വൈദ്യുത വാഹനങ്ങൾ വ്യാപകമാക്കാൻ മഹീന്ദ്ര രേവ

Reva

വാഹന വിപണിയിയിലെ എല്ലാ ശ്രേണിയിലും ബാറ്ററിയിൽ ഓടുന്ന വകഭേദങ്ങൾ അവതരിപ്പിക്കാൻ മഹീന്ദ്ര രേവ ഇലക്ട്രിക് വെഹിക്കിൾസിനു പദ്ധതി. വ്യക്തിഗത ഉപയോഗത്തിനുള്ള വാഹനങ്ങൾക്കു പുറമെ ഫ്ളീറ്റ്, ചരക്കു നീക്ക മേഖലകളിലും വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. സാങ്കേതികവിദ്യ വിഭാഗത്തിലെ മുന്നേറ്റമാണു വൈദ്യുത വാഹനങ്ങളുടെ വ്യാപക ഉപയോഗം സാധ്യമാക്കുന്നതെന്നും മഹീന്ദ്ര രേവ ഇലക്ട്രിക് വെഹിക്കിൾസ് ചീഫ എക്സിക്യൂട്ടീവ് ഓഫിസർ മഹേഷ് ബാബു വിശദീകരിച്ചു.

ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന ഹാച്ച്ബാക്കായ ‘ഇടുഒ പ്ലസ്’ മഹീന്ദ്ര രേവ ചെന്നൈയിലും വിൽപ്പനയ്ക്കെത്തിച്ചു. ഒറ്റത്തവണ ചാർജ് ചെയ്താൽ 140 കിലോമീറ്റർ വരെ ഓടാൻ കഴിവുള്ള കാറിന് മണിക്കൂറിൽ 85 കിലോമീറ്ററാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. സാധാരണ കാറുകൾ ഓരോ കിലോമീറ്റർ ഓടാനും നാലു മുതൽ ആറു രൂപ വരെ ചെലവ് വരുമ്പോൾ ‘ഇടുഒ പ്ലസി’ന്റെ പ്രവർത്തന ചെലവ് കിലോമീറ്ററിന് 70 പൈസ മാത്രമാണെന്നാണു മഹീന്ദ്ര രേവയുടെ വാദം.

വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ‘ഫെയിം ഇന്ത്യ’ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിനു ശേഷം 7.70 ലക്ഷം മുതൽ 11.71 ലക്ഷം രൂപ വരെയാണ് ‘ഇടുഒ പ്ലസി’ന്റെ വിവിധ വകഭേദങ്ങളുടെ വില. കാറിലെ ആധുനിക ലിത്തിയം അയോൺ ബാറ്ററിക്ക് അഞ്ചു വർഷത്തെ ആയുസ്സാണ് മഹീന്ദ്ര രേവ പ്രവചിക്കുന്നത്. കൂടാതെ ‘ഇടുഒ പ്ലസി’ന് മൂന്നു വർഷം അഥവാ 60,000 കിലോമീറ്റർ നീളുന്ന വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.