മഹീന്ദ്ര ‘മോജോ’ അവതരണം ഈ മാസം

ഇരുചക്രവാഹന നിർമാതാക്കളായ മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡിൽ നിന്നുള്ള പുതിയ ബൈക്കായ ‘മോജോ’ ഈ മാസം പുറത്തിറങ്ങുമെന്ന് ഉറപ്പായി. നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ‘മോജോ’ അനാവരണം ചെയ്യുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ പവൻ ഗോയങ്കയാണു പ്രഖ്യാപിച്ചത്. 300 സി സി എൻജിനുള്ള ‘മോജോ’യുമായി പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ വിഭാഗത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണു മഹീന്ദ്രയുടെ പദ്ധതി.

ബൈക്കിലെ 296 സി സി, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിന് പരമാവധി 27 ബി എച്ച് പി കരുത്തും 25 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡാണു ബൈക്കിലെ ട്രാൻസ്മിഷൻ. എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, പുത്തൻ ഇന്ധന ടാങ്ക്, അപ്സൈഡ് ഡൗൺ ഫോർക്ക്, ഇരട്ട മഫ്ളർ, പിരെലി സ്പോർട് ഡെമൺ ടയർ, വൈ സ്പോക്ക് ബ്ലാക്ക് അലോയ് വീൽ, എൽ ഇ ഡി ടെയിൽ ലാംപ് എന്നിവയും ബൈക്കിൽ മഹീന്ദ്ര ലഭ്യമാക്കുമെന്നാണു സൂചന.

ഇന്ത്യയിൽ ഹോണ്ട ‘സി ബി ആർ 250 ആർ’, ‘300 ആർ’, കാവസാക്കി ‘നിൻജ’, കെ ടി എം ‘ഡ്യൂക്ക്’ തുടങ്ങിയയോടാവും ‘മോജോ’യുടെ പോരാട്ടം. മികച്ച തുടക്കം ലക്ഷ്യമിട്ട് 2.25 ലക്ഷം രൂപ വിലയ്ക്കാവും മഹീന്ദ്ര ‘മോജോ’യെ പടയ്ക്കിറക്കുകയെന്നാണ് അഭ്യൂഹം. ഇതുവഴി തുടക്കത്തിൽ തന്നെ മികച്ച വിൽപ്പന സ്വന്തമാക്കാനും വിപണി വിഹിതം കൈവരിക്കാനും കഴിയുമെന്നാണു വിലയിരുത്തൽ. അതേസമയം വൻതോതിലുള്ള വിൽപ്പനയ്ക്കല്ല ‘മോജോ’ എത്തുന്നതെന്നു പവൻ ഗോയങ്ക വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് ഉൽപന്നശ്രേണിക്കു കൂടുതൽ മൂല്യം പ്രദാനം ചെയ്യുകയാണ് ‘മോജോ’യുടെ ലക്ഷ്യം. വൈകാതെ ബൈക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്നും ഗോയങ്ക വാഗ്ദാനം ചെയ്യുന്നു.

‘മോജോ’യുടെ അവതരണത്തിനു മുന്നോടിയായി നീണ്ട നാളായി തുടരുന്ന പരീക്ഷണ — നിരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണ്. നിലവിൽ 110 സി സി സ്കൂട്ടറായ ‘ഗസ്റ്റോ’യും കമ്യൂട്ടർ ബൈക്കായ ‘സെഞ്ചൂറൊ’യുമാണു മഹീന്ദ്ര ടു വീലേഴ്സ് ശ്രേണിയിൽ മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്നത്.