വാണിജ്യ വാഹന ശ്രേണി സമഗ്രമാക്കാൻ മഹീന്ദ്ര

അടുത്ത മൂന്നു വർഷത്തിനുള്ളിൽ വാണിജ്യ വാഹന വിഭാഗത്തിൽ സമ്പൂർണ ശ്രേണി പുറത്തിറക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ഒപ്പം നിലവിൽ വാണിജ്യ വാഹന വിഭാഗത്തിൽ പ്രാതിനിധ്യമുള്ള മേഖലകളിൽ സാന്നിധ്യം ശക്തമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. വരുന്ന രണ്ടു വർഷത്തിനകം ഇടത്തരം — ഭാര വാണിജ്യവാഹന വിഭാഗത്തിലെ വിപണി വിഹിതം എട്ടു ശതമാനത്തോളമായി ഉയർത്താനും മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷന്(എം ടി ബി ഡി) പദ്ധതിയുണ്ട്. നിലവിലുള്ള വിപണി വിഹിതം ഇരട്ടിയോളമായി ഉയർത്താനാണ് എം ടി ബി ഡിയുടെ നീക്കം. കൂടാതെ രണ്ടുമൂന്നു വർഷത്തിനകം ആഫ്രിക്കയിലേക്കു ഭാര ട്രക്കുകൾ കയറ്റുമതി ചെയ്യാനും കമ്പനി തയാറെടുക്കുന്നുണ്ട്.

വാണിജ്യ വാഹന വിഭാഗത്തിൽ പൂർണ ശ്രേണിയുടെ നിർമാതാക്കളായി മാറാനാണു പദ്ധതിയെന്ന് എം ടി ബി ഡി മാനേജിങ് ഡയറക്ടർ നളിൻ മേഹ്ത വ്യക്തമാക്കി. നിലവിൽ ഇടത്തരം, ഭാരവാഹന വിഭാഗങ്ങളിൽ കമ്പനിക്കു സാന്നിധ്യമുണ്ട്. അടുത്തതായി എട്ടു മുതൽ 16 ടൺ വരെ ഭാരവാഹക ശേഷിയുള്ള മോഡലുകളാണു കമ്പനി വികസിപ്പിക്കുക. ഒപ്പം നിലവിലുള്ള ലഘുവാണിജ്യവാഹന(എൽ സി വി) ശ്രേണി പരിഷ്കരിക്കാനും പദ്ധതിയുണ്ടെന്നു മേഹ്ത അറിയിച്ചു. ക്രമേണ മൂന്നര മുതൽ 40 ടണ്ണിലേറെ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള വാണിജ്യ വാഹനങ്ങളുടെ സമ്പൂർണ ശ്രേണി അവതരിപ്പിക്കാനാണ് എം ടി ബി ഡിയുടെ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.

രണ്ടു വർഷം മുമ്പ് 2014ൽ തുടക്കമിട്ട വികസന പദ്ധതിക്കായി മൊത്തം 700 കോടിയോളം രൂപയുടെ നിക്ഷേപമാണു കമ്പനി കണക്കാക്കുന്നത്. ഇടത്തരം വാണിജ്യ വാഹന(ഐ സി വി)ങ്ങളും മീഡിയം വാണിജ്യ വാഹന(എം സി വി)ങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം ലഘുവാണിജ്യ വാഹന വിഭാഗം നവീകരിക്കാനും ഭാരവാണിജ്യ വാഹന(എച്ച് സി വി)വിഭാഗത്തിൽ കരുത്താർജിക്കാനുമാണു കമ്പനിയുടെ ശ്രമം. പുത്തൻ മോഡൽ അവതരണങ്ങൾക്കൊപ്പം വിപണന ശൃംഖല വിപുലീകരണം കൂടിയാവുന്നതോടെ വരുംവർഷങ്ങളിൽ വിപണി വിഹിതം ഗണ്യമായി ഉയരുമെന്നാണ് എം ടി ബി ഡിയുടെ പ്രതീക്ഷ.

ഹെവി ഡ്യൂട്ടി ട്രക്ക് വിപണിയിൽ നിലവിൽ നാലു ശതമാനനത്തോളമാണു കമ്പനിയുടെ വിഹിതം; വിൽപ്പനയിൽ ഇപ്പോൾ കൈവരിക്കുന്ന മുന്നേറ്റം തുടർന്നാൽ രണ്ടു വർഷത്തിനകം വിപണി വിഹിതം എട്ടു ശതമാനമായി ഉയരുമെന്നു മേഹ്ത കരുതുന്നു. അതുപോലെ മൂന്നര — ഏഴര ടൺ ഭാരവാഹകശേഷിയുള്ള വിഭാഗത്തിൽ കമ്പനിക്ക് 12% വിപണി വിഹിതമുണ്ട്. ഉൽപന്നശ്രേണി നവീകരിച്ച് ഈ വിഭാഗത്തിലും നേട്ടം കൊയ്യാനാവുമെന്നാണ് എം ടി ബി ഡിയുടെ പ്രതീക്ഷ.