കോംപാക്റ്റ് സെഗ്മെന്റിലേയ്ക്ക് മിനി ബൊലേറോ

Representative Image

ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങളിലൊന്നായ ബൊലേറോയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര എത്തുന്നു. കെയുവി 100, ടിയുവി 300, ന്യൂവോ സ്പോർട്സ് എന്നീ വാഹനങ്ങൾക്ക് ശേഷം മഹീന്ദ്ര ഈ വർഷം നിരത്തിലെത്തിക്കുന്ന നാലാമത്തെ വാഹനമായിരിക്കും മിനി ബൊലേറോ. ഓഗസ്റ്റ് ആദ്യം കമ്പനി ബൊലേറോയുടെ കോംപാക്റ്റ് മോഡലിനെ വിപണിയിലെത്തിക്കും എന്നാണ് കരുതുന്നത്.

നിലവിൽ 4.17 മീറ്റർ നീളമുള്ള ബൊലേറോയുടെ നീളം 4 മീറ്ററിൽ താഴെയാക്കി കോംപാക്റ്റ് സെഗ്‍മെന്റിലും വെന്നിക്കൊടി പാറിക്കാനാണു കമ്പനിയുടെ ശ്രമം. എന്നാൽ വീൽബെയ്സ് കുറയ്ക്കാതെ പിന്നിലും മുൻ ബംബറിലും ചെറിയ മാറ്റങ്ങൾ വരുത്തിയാണ് നീളം കുറച്ചിരിക്കുന്നത്. അകത്ത് കാര്യമായ മാറ്റങ്ങളുണ്ടാകില്ല. ഇന്റീരിയറിൽ സ്ഥലം കൂട്ടുന്നതിനായി റീ ഡിസൈൻ ചെയ്ത സീറ്റുകളായിരിക്കും ഉപയോഗിക്കുക. പഴയ ബൊലേറോയെപ്പോലെ തന്നെ ഏഴ് സീറ്റർ ആയിരിക്കും മിനി ബൊലേറോയും.

2000 സിസിയിൽ കുടൂതലുള്ള വാഹനങ്ങൾക്കു നിയന്ത്രണം വരുന്ന സാഹചര്യത്തിൽ വലിപ്പം കുറഞ്ഞ 1.5 ലിറ്റർ നാല് സിലിണ്ടർ എംഹോക്ക് ഡീസൽ എൻജിനുമായായിരിക്കും ബൊലേറോ എത്തുന്നത്. ടിയുവി, ന്യൂവോ സ്പോർട്ട് തുടങ്ങിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഈ എൻജിന്റെ കരുത്ത് 68 ബിഎച്ച്പി ആയിരിക്കും. 2000 ൽ ചെറു എസ് യു വി എന്ന ലേബലിലാണ് ബൊലേറോ എത്തിയത്. എസ് യു വിയുടെ ലുക്കും വിലക്കുറവുമായിരുന്നു ബൊലേറോയുടെ മുഖമുദ്ര. മഹീന്ദ്ര അർമദയെ അടിസ്ഥാനമാക്കി എത്തിയ ബൊലോറോ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ജനപ്രിയ വാഹനമായി മാറി. കാറിന്റെ യാത്രാസുഖവും അത്ര തന്നെ വിലയുമായി എത്തിയ 7 സീറ്ററിനെ ഇന്ത്യക്കാർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.