും മികച്ച സ്വീകാര്യത കൈവരിച്ചിട്ടുണ്ട്. മൊസാംബിക്കിൽ വിൽപ്പനയ്ക്കെത്തുന്ന ‘ക്വിഡി’നാവട്ടെ ഇന്ത്യൻ വിപണിയിലുള്ള മോഡലിൽ നിന്നു കാര്യമായ വ്യത്യാസവുമില്ല. കാറിനു കരുത്തേകുന്നത് 796 സി സി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാണ്; 5678 ആർ പി എമ്മിൽ 54 ബി എച്ച് പി വരെ കരുത്തും 4386 ആർ പി എമ്മിൽ 72 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഫ്രണ്ട് വീൽ ലേ ഔട്ടുള്ള കാറിൽ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. മൊസാംബിക്കിൽ വിൽപ്പനയ്ക്കുള്ള ‘ക്വിഡി’ന്റെ ‘ഇ വൺ’ വകഭേദത്തിൽ മാനുവൽ സ്റ്റീയറിങ്ങാണ്; ‘ഇ ടു’, ‘ഇ ത്രീ’ എന്നിവയിൽ ഇലക്ട്രിക്കലി അസിസ്റ്റഡ് യൂണിറ്റും. മുന്തിയ വകഭേദത്തിൽ ബോഡി കളേഡ് ബംപർ, ഔട്ടർ റിയർവ്യൂ മിറർ, കറുപ്പ് നിറമുള്ള എ പില്ലർ, ഡോറിലും വീൽ കവറിലുമൊക്കെ കറുപ്പ് ഡികാൽ എന്നിവയെല്ലാം ലഭ്യമാണ്. വലിപ്പത്തിൽ മാറ്റമില്ലാത്ത കാറിന്റെ ബൂട്ടിലെ സംഭരണ ശേഷി 300 ലീറ്റർ ആണ്.

ആഭ്യന്തര വിപണിക്കൊപ്പം വിദേശത്തും ‘ക്വിഡ്’ ജൈത്രയാത്ര ആരംഭിച്ചത് നിർമാതാക്കളായ റെനോ ഇന്ത്യയെ നേരിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്; വിവിധ വിപണികളിൽ നിന്നുള്ള ആവശ്യത്തിനൊത്ത് കാറിന്റെ ഉൽപ്പാദനം ഉയർത്താനാവാത്തതാണു കമ്പനി നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ വർഷം ഇന്ത്യൻ നിരത്തിലെത്തിയ ‘ക്വിഡി’ന്റെ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ടിരുന്നു. മേയിൽ വിൽപ്പന 5,600 യൂണിറ്റായി താഴ്ന്നെങ്കിലും ബുക്കിങ്ങിൽ ഇടിവു നേരിടാത്തതു റെനോയ്ക്കു പ്രതീക്ഷയാവുന്നു. ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ റെനോ — നിസ്സാൻ പ്ലാന്റിൽ നിർമിക്കുന്ന കാറിന്റെ 98% യന്ത്രഘടകങ്ങളും പ്രാദേശികമായി സമാഹരിച്ചവയാണ്. തികച്ചും മത്സരക്ഷമമായ വിലയ്ക്കു ‘ക്വിഡ്’ വിൽക്കാൻ റെനോയെ സഹായിക്കുന്നതും പ്രാദേശികഘടകങ്ങളുടെ ഈ സാന്നിധ്യമാണ്.