യൂറോപ്പിനായി നാലു വാതിലുള്ള ‘ഇ ടു ഒ’ വരുന്നു

യൂറോപ്പിലേക്കുള്ള കയറ്റുമതി സാധ്യത പ്രയോജനപ്പെടുത്താൻ ബാറ്ററിയിൽ ഓടുന്ന ‘ഇ ടു ഒ’യുടെ നാലു വാതിലുള്ള പതിപ്പ് വികസിപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ നീക്കം. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ പവൻ ഗോയങ്കയാണ് നാലു വാതിലുള്ള ‘ഇ ടു ഒ’യുടെ വികസനം സംബന്ധിച്ച സൂചന നൽകിയത്.

അടുത്ത വർഷം ജൂൺ — ജൂലൈയോടെ കാർ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. കാർ അവതരണത്തിനു മുന്നോടിയായി യു കെയിൽ വിതരണ കേന്ദ്രം സ്ഥാപിക്കാനും എം ആൻഡ് എമ്മിനു പദ്ധതിയുണ്ട്. നിലവിൽ നേപ്പാളിലേക്കു മാത്രമാണു മഹീന്ദ്ര രണ്ടു വാതിലുള്ള ‘ഇ ടു ഒ’ കയറ്റുമതി ചെയ്യുന്നത്.

കേന്ദ്ര സർക്കാർ നടപ്പാക്കിയ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്(ഫെയിം) പദ്ധതി വ്യവസായത്തിനു ഗുണകരമായിട്ടുണ്ടെന്നു ഗോയങ്ക അഭിപ്രായപ്പെട്ടു. ‘ഫെയിം’ നിലവിൽ വന്നതോടെ വൈദ്യുത വാഹന വിൽപ്പന ഇരട്ടിയായി ഉയർന്നു. എങ്കിലും ഈ വിഷയത്തിൽ സംസ്ഥാന സർക്കാരുകൾ കൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ ബാറ്ററിയിൽ ഓടുന്ന കാറുകൾക്ക് കൂടുതൽ സ്വീകാര്യത നേടാനാവൂ എന്നും അദ്ദേഹം വിലയിരുത്തി.

വൈദ്യുത കാറുകൾ വാടകയ്ക്കു നൽകാനൊരുങ്ങി ബെംഗളൂരു ആസ്ഥാനമായ ലിതിയം എന്ന കമ്പനി രംഗത്തെത്തിയിട്ടുണ്ട്. കമ്പനി ഇതുവരെ 50 കാറുകൾ മഹീന്ദ്രയിൽ നിന്നു വാങ്ങിയെന്നും 50 എണ്ണത്തിനു കൂടി ഓർഡർ നൽകിയെന്നും ഗോയങ്ക അറിയിച്ചു. ന്യൂഡൽഹിയിലും പുണെയിലും സമാന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു കാർ വിൽക്കാൻ മഹീന്ദ്ര ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.