മഹീന്ദ്രയുടെ ‘മോജോ’ വിലയിൽ വർധന

കഴിഞ്ഞ മാസം വിപണിയിലെത്തിയ ‘മോജോ’യുടെ വില വർധിപ്പിക്കാൻ മഹീന്ദ്ര ടു വീലേഴ്സ് തീരുമാനിച്ചു. ഉത്സവകാല വിൽപ്പന അവസാനിച്ച സാഹചര്യത്തിൽ ബൈക്കിന്റെ വിലയിൽ അയ്യായിരത്തോളം രൂപയുടെ വർധനയാണു പ്രാബല്യത്തിലെത്തുന്നത്. അഡ്വാൻസ്ഡ് ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ, ഇറിഡിയം സ്പാർക്ക് പ്ലഗ്, റെസൊണേറ്റർ ഫിറ്റഡ് ഇൻടേക്ക് സിസ്റ്റം, ഇരട്ട എക്സോസ്റ്റ് എന്നിവയ്ക്കൊപ്പം 300 സി സി എൻജിനുമായി എത്തിയ ബൈക്കിനു മഹീന്ദ്ര പ്രഖ്യാപിച്ച പ്രാരംഭ വില 1.58 ലക്ഷം രൂപയായിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ച വർധനയോടെ 1.63 ലക്ഷം രൂപയാണു ‘മോജൊ’യുടെ ഡൽഹി, ബെംഗളൂരു ഷോറൂം വില. മുംബൈയിലെയും പുണെയിലെയും ഷോറൂം വില 1.65 ലക്ഷം രൂപയായും ഉയർന്നു.

അവതരണ വേളയിൽ തന്നെ 100 ‘മോജോ’ ബൈക്കിനുള്ള ബുക്കിങ് ലഭിച്ചെന്നായിരുന്നു മഹീന്ദ്രയുടെ അവകാശവാദം. പ്രാരംഭ വിലയ്ക്കൊപ്പം രണ്ടു വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് പാക്കേജും മൂന്നു വർഷം നീളുന്ന എക്സ്റ്റൻഡഡ് വാറന്റിയും ‘മോജോ’യ്ക്കു മഹീന്ദ്ര വാഗ്ദാനം ചെയ്തിരുന്നു. ആശയമെന്ന നിലയിൽ2012ൽ പ്രദർശിപ്പിച്ച ബൈക്കിൽ നിന്ന് കാര്യമായ മാറ്റങ്ങളോടെയാണു ‘മോജൊ 300’ വിൽപ്പനയ്ക്കെത്തിയത്. ബൈക്കിനെ ഫ്രാൻസിൽ പ്യുഷൊ ആസ്ഥാനത്തേക്ക് അയച്ചതോടെയാണു പരിഷ്കാരങ്ങൾക്കു വഴി തെളിഞ്ഞത്. ഫ്രഞ്ച് എൻജിനീയർമാരിൽ നിന്നുള്ള നിർദേശങ്ങൾ കൂടി പരിഗണിച്ചതാണത്രെ നിലവിലുള്ള ‘മോജൊ’യുടെ രൂപകൽപ്പന.

റേഡിയൽ ബ്രേക്ക്, യു എസ് ഡി ഫോർക്ക്, പിരെലി സ്പോർട് ഡിമൺ ടയർ എന്നിവയോടെയെത്തുന്ന ബൈക്കിനു കരുത്തേകുന്നത് 295 സി സി, ലിക്വിഡ് കൂൾഡ്, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എൻജിനാണ്. 8000 ആർ പി എമ്മിൽ പരമാവധി 27 ബി എച്ച് പി കരുത്തും 6000 ആർ പി എമ്മിൽ 30 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനു കൂട്ടാകുന്നത് ആറു സ്പീഡ് ട്രാൻസ്മിഷനാണ്. എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, ബോഡിയുടെ നിറത്തിലുള്ള സംപ് ഗാഡ്, ഇരട്ട വർണ സീറ്റ്, എൽ ഇ ഡി ടെയിൽ ലാംപ്, എൽ ഇ ഡിയുടെ പകിട്ടോടെ ലാപ് ടൈമർ സഹിതമുള്ള സംയോജിത ഇൻസ്ട്രമെന്റ് കൺസോൾ, വൈ സ്പോക്ക്, 17 ഇഞ്ച് കറുപ്പ് അലോയ് വീൽ എന്നിവയൊക്കെയുള്ള ‘മോജോ’ ഗ്ലേഷ്യൽ വൈറ്റ്, വൊൾക്കാനോ റെഡ്, ചാർക്കോൾ ബ്ലാക്ക് നിറങ്ങളിലാണു വിൽപ്പനയ്ക്കുള്ളത്. ‘കെ ടി എം 200 ഡ്യൂക്ക്’, ഹോണ്ട ‘സി ബി ആർ 250 ആർ’, ബജാജ് ‘പൾസർ എ എസ് 200’ എന്നിവയോടാണു ‘മോജൊ’യുടെ പോരാട്ടം.