ഫ്ളീറ്റ് മാനേജ്മെന്റിനു ‘ഡിജിസെൻസു’മായി മഹീന്ദ്ര

വാണിജ്യ വാഹനങ്ങൾക്കും ട്രാക്ടറുകൾക്കും നിർമാണോപകരണങ്ങൾക്കുമുള്ള ഫ്ളീറ്റ് മാനേജ്മെന്റിനു തുടക്കമിട്ടു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഡിജിറ്റൽ ടെക്നോളജി പ്ലാറ്റ്ഫോമായ ‘ഡിജിസെൻസ്’ അവതരിപ്പിച്ചു. ടെക് മഹീന്ദ്രയുടെയും ബോഷിന്റെയും വൊഡാഫോണിന്റെയും പങ്കാളിത്തത്തോടെയാണു മഹീന്ദ്ര ‘ഡിജിസെൻസ്’ യാഥാർഥ്യമാക്കിയത്. മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹനങ്ങളെ തത്സമയം ട്രാക്ക് ചെയ്യാനുള്ള സംവിധാനമാണു ‘ഡിജിസെൻസ്’ വാഗ്ദാനം ചെയ്യുന്നത്. ഇന്ധന ഉപയോഗം, ഡ്രൈവറുടെ പ്രകടനം, മോഷണം തുടങ്ങിയവയും ഈ ആപ്ലിക്കേഷൻ വഴി നിരീക്ഷിക്കാനാവും. ഉടമയുടെ അനുമതിയില്ലാതെ ട്രാക്ടറുകൾ പരിധി വിട്ടു പോകുന്നതു നിയന്ത്രിക്കാൻ സഹായിക്കുന്ന ‘വെർച്വൽ ജിയോ ഫെൻസിങ്’ സൗകര്യവും ആപ്ലിക്കേഷനിലുണ്ട്.

തുടക്കത്തിൽ ചെറു വാണിജ്യ വാഹനങ്ങളായ ‘ജീത്തൊ’, ‘ഇംപീരിയൊ’ എന്നിവയിലും ട്രാക്ടറായ ‘അർജുൻ നോവൊ’, ഭാര വാണിജ്യ വാഹനമായ ‘ബ്ലേസൊ’, നിർമാണോപകരണമായ ‘എർത്ത് മാസ്റ്റർ’ എന്നിവയിലാണു മഹീന്ദ്ര ‘ഡിജിസെൻസ്’ ലഭ്യമാക്കുക. ഈ മോഡലുകളുടെ മുന്തിയ വകഭേദങ്ങളിൽ മാത്രമാവും തുടക്കത്തിൽ ‘ഡിജിസെൻസ്’ ഉണ്ടാവുക. ‘ഡിജിസെൻസ്’ സൗകര്യത്തിനായി വിവിധ മോഡലുകൾക്ക് 5,000 മുതൽ 10,000 രൂപ വരെ അധിക ചെലവ് വരുമെനു മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക അറിയിച്ചു.

എങ്കിലും ക്രമേണ കമ്പനിയുടെ എല്ലാ വാഹനങ്ങളിലും ഈ സൗകര്യം ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആദ്യ വർഷത്തിനു ശേഷം ‘ഡിജിസെൻസ്’ നിലനിർത്താൻ വാഹന ഉടമകൾ പ്രത്യേക വരിസംഖ്യയും നൽകേണ്ടി വരുമെന്നു ഗോയങ്ക അറിയിച്ചു. എങ്കിലും സമീപഭാവിയിൽ ‘ഡിജിസെൻസി’നെ വരുമാനമാർഗമാക്കി മാറ്റാൻ കമ്പനി ആലോചിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.